കോഴിക്കോട്: നാടകവേദിയില്‍ നിന്ന് മലയാള സിനിമാ ലോകത്തെത്തിയ കലിംഗശശി വിടപറയുന്നത് ഹോളിവുഡ് സിനിമ പൂര്‍ത്തിയാക്കാതെ. ഹോളിവുഡിലെ സൂപ്പര്‍ നായകന് ടോംക്രൂസിനോടൊപ്പം ബൈബിള്‍ പ്രമേയമായ സിനിമയിലാണ് ശശി, യൂദാസിന്റെ റോള്‍ അഭിനയിച്ചത്. 2015ല്‍ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലമായിരുന്നു കമ്പനി ശശിയുമായി കരാര്‍ ആക്കിയത്. ഇതിനായി പലതവണ വിദേശരാജ്യങ്ങളില്‍ ഷൂട്ടിങ്ങിനായി പോയിരുന്നു. കടുത്ത നിബന്ധനകളായിരുന്നു ഷൂട്ടിങ് സമയത്ത് ഉണ്ടായിരുന്നതെന്ന് ശശി പറഞ്ഞതായി മാധ്യമ പ്രവര്‍ത്തകനായ ഡോ.കെ. ശ്രീകുമാര്‍ പറഞ്ഞു. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് വിശദാംശങ്ങളൊന്നും പുറത്ത് വിടരുതെന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളില്‍ ഒന്ന്. അതു കൊണ്ട് ആ സിനിമയുടെ വിശേഷങ്ങള്‍ കൂടുതലൊന്നും മലയാള സിനിമാ ലോകത്ത് ചര്‍ച്ചയായില്ല. ഗദ്ദാമയുടെ ചിത്രീകരണത്തിനിടയിലാണ് ശശിയെ യൂദാസിന്റെ റോളിലേക്ക് ഹോളിവുഡ് സിനിമാലോകം കണ്ടെത്തുന്നത്. കാല് നൂറ്റാണ്ടു കാലം നാടകരംഗത്ത് നിറഞ്ഞു നിന്ന അദ്ദേഹം അഞ്ഞൂറിലധികം നാടകങ്ങളിലാണ് വേഷമിട്ടത്. ഒരു നാടകം സംവിധാനവും ചെയ്തു.
പഠനത്തിനുശേഷം കോഴിക്കോട് സിടിസിയില്‍ നിന്ന് ഓട്ടോ മൊബൈല്‍ പഠനം പൂര്‍ത്തിയാക്കി നില്ക്കുന്ന കാലത്താണ് അമ്മാവന് വിക്രമന് നായര്‍ നേതൃത്വം നല്കുന്ന സ്റ്റേജ് ഇന്ത്യയില്‍ എത്തുന്നത്. സ്റ്റേജ് ഇന്ത്യയുടെ ആദ്യ നാടകമായ സൂത്രം എഴുതി സംവിധാനം ചെയ്തത് വിക്രമന് നായര്‍ തന്നെയായിരുന്നു. നാടകത്തിന്റെ സെറ്റ് തയ്യാറാക്കുന്നതില്‍ സഹകരിച്ച ശശിക്ക് വിക്രമന് നായര്‍ രണ്ടാമത്തെ നാടകമായ കെ.ടിയുടെ സാക്ഷാത്കാരത്തില്‍ പോലീസുകാരന്റെ വേഷം നല്കി. തുടര്‍ന്ന് സാക്ഷാത്കാരം, സ്ഥിതി, പി.എം. താജിന്റെ അഗ്രഹാരം തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. അഗ്രഹാരത്തിലെ ശേഷാമണി ജനസമ്മതി നേടിയ കഥാപാത്രമായി. ഈ നാടകം തൊള്ളായിരിത്തിലേറെ വേദികളിലാണ് കളിച്ചത്. താജിന്റെ അമ്പലക്കാള, അഡ്വ. വെണ്‍കുളം ജയകുമാറിന്റെ ജപമാല, ഗുരു, ക്ഷത്രിയന്, എഴുത്തച്ഛന്, ചിലപ്പതികാരം, കൃഷ്ണഗാഥ എന്നിവയിലും അദ്ദേഹം മികച്ച വേഷങ്ങള്‍ ചെയ്തു. ജയപ്രകാശ് കൂളൂരിന്റെ ബൊമ്മക്കൊലു, ഭാഗ്യദേവത, സ്വര്‍ഗ്ഗ വാതില്‍, അപൂര്‍വ്വനക്ഷത്രം, സ്യമന്തകം, ജമാല്‍ കൊച്ചങ്ങാടിയുടെ ക്ഷുഭിതരുടെ ആശ എന്നീ നാടകങ്ങളിലും അദ്ദേഹം തിളങ്ങി. രണ്ടായിരത്തില്‍ സ്റ്റേജ് ഇന്ത്യ വിട്ട അദ്ദേഹം തുടര്‍ന്ന് ആറ്റിങ്ങല്‍ രചന, തിരുവനന്തപുരം അക്ഷരകല, വടകര സങ്കീര്‍ത്തന, വടകര വേദവ്യാസ എന്നീ സമിതികളുമായി സഹകരിച്ചു. തൃശ്ശൂര്‍ അഭിനയക്കുവേണ്ടി സ്വപ്നമുദ്ര എന്ന നാടകം സംവിധാനവും ചെയ്തു.
1998ല്‍ തകരച്ചെണ്ട എന്ന സിനിമയില്‍ പളനിച്ചാമിയെന്ന കഥാപാത്രമായാണ് സിനിമയില്‍ എത്തുന്നത്. പിന്നീട് ഒരു ഇടവേളയ്ക്കുശേഷം രഞ്ജിത്തിന്റെ പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ സിനിമയില്‍ തിരിച്ചെത്തുകയായിരുന്നു. രഞ്ജിത്താണ് കലിംഗ ശശി എന്ന പേര് നല്‍കുന്നത്.
ടി.പി. രാജീവന്റെ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന നോവല്‍ സിനിമയാക്കാന്‍ തീരുമാനിച്ച രഞ്ജിത്ത് സിനിമയിലേക്ക് അഭിനേതാക്കളെ കണ്ടെത്തുന്നതിനായി കോഴിക്കോട്ട് വെച്ച് ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. കോഴിക്കോടിനകത്തും പുറത്തുമുള്ള നിരവധി നാടക കലാകാരന്മാര് ക്യാമ്പിനെ ത്തിയിരുന്നു. ക്യാമ്പിലുണ്ടായിരുന്ന നടനും സംവിധായകനുമായ വിജയന് വി. നായരെ കാണാനാണ് ശശി ഒരു ദിവസം ക്യാമ്പില്‍ എത്തുന്നത്. വിജയന് വി. നായര്‍ ശശിയെ രഞ്ജിത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. ബാക്കിയുള്ള ദിവസം ക്യാമ്പില്‍ പങ്കെടുക്കാന്‍ രഞ്ജിത്ത് ശശിയോട് ആവശ്യപ്പെടുകയായിരുന്നു. ക്യാമ്പില്‍ ഒരുപാട് ശശിമാരുണ്ടായിരുന്നതിനാല്‍ അവരെ തിരിച്ചറിയാനായി പേരിനൊപ്പം ബ്രാക്കറ്റില്‍ സമിതിയുടെ പേരു കൂടി ചേര്‍ക്കാന്‍ രഞ്ജിത്ത് നിര്‍ദ്ദേശിച്ചു. ശശിയുടെ പേരിന്റെ കൂടെ ആരോ കലിംഗ എന്നെഴുതി കൊടുത്തു. പിന്നീട് തെറ്റ് മനസ്സിലാക്കി തിരുത്താന്‍ ശ്രമിച്ചെങ്കിലും ആ പേര് മാറ്റേണ്ടെന്ന് രഞ്ജിത്ത് തന്നെ നിര്‍ദ്ദേശിക്കുകയായിരുന്നു. കെ.ടി. മുഹമ്മദ് നേതൃത്വം നല്കിയ കലിംഗയുടെ നാടകത്തില്‍ എന്നാല്‍ ശശി അഭിനയിച്ചിരുന്നില്ല.
പാലേരി മാണിക്യത്തിലെ ഡിവൈഎസ്പിയായി തിളങ്ങിയശേഷം സിനിമയില്‍ കലിംഗ ശശിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സഹദേവന് ഇയ്യക്കാട് സംവിധാനം ചെയ്ത ഹലോ ഇന്ന് ഒന്നാം തിയ്യതിയാണ് എന്ന സിനിമയില്‍ നായകനുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: