ന്യൂദല്‍ഹി: മരുന്നുല്പാദനത്തിന് ആവശ്യമായ സജീവ മരുന്ന് ഘടകങ്ങളുടെ ലഭ്യതയ്ക്ക് ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കണമെന്നും ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കണമെന്നും വ്യക്തമാക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ റിപ്പോര്‍ട്ടിന് പ്രസക്തിയേറുന്നു.
ചൈനയെ ആശ്രയിക്കുന്നത് ദേശസുരക്ഷയ്ക്കു തന്നെ അപകടമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രാലയം വിദഗ്ധ സമിതി രൂപീകരിച്ച് നടപടികള്‍ സജീവമാക്കിയിരുന്നു. മരുന്നു നിര്‍മാണത്തിന് ആവശ്യമുള്ള 90 ശതമാനം സജീവ മരുന്നു ഘടകങ്ങളും(എപിഐ) ഇന്ത്യ ചൈനയില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ കാലത്താണ് ഡോവലിന്റെ 2014ലെ റിപ്പോര്‍ട്ടിന് പ്രസക്തിയേറുന്നത്.
പ്രതിസന്ധി മുന്നില്‍ കണ്ട് ആവശ്യത്തിന് എപിഐ ലഭ്യമാക്കാനുള്ള നടപടികള്‍ 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് ജോയിന്റ് ഡ്രഗ്സ് കണ്ട്രോളര് ഈശ്വര റെഡ്ഡിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചു. രാജ്യത്തെ എപിഐ വ്യവസായം പുനരുജ്ജീവിപ്പിക്കാനുള്ള പാക്കേജും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.
മലിനീകരണ തോത് കുറച്ച് എപിഐ നിര്‍മിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുകയാണു വേണ്ടതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡീസ് ഇന്‍ ഇന്‍ഡസ്ട്രീയല്‍ ഡെവലപ്മെന്റിലെ അസോഷ്യേറ്റ് പ്രഫ. റെജി കെ. ജോസഫ് പറയുന്നു. ചൈനയേക്കാള്‍ കുറഞ്ഞ നിരക്കില്‍ അസംസ്കൃത വസ്തുക്കളും ലഭ്യമാക്കണം. ഫെര്മന്റേഷന് കോളിഫ്ളവര്‍ ഉള്‍പ്പെടെ ചെലവു കുറഞ്ഞ രീതികള്‍ ചൈന ഉപയോഗിക്കുമ്പോള്‍ ബയോ റിയാക്ടറുകള്‍ ഉള്‍പ്പെടെ ആവശ്യമുള്ള ചെലവേറിയ ഫെര്മന്റേഷന് സംവിധാനമാണ് ഇന്ത്യന്‍ കമ്പനികള്‍ ഉപയോഗിക്കുന്നത്. ഗ്ലൂക്കോസും ലാക്ടോസുമാണ് ഇന്ത്യ അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കുന്നത്. ഇതിലും ചെലവു കുറഞ്ഞ ഉല്പന്നങ്ങള് ഉപയോഗിച്ചാണു ചൈന എപിഐ നിര്‍മിക്കുന്നതെന്നും റെജി കെ. ജോസഫ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: