ആലപ്പുഴ: മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യഫെഡ് പ്രഖ്യാപിച്ച വായ്പ പദ്ധതി കബളിപ്പിക്കലെന്ന് ആരോപണമുയരുന്നു. ഈ മേഖലയിലെ പത്ത് ശതമാനം പേര്‍ക്ക് പോലും ലഭിക്കാത്ത വായ്പാ പദ്ധതിയാണ് കൊറോണയുടെ പേരില്‍ മത്സ്യഫെഡ് പ്രഖ്യാപിച്ചത്. നിലവിലുള്ള 650 മത്സ്യത്തൊഴിലാളി സംഘങ്ങളില്‍ 90 ശതമാനം സംഘങ്ങളും വായ്പ സംബന്ധമായ നിബന്ധനകള്‍ പാലിക്കുവാന്‍ കഴിയുന്ന സ്ഥതിയിലല്ല. മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്ത 2,41,572 അംഗങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ കേവലം 30,000 പേര്‍ക്ക് മാത്രമേ മത്സ്യഫെഡ് പ്രഖ്യാപിച്ചിട്ടുള്ള വ്യവസ്ഥകള്‍ പ്രകാരം വായപ ലഭ്യമാകുകയുള്ളൂ.
മത്സ്യത്തൊഴിലാളി സംഘങ്ങളുടെ കീഴില്‍ തീരദേശ മത്സ്യ ലേലം നടത്തിവരുന്ന വള്ളങ്ങളിലെ തൊഴിലാളികളാണ് വായ്പാ പരിധിയില്‍ വരുന്നത്. സംഘങ്ങള്‍ക്ക് മത്സ്യഫെഡില്‍നിന്ന് മത്സ്യബന്ധന ഉപകരണങ്ങളോ മറ്റും വായ്പകളോടെ കൊടുത്തിട്ടുണ്ടെങ്കില്‍ അത്തരം വായ്പകളുടെ 75 ശതമാനം തിരിച്ചടവും ബാധകമാണ്. വായ്പ തുക രണ്ടു മാസങ്ങള്‍ക്കുശേഷം ഗഡുക്കളായി മത്സ്യത്തൊഴിലാളികള്‍ തിരിച്ചടയ്‌ക്കണം. മത്സ്യഫെഡ് നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം സംസ്ഥാനത്തെ രണ്ടു ശതമാനം തൊഴിലാളികള്‍ മാത്രമേ വായ്പ പരിധിക്കുള്ളില്‍ വരികയുള്ളു.
അതില്‍ത്തന്നെ ഉള്‍നാടന്‍ മേഖലയിലുള്ള തൊഴിലാളികളുടെ എണ്ണം വളരെ കുറവാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് 5,000 രൂപ വീതം നല്‍കിയെന്ന പ്രചരണം നടത്തുവാനും അത് വഴി മറ്റ് ആശ്വാസ പദ്ധതികള്‍ ഇല്ലാതാക്കുവാനും മാത്രമെ ഈ പദ്ധതി ഉപകരിക്കൂ എന്നാണ് വിമര്‍ശനം ഉയരുന്നത്. മത്സ്യത്തൊഴിലാളികള്‍ പിടിച്ച് കൊണ്ടുവരുന്ന മത്സ്യത്തിന് ഇടനിലക്കാര്‍ വില തീരുമാനിക്കുന്ന സ്ഥിതിയും ചൂഷണവും ഒഴിവാക്കുന്നതിനും മത്സ്യസംഭരണവും വിഷരഹിത മത്സ്യ വിതരണവും നടത്തുന്നതിനും വേണ്ടി രൂപീകരിച്ച മത്സ്യഫെഡ് ഇടതുഭരണത്തിന്‍ കീഴില്‍ പലപ്പോഴും കാഴ്ചക്കാരായി മാറിയെന്ന് എഐടിയുസി അടക്കമുള്ള സംഘടനകള്‍ പോലും ആക്ഷേപം ഉന്നയിക്കുന്നു.
ഓഖി ദുരന്തത്തെ തുടര്‍ന്ന് ക്ഷേമനിധി ബോര്‍ഡ് വഴി ഫിഷറീസ് വകുപ്പ് ഇടനിലക്കാരില്ലാതെ ഓരോ തൊഴിലാളിക്കും നേരിട്ട് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. മത്സ്യഫെഡിന്റെ ഇടനില ഒഴിവാക്കി ഇതേ മാതൃക സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: