ന്യൂദല്‍ഹി: നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനം രാജ്യത്തെ കൊറോണ വൈറസ് നിയന്ത്രണത്തെ തിരിച്ചടിച്ചു. സാമൂഹ്യ വ്യാപനം തടയുന്നതിന് ലോക്ക് ഡൗണ്‍ നീട്ടണമെന്നാവശ്യവുമായി സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. മഹാരാഷ്ട്ര, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, അസം, തെലങ്കാന, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് അടച്ചുപൂട്ടല്‍ നീട്ടണമെന്ന ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചത്. രാജ്യത്ത് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍, ലോക്ക് ഡൗണ്‍ പെട്ടെന്ന് പിന്‍വലിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും സംസ്ഥാനങ്ങള്‍ മോദിയുമായി പങ്കുവെച്ചിട്ടുണ്ട്.
ഇപ്പോള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍, രാജ്യം നേടിയ പ്രതിരോധ പുരോഗതിക്ക് തിരിച്ചടിയാകുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഏപ്രില്‍ പതിനാല് വരെ പ്രഖ്യാപിച്ച ദേശീയ ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചന നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ചകളും ആലോചനകളും തുടരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും കടുത്ത നിയന്ത്രണം വേണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം.
അതേസമയം, രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 4281 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ പുതിയ 704 കേസുകള്‍ കൂടിയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. രോഗ വ്യാപനത്തിന്റെ രണ്ടും മൂന്നും സ്റ്റേജുകള്ക്കിടയിലാണ് രാജ്യമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊറോണ ബാധിച്ച 1,445 പേര് നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 25,000 തബ്ലീഗ് പ്രവര്‍ത്തകരെ കണ്ടെത്തി ക്വാറന്റൈന് ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇവര്‍ താമസിച്ചെന്ന് കണ്ടെത്തിയ അഞ്ച് ഹരിയാനാ ഗ്രാമങ്ങള്‍ പൂര്‍ണമായും അടച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 28 പേര് കൂടി മരിച്ചു. ഇതോടെ മരണം 111 ആയി. ഇത്രയും പേര് ഒരു ദിവസം മരിക്കുന്നത് ആദ്യമാണ്. രാജ്യത്ത് വൈറസ് ബാധിച്ചവരില്‍ 76 ശതമാനം പേരും പുരുഷന്മാരും 24 ശതമാനം സ്ത്രീകളുമാണ്. മരിച്ചവരില്‍ 63 ശതമാനം പേരും അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ വക്താവ് ലാവ് അഗര്‍വാള്‍ അറിയിച്ചു. അഞ്ചുലക്ഷം പരിശോധനാ കിറ്റുകള്‍ക്ക് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടെന്നും രണ്ടര ലക്ഷം കിറ്റുകള്‍ ഏപ്രില്‍ 8ന് ലഭിക്കുമെന്നും ഐസിഎംആര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: