ഇസ്ലാമബാദ്: ലോകം മുഴുവന്‍ ഒറ്റക്കെട്ടായി മഹാമാരിക്കെതിരെ പോരാടുമ്പോഴും പാക്കിസ്ഥാനില്‍ വിവേചനം. മതത്തിന്റെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാനിലിപ്പോള്‍ റേഷന്‍ വിതരണം. ഹിന്ദു-ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് റേഷന്‍ ലഭിക്കുന്നില്ല. മുസ്ലീങ്ങളെ ലക്ഷ്യമിട്ടാണ് റേഷന്‍ വിതരണമെന്ന് അധികൃതര്‍ പറയുകയും ചെയ്യുന്നു.
നിയന്ത്രണങ്ങള്‍ക്കിടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിക്കുന്നില്ല. കറാച്ചിയിലെ രഹ്രി ഗോത്ത് പ്രദേശത്ത് റേഷന്‍ വാങ്ങാനെത്തുന്ന ഹിന്ദുക്കളോട് തിരികെ പോകാന്‍ ആവശ്യപ്പെടുന്നതായും ന്യൂനപക്ഷ വിഭാഗങ്ങള്‍ അറിയിച്ചു.
പാക്കിസ്ഥാന്റെ ജനസംഖ്യയില്‍ നാല് ശതമാനമാണ് ഹിന്ദുക്കള്‍. മതത്തിന്റെ പേരില്‍ വ്യാപകമായ വേര്‍തിരിവും അടിസ്ഥാന അവകാശങ്ങളുടെ ലംഘനവുമാണ് അവര്‍ നേരിടുന്നത്. കൊറോണ പോലെയുള്ള ഒരു പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തിലും പാക് ഭരണകൂടം ഇത് തന്നെയാണ് തുടരുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് രണ്ടാഴ്ചയായി, ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട മിക്ക വീടുകളിലും ആഹാര വസ്തുക്കളില്ല. എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നുപോലും ആരും ചോദിക്കുന്നില്ലെന്നും അവര്‍ പറയുന്നു.
ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് പാക് ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി. നിലവില്‍ പാക്കിസ്ഥാനിലുള്ള ന്യൂനപക്ഷങ്ങള്‍ വലിയ പ്രതിസന്ധിയിലാണ്. അവര്‍ക്ക് ആഹാരം ലഭിക്കുന്നില്ല. രാജസ്ഥാനിലെ സിന്ധ് പ്രവിശ്യ വഴി അവര്‍ക്ക് വേണ്ട ഭക്ഷ്യ വസ്തുക്കള്‍ ഇന്ത്യ വിതരണം ചെയ്യണമെന്ന് സാമൂഹ്യപ്രവര്‍ത്തകനായ അംജാദ് അയൂബ് മിശ്ര ആവശ്യപ്പെട്ടു.
താമസം കൂടാതെ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഐക്യരാഷ്ട്രസഭയോടും അപേക്ഷിക്കുകയും ചെയ്തു. പാക്കിസ്ഥാനിലെ സിന്ധില്‍ അഞ്ച് ലക്ഷത്തോളം ഹിന്ദുക്കളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: