കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി ചൂണ്ടി കാട്ടി ശമ്പള പരിഷ്കരണ കമ്മീഷനെ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. സാലറി ചലഞ്ചിന് പിന്നാലെയാണിതെന്നത് സര്‍ക്കാര്‍ ജീവനക്കാരെ ആശങ്കയിലാക്കും. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്കരിക്കുന്നതിനുള്ള പതിനൊന്നാം ശമ്പള കമ്മീഷന്റെ റിപ്പോര്‍ട്ട് പൊതു ജന അഭിപ്രായം സമാഹരിക്കുന്നതിലേക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ഇതിനിടെയാണ് കൊറോണ വൈറസ് സംസ്ഥാനത്ത് വ്യാപിക്കുകയും സമ്പൂര്‍ണ ലോക്ഡൗണിലേക്ക് കടക്കുകയും ചെയ്തത്.
അഞ്ചുവര്‍ഷത്തിലൊരിക്കലാണ് ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നത്. ജീവനക്കാരുടെ ശമ്പളത്തില്‍ ഇടപെടല്‍ ഉണ്ടാകുമെന്ന സൂചനകൂടി ധനമന്ത്രി തോമസ്ഐസക് നല്‍കിയതോടെ കൂടുതല്‍ ഭയപ്പാടിലാണ് ജീവനക്കാര്‍. ദൈനംദിനകാര്യങ്ങളില്‍ മുന്‍ധാരണയോടെ പണം ചിലവഴിച്ചുപോകുന്ന മധ്യവര്‍ഗമായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കുറയും എന്നതിനപ്പുറം ശമ്പള പരിഷ്കരണവും ഉണ്ടാകില്ലെന്നത് ഭാവി ജീവിതത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തും. പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ഈടാക്കിയ സാലറി ചലഞ്ചിന്റെ ഗഡു കഴിഞ്ഞമാസമാണ് പൂര്‍ത്തിയായത്. ഇതിന് പിന്നാലെയാണ് കൊറോണയെ തുടര്‍ന്നുള്ള രണ്ടാമത്തെ സാലറി ചലഞ്ചും.
മറ്റു സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ സര്‍ക്കാരുകള്‍ കൈകടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഓര്‍മ്മിപ്പിക്കുമ്പോഴും രണ്ടാം സാലറി ചലഞ്ച് നടപ്പിലാക്കുന്ന ഏക സംസ്ഥാനമാണ് കേരളമെന്നത് ജീവനക്കാര്‍ ചൂണ്ടികാട്ടുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറക്കണമെന്ന അഭിപ്രായം പൊതു സമൂഹത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. പി.സി. ജോര്‍ജ് എംഎല്‍എ ഉള്‍പ്പടെയുള്ള പൊതു പ്രവര്‍ത്തകരും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇത് സര്‍ക്കാരിന് ശക്തി പകരും.
മുന്‍ കേന്ദ്രഷിപ്പിങ് സെക്രട്ടറി കെ. മോഹന്‍ദാസ് ചെയര്‍മാനായ സമിതിയെയാണ് പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മിഷനായി നിയോഗിച്ചത്. പത്താം ശമ്പള പരിഷ്കരണത്തിന്റെ കാലാവധി 2019 ജൂണ്‍ 30ന് അവസാനിച്ചിരുന്നു. ജൂലൈ ഒന്നു മുതല്‍ പുതിയ കമ്മീഷന് പ്രാബല്യത്തില്‍ വരണം. എന്നാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം 2019 ഒക്ടോബര്‍ 31 നാണ് പതിനൊന്നാം ശമ്പള കമ്മീഷനെ നിയമിച്ചത്. ആറുമാസത്തിനകം തന്നെ കമ്മീഷന് റിപ്പോര്‍ട്ട് തയ്യാറാക്കി പൊതു ജന അഭിപ്രായത്തിന് സമര്‍പ്പിക്കുകയും ചെയ്തു. മാര്‍ച്ച് അഞ്ചിനായിരുന്നു വ്യക്തികളുടെയും സര്‍വീസ് സംഘടനകളുടെയും നിവേദനങ്ങള്‍ നല്‍കാനുള്ള സമയപരിധി. എന്നാല്‍ ഈ റിപ്പോര്‍ട്ടിന് മേല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് തുടര്‍നടപടി ഉണ്ടായേക്കില്ല. വരും മാസങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ പ്രഹരം താങ്ങേണ്ടി വരുമെന്ന സൂചനയാണ് ഇടത് സര്‍ക്കാര്‍ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: