ന്യൂദല്‍ഹി: ‘സ്ട്രാന്‍ഡഡ് ഇന്‍ ഇന്ത്യ’ പോര്‍ട്ടലില്‍ ആദ്യ അഞ്ചു ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ 769 വിദേശ വിനോദ സഞ്ചാരികള്‍. പോര്‍ട്ടലിലൂടെ സഹായം അഭ്യര്‍ഥിച്ചവര്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം വിവിവിധ തലങ്ങളിലുള്ള പിന്തുണ ഉറപ്പാക്കി. രാജ്യ വ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്ന വിദേശ വിനോദ സഞ്ചാരികളെ തിരിച്ചറിയാനും സഹായിക്കാനും
അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനുമായി കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് 31നാണ് www.strandedinindia.com എന്ന വെബ്സൈറ്റ് ആരംഭിച്ചത്. ഇത്തരത്തില്‍ കുടുങ്ങി കിടക്കുന്ന വിനോദ സഞ്ചാരികള്‍ ഈ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുകയും അവരുമായി ബന്ധപ്പെടാന്‍ കഴിയുന്ന വിവരങ്ങള്‍ നല്‍കുകയും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് അറിയിക്കുകയും വേണമെന്നും അറിയിച്ചിരുന്നു. ഇതിനേത്തുടര്‍ന്നാണ് വെബ്സൈറ്റ് ആരംഭിച്ച് ആദ്യ അഞ്ചു ദിവസം പിന്നിടും മുമ്പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 769 വിദേശ വിനോദ സഞ്ചാരികള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്.
വിനോദ സഞ്ചാരികളെ സഹായിക്കുന്നതിനായി ടൂറിസം മന്ത്രാലയം എല്ലാ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണ നേതൃത്വവും നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ അഞ്ച് പ്രാദേശിക കാര്യാലയങ്ങള്‍ നോഡല്‍ ഓഫീസര്‍മാരുമായി നിരന്തരം ബന്ധപ്പെടുകയും കാര്യങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നു. കുടുങ്ങി കിടക്കുന്ന വിദേശികള്‍ നേരിടുന്ന വിസ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ഉള്ളവയുടെ കാര്യത്തില്‍ പരിഹാരം കാണാന്‍ കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ പ്രാദേശിക കാര്യാലയങ്ങള്‍ ഇമിഗ്രേഷന്‍ ബ്യൂറോയുമായും ഫോറിനര്‍ റീജിയണല്‍ രജിസ്ട്രേഷന് ഓഫീസുകളുമായും (എഫ്ആര്‍ആര്‍ഒ) ബന്ധപ്പെട്ട് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. കുടുങ്ങി കിടക്കുന്ന വിദേശികളെ രാജ്യത്തിനുള്ളിലോ സംസ്ഥാനത്തിനുള്ളിലോ മറ്റിടങ്ങളിലേക്കു മാറ്റാനും അതല്ലെങ്കില്‍ സ്വന്തം രാജ്യത്തേയ്ക്ക് അയയ്ക്കാനുമുള്ള അപേക്ഷകളില്‍ നടപടികള്‍ ഏകോപിപ്പിക്കാനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അതത് എംബസികളും ഹൈക്കമ്മീഷനുകളും കോണ്‍സുലേറ്റുകളുമായി ബന്ധപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: