കൊച്ചി: മാസങ്ങളായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ടുകള്‍ എത്രയും പെട്ടെന്ന് നല്‍കണമെന്നും ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സഹായം നല്കാന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച് പ്രൊജക്റ്റ് തയാറാക്കി സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 26നും 30നും കേന്ദ്രഫിഷറീസ് ജോയിന്റ് സെക്രട്ടറി കേരള സര്‍ക്കാരിന് കത്തുകള്‍ നല്കി. ഇതുവരെ പ്രൊജക്റ്റ് കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടില്ല. മറ്റു തീരദേശ സംസ്ഥാനങ്ങള്‍ പ്രൊജക്റ്റുകള്‍ സമര്‍പ്പിച്ചുകഴിഞ്ഞു. കൊറോണ വൈറസ് എത്തിയതോടെ ഏറെ ദുരിതത്തിലാണ് മത്സ്യത്തൊഴിലാളി സമൂഹം. മറ്റ് എല്ലാ മേഖലയിലെയും തൊഴിലാളികള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രളയകാലത്ത് കേരളത്തിന്റെ സ്വന്തം സൈന്യം എന്ന് വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു പൈസ പോലും വകയിരുത്താത്തില് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട അഞ്ചുമാസത്തെ പെന്ഷന് കുടിശികയും തണല്‍ പദ്ധതിയിലെ സഹായവും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്നും ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡും മത്സ്യഫെഡും അനങ്ങാപ്പാറയായി നില്ക്കുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്താമെന്ന് ഫിഷറീസ് മന്ത്രി പ്രഖ്യാപിച്ചു. ലോക്ഡൗണും വിവിധ ജില്ലകളില്‍ ഭരണാധികാരികള്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയും നിലനില്ക്കുമ്പോള് എങ്ങിനെയാണ് മത്സ്യബന്ധനം നടത്താന്‍ കഴിയുക? മാത്രമല്ല പിടിച്ചുകൊണ്ടുവരുന്ന മത്സ്യം ലേലം ചെയ്യാനോ വിതരണം ചെയ്യാനോ ഇന്നത്തെ സാഹചര്യത്തില്‍ കഴിയുകയുമില്ല. ഇതില്‍ ഫിഷറീസ് വകുപ്പ് മന്ത്രി നയം വ്യക്തമാക്കണം.
മത്സ്യത്തൊഴിലാളികളുടെദുര വസ്ഥയ്ക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി, കേന്ദ്ര ഫിഷറീസ് മന്ത്രി, മുഖ്യമന്ത്രി, ഫിഷറീസ് മന്ത്രി എന്നിവര്‍ക്ക് നിവേദനങ്ങള്‍ അയച്ചിട്ടുണ്ടെന്നും ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമിതി പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: