കോട്ടയം: എവിടെ നോക്കിയാലും കൊറോണ മാത്രം. പത്രങ്ങളില്‍, ചാനലുകളില്‍, റേഡിയോയില്‍, ഫേസ്ബുക്കില്‍, വീടുകളിലെ ചര്‍ച്ചകളില്‍, ഉറക്കത്തില്‍ പോലും പേടിസ്വപ്‌നമായി കൊറോണ.
ഈ പത്രങ്ങളൊക്കെ കുറച്ചുദിവസം കഴിഞ്ഞ് നമ്മള്‍ പലചരക്ക് കടയില്‍ കൊടുക്കില്ലേ.. അപ്പോള്‍ ഈ വാര്‍ത്തകള്‍ ഒക്കെ ഒന്നു വായിക്കണമെങ്കില്‍ എന്തു ചെയ്യും. ശ്രീലക്ഷ്മിയുടെ ചോദ്യം കേട്ടപ്പോള്‍ അച്ഛന്‍ സുരേഷിനും തോന്നി, ശരിയാണല്ലോ, പത്രത്തിലെ വാര്‍ത്തകള്‍ മുറിച്ചെടുത്ത് സൂക്ഷിച്ചാലോ. കൊറോണ വാര്‍ത്തകളെല്ലാമെടുത്ത് വലിയ ബുക്കില്‍ ഒട്ടിച്ചുവയ്‌ക്ക് മക്കളേ, സുരേഷിന്റെ മറുപടി.
പിന്നെ സമയം കളഞ്ഞില്ല, കളിയൊക്കെ നിര്‍ത്തി പഴയപത്രങ്ങള്‍ എടുത്തു കൊണ്ടുവന്നു. സുരേഷ് പത്ര ഏജന്റാണ്. അതിനാല്‍ എല്ലാ പത്രങ്ങളുമുണ്ട് വീട്ടില്‍. കുട്ടികളെല്ലാം ഒന്നിച്ചു, കൊറോണ സംബന്ധിച്ച വാര്‍ത്തകള്‍ രാജ്യം തിരിച്ച് മുറിച്ച് ഒട്ടിച്ചു തുടങ്ങി. ഒപ്പം പേജുകളില്‍ കുറിപ്പുകള്‍, സ്‌കെച്ച് പെന്‍ കൊണ്ട് ചിത്രങ്ങള്‍. അങ്ങനെ രൂപംകൊണ്ടു കൊറോണ ആല്‍ബം. കൊറോണയെക്കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടു മുതല്‍ വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകളെല്ലാം ആല്‍ബത്തിലുണ്ട്. (കുറേക്കഴിഞ്ഞ് ഈ ആല്‍ബമെടുത്ത് നോക്കിയാല്‍ അന്ന് നമുക്ക് കാണാം കൊറോണ തകര്‍ത്തെറിഞ്ഞ ലോകത്തിന്റെ നേര്‍ക്കാഴ്ച) ചങ്ങനാശ്ശേരി കറുകച്ചാല്‍ ചമ്പക്കര ഉള്ളാട്ട് സുരേഷ് ഭവനില്‍ സുരേഷിന്റെയും മല്ലികയുടെയും മക്കളായ ശ്രീലക്ഷ്മിയും, ശ്രീഹരിയും, സുരേഷിന്റെ സഹോദരി സുഷമയുടെയും ഗോപാലകൃഷ്ണന്റെയും മക്കളായ അതുല്‍ കൃഷ്ണയും അദൈ്വത് കൃഷ്ണയും ചേര്‍ന്നാണ് ആല്‍ബം തയാറാക്കുന്നത്. ഇവരെ വീടിനുള്ളില്‍ പിടിച്ചിരുത്തുക, വലിയ ബുദ്ധിമുട്ടായിരുന്നു. അതിനും ഒരു പരിഹാരമായി. സുരേഷ് ജന്മഭൂമിയോട് പറഞ്ഞു.
ശ്രീലക്ഷ്മി കറുകച്ചാല്‍ എന്‍എസ്എസ് ഹൈസ്‌കൂളില്‍ പത്താം ക്ലാസിലും, ശ്രീഹരി പാമ്പാടി ശ്രീഭദ്ര പബ്ലിക് സ്‌കൂളില്‍ ആറാം ക്ലാസിലും, അതുല്‍ കൃഷ്ണ കറുകച്ചാല്‍ എന്‍എസ്എസ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസിലും അദൈ്വത് കൃഷ്ണ ശ്രീഭദ്ര പബ്ലിക് സ്‌കൂളില്‍ മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്.
പത്രക്കെട്ടുകള്‍ പൊതിയാന്‍ ഉപയോഗിക്കുന്ന കട്ടിപേപ്പറുകളാണ് ബുക്ക് രൂപത്തിലാക്കിയത്. ഓരോ വാര്‍ത്ത ഒട്ടിക്കുമ്പോഴും അതിന് അനുയോജ്യമായ ചിത്രങ്ങളും ആല്‍ബങ്ങളില്‍ വരയ്‌ക്കും. വാര്‍ത്തകള്‍ക്കൊപ്പം ചിത്രങ്ങള്‍ വരയ്‌ക്കുന്നതിനാല്‍ ആല്‍ബമുണ്ടാക്കാന്‍ സമയം എടുക്കുന്നുണ്ടെന്ന് അതുല്‍ കൃഷ്ണ പറഞ്ഞു. വൈറസിന് എതിരെ സ്വീകരിക്കേണ്ട മുന്‍കരുതല്‍ വിശദീകരിക്കുന്ന ചിത്രങ്ങളും ആല്‍ബത്തില്‍ പ്രത്യേകം വരച്ചിട്ടുണ്ട്. ഈ മഹാമാരി എന്താണെന്ന് പിന്നീട് വായിച്ച് മനസിലാക്കുന്നതിന് വേണ്ടിയാണ് വാര്‍ത്തകള്‍ ആല്‍ബമായി സൂക്ഷിക്കുന്നതെന്ന് കുട്ടികള്‍ പറഞ്ഞു. മുപ്പതോളം ഷീറ്റുകളില്‍ ഇതിനോടകം വാര്‍ത്തകള്‍ ഒട്ടിച്ച് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: