അശ്വതി ബാബു
ലോക്ഡൗണല്ലേ എന്നാല്‍ അമ്മയെ സഹായിക്കാം എന്ന് കരുതി അടുക്കളയില്‍ കയറുന്ന ഭൂരിഭാഗം ന്യൂജെന്‍ ടീമുകളുടേയും അവസ്ഥ തുറന്ന് കാട്ടിയ വീഡിയോയിലുടെ വൈറല്‍ ആണിപ്പോള്‍ കാര്‍ത്തിക് ശങ്കര്‍. കാര്‍ത്തിക്കിന്റെ ‘അമ്മയെ സഹായിക്കാന്‍ പോയതാ പണിപാളി’ എന്ന വീഡിയോ അഞ്ച് ദിവസം മുന്‍പാണ് റീലിസ് ചെയ്തത്. കാര്‍ത്തിക്കും അമ്മയും വല്യച്ഛനും അഭിനയിച്ച നാല് മിനിട്ട് 31 സെക്കന്‍ഡ് വീഡിയോ ഇതിനോടകം കണ്ടത് ഏഴ് ലക്ഷത്തിലേറെ ആളുകള്‍. തമിഴ്നാട്ടില്‍ നിന്നടക്കം ആളുകള്‍ വിളിച്ച് കാര്‍ത്തിക്കിനെ അഭിനന്ദിക്കുകയും ചെയ്തു. കൊറോണക്കാലവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് വീഡിയോകളാണ് കാര്‍ത്തിക് ചെയ്തത്. അതെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കൂട്ടുകാരെല്ലാം അമ്മയെ സഹായിക്കുന്നത് അറിഞ്ഞാണ് അടുക്കളയില്‍ ചെന്നത്. പയര്‍ അരിയാന്‍ നിര്‍ദേശം. അമ്മയുടെ ടാലന്റിനെ മനസില്‍ നമിച്ച് വന്‍പയര്‍ കഷണങ്ങളായി അരിഞ്ഞു തുടങ്ങി. അമ്മ വീണ്ടും ഞെട്ടി. മെഴുക്കുവരട്ടിക്ക് പാകത്തിന് അരിയാന്‍ പറഞ്ഞ് അച്ചിങ്ങ പയര്‍ നല്കുന്നു. വീടിനെയാകെ ഞെട്ടിച്ച് ആഞ്ഞു വെട്ടിയാണ് പയര്‍ രണ്ടു തുണ്ടമാക്കിയത്. ചുള കളഞ്ഞ് ചക്കക്കുരു ഒരുക്കാനുള്ള മൂന്നാമത്തെ ദൗത്യം അക്ഷരംപ്രതി അനുസരിച്ചപ്പോള്‍ അമ്പരന്നു നില്ക്കുന്നു അമ്മയും വല്യച്ഛനും. ചുളയെല്ലാം മുറ്റത്തേക്ക് വലിച്ചെറിഞ്ഞാണ് കുരു പാത്രത്തിലിടുന്നത്. പഴം വാങ്ങാന്‍ കടയിലേക്ക് പറഞ്ഞയയ്ക്കുമ്പോള്‍ വഴിയില്‍ പോലീസുകാരുടെ ചൂരല്‍ പ്രയോഗം കിട്ടട്ടെ എന്ന അമ്മയുടെ സൂപ്പര്‍ ഡയലോഗിലാണ് വീഡിയോ അവസാനിക്കുന്നത്.
ഷോര്‍ട്ട് ഫിലിമുകളുടെ രാജകുമാരന് എന്നറിയപ്പെടുന്ന കാര്‍ത്തിക് 2012ലാണ് ആദ്യ വീഡിയോ ചെയ്തത്. യുട്യുബില്‍ നാല് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. സൗണ്ട് എഞ്ചിനീയര്‍ കൂടിയായ കാര്‍ത്തിക് സംവിധായകന് രാജസേനന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് സിനിമ പ്രോജക്ടുകളാണ് ഇപ്പോഴുള്ളത്. നായകനായ സിനിമയുടെ പൂജ കഴിഞ്ഞു. സംവിധാനം ചെയ്യുന്ന സിനിമ ഈ വര്‍ഷം അവസാനത്തോടെ തുടങ്ങും. ലോക്ഡൗണിന് ശേഷമുള്ള വര്‍ക്കുകളുടെ ആലോചനയിലാണിപ്പോള്‍. ബാക്കി സമയങ്ങളില്‍ പാട്ടും കേള്‍ക്കും. ലോക്ഡൗണും അവസരമാണ് എന്ന് പറയുകയാണ് ‘അമ്മയെ സഹായിക്കാന്‍ പോയതാ പണി പളി’ എന്ന വീഡിയോയിലൂടെ കാര്‍ത്തിക്.
വാട്സാപ്പിലും ഫേസ്ബുക്കിലും മാത്രമൊതുങ്ങി, വീട്ടു പണിയൊന്നും ശീലമില്ലാത്തവര്‍ പെട്ടെന്നൊരു ദിവസം അമ്മയെ സഹായിക്കാനിറങ്ങിയാല്‍ എങ്ങനെയിരിക്കും എന്ന് പുതുമയുള്ള രീതിയില്‍ അവതരിപ്പിക്കുകയാണ് കാര്‍ത്തിക്. വീഡിയോയിലെ ഹീറോ കാര്‍ത്തിക് തന്നെ. പത്തനംതിട്ടയിലെ വീട്ടിലിരുന്ന് അമ്മ കലാദേവിയും വല്യച്ഛന് എം.എസ്. രാജയും ഒപ്പം അഭിനയിച്ചു. ക്യാമറയില്‍ പകര്‍ത്തിയത് അച്ഛന് ജയന്. ‘അമ്മയെ സഹായിക്കാന്‍ പോയതാ പണിപാളി’ യുടെ ക്ലൈമാക്സില്‍ അമ്മ പറഞ്ഞുവിട്ട മോന് പോലീസിന്റെ മുന്നില്പ്പെട്ടോ? ചൂരലിന് അടി വാങ്ങിയോ? കാത്തിരിക്കുക, കാര്‍ത്തിക്കിന്റെ അടുത്ത വീഡിയോക്കായി…
പ്രതികരിക്കാൻ ഇവിടെ എഴുതുക: