തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിനായി രാജ്യം ഒന്നടങ്കം പോരാടുമ്പോള്‍ ഫേസ്ബുക്കിലൂടെ കുത്തിത്തിരിപ്പിന് ശ്രമിച്ച സിപിഎം നേതാവ് എം.ബി. രാജേഷിന് പറ്റിയത് അമളി. കൊറോണ വ്യാപനത്തിന്റെ പേരില്‍ കേരളത്തില്‍ നിന്നുള്ള പ്രധാന അതിര്‍ത്തികള്‍ കര്‍ണാടക അടച്ചിരുന്നു. ഇതിനെതിരേ കേരളത്തില്‍ നിന്നു പ്രതിഷേധം ശക്തമാകുകയും അതിര്‍ത്തി തുറക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. കര്‍ണാടക ഭരിക്കുന്നത് ബിജെപി ആയതിനാല്‍ ഇതിനെ രാഷ്ട്രീയമായി ആയുധമാക്കാന്‍ സംസ്ഥാനത്തെ സിപിഎം നേതാക്കള്‍ ശക്തമായി ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് മലയാള മനോരമ പത്രത്തിലെ ഒരു വാര്‍ത്ത എടുത്തുകാട്ടി രാജേഷ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. മഹാമാരിയില്‍ അതിരുകള്‍ മാഞ്ഞു, ആകാശം തുറന്നു എന്ന തലക്കെട്ടിലുള്ള വാര്‍ത്തയില്‍ പറയുന്നത് എയര്‍ഇന്ത്യക്കായി പാക്കിസ്ഥാനും ഇറാനും ആകാശപാത തുറന്നു എന്നായിരുന്നു. ഒപ്പം, ഇന്ത്യയുടെ കോവിഡ് രക്ഷാദൗത്യത്തിന് പാക്ക് അഭിനന്ദനം, കറാച്ചിക്കു മുകളിലൂടെ പറക്കാന്‍ അനുമതി എന്നും വാര്‍ത്തയില്‍ എടുത്ത് കാട്ടിയിരുന്നു.
ഈ വാര്‍ത്ത പോസ്റ്റ് ചെയ്ത ശേഷം രാജേഷ് കുറിച്ചത് ഇങ്ങനെ- ഇതുവരെ അടച്ചിട്ട വ്യോമപാത കോവിഡ് കാലത്ത് ഇന്ത്യക്കായി പാകിസ്ഥാന് തുറന്നു കൊടുത്തുവെന്ന് വാര്‍ത്ത നല്ലത്. കോവിഡ് കാലത്ത് പാകിസ്ഥാന് പോലും ശത്രുത മറന്ന് അടച്ചിട്ടത് നമുക്കായി തുറക്കുന്നു. ഇറാന് അവരുടെ വ്യോമസേന മാത്രം ഉപയോഗിക്കുന്ന പാതയും തുറന്നു തന്നുവത്രേ.മഹാമാരിക്കിടയില്‍ മനുഷ്യപ്പറ്റിന്റെ നല്ല വാര്‍ത്തകള്‍ക്കായി ഇനിയും കാതോര്‍ക്കാം.
യഥാര്‍ത്ഥത്തില്‍ മനോരമ വാര്‍ത്തയിലെ ചെറിയ പിശക് പാക്കിസ്ഥാന്റെ വലിയ മനസായി രാജേഷ് ഉയര്‍ത്തിക്കാട്ടുകായിരുന്നു. വസ്തുത ഇങ്ങനെ- 2019നു ശേഷം ഇതുവരെ പാക്കിസ്ഥാന്റെ വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്കായി അടച്ചിട്ടില്ല. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഒരു വ്യോമപാതയും പാക്കിസ്ഥാന് പുതിയതായി ആരംഭിച്ചിട്ടുമില്ല. സംഭവത്തെ പറ്റി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ- ഇന്ത്യയില്‍ കുടുങ്ങിയ യൂറോപ്യന്‍, കനേഡിയന്‍ പൗരന്മാരെ സ്വദേശത്തേക്ക് എത്തിക്കാന്‍ എപ്രില്‍ രണ്ടിനു മുംബൈയില്‍ നിന്നു രണ്ടു പ്രത്യേക സര്‍വീസുകള്‍ എയര്‍ഇന്ത്യ നടത്തി. ഈ വിമാനങ്ങള്‍ പാക്കിസ്ഥാന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതോടെ പാക് എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ സന്ദേശം എയര്‍ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനു ലഭിച്ചു. അസലാമു അലൈക്കും, ഇതു കറാച്ചി എയര്‍ കണ്ട്രോള് വിഭാഗത്തില്‍ നിന്നാണ്, ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോകുന്ന എയര്‍ഇന്ത്യ വിമാനത്തിന് സ്വാഗതം എന്നായിരുന്നു ആദ്യ സന്ദേശം. ഫ്രാങ്ക് ഫര്‍ട്ടിലേക്ക് പോകുന്ന എയര്‍ഇന്ത്യ വിമാനമാണെന്നു തിരിച്ചു മറുപടി നല്‍കിയതോടെ ഈ മഹാമാരിയുടെ പ്രതിസന്ധി കാലത്തും സര്‍വീസുകള്‍ നടത്തുന്ന നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു എന്നു കറാച്ചി എയര്‍കണ്‍ട്രോള്‍ വിഭാഗത്തില്‍ നിന്നു മറുപടി ലഭിച്ചു. അഭിനന്ദന സന്ദേശത്തിന് നന്ദി അറിയിച്ച ഇന്ത്യന്‍ പൈലറ്റ്, വിമാനത്തിന് അടുത്തതായി ലഭിക്കേണ്ട ഇറാന് എയര്‍സ്പേസില്‍ നിന്നുള്ള റഡാര്‍ സിഗ്നല്‍ ലഭിക്കുന്നില്ലെന്ന് അറിയിച്ചു. ഉടന്‍ പാക് എയര്‍ കണ്ട്രോള് വിഭാഗത്തില്‍ നിന്നാണ് എയര്‍ഇന്ത്യ വിമാനത്തിനു വേണ്ട സിഗ്നലുകള്‍ ലഭ്യമാക്കാന്‍ ഇറാന് എയര്‍സ്പേസുമായി ബന്ധപ്പെട്ടത്. ഇതോടെ സൈനിക ആവശ്യങ്ങള്‍ക്കും അടിയന്തരസാഹചര്യങ്ങള്ക്കുമായി ഉപയോഗിക്കുന്ന വ്യോമപാത ഇറാന് എയര്‍ഇന്ത്യ വിമാനത്തിന് അനുവദിച്ചു.
പ്രത്യേക വ്യോമപാത ഇറാന് അനുവദിച്ചത് മാത്രമാണ് എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് ലഭിച്ച പുതിയകാര്യം. പാക്കിസ്ഥാന് അടയ്ക്കാത്ത വ്യോമപാതയാണ് കൊറോണ കാലത്ത് ഇന്ത്യക്കായി തുറന്നതെന്നാണ് എം.ബി. രാജേഷ് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. 2019ല്‍ തുറന്ന പാക് വ്യോമതാര്ത്തിയെ പറ്റി ഇപ്പോള്‍ കൊറോണ പശ്ചാത്തലം കൂടി ചേര്‍ത്ത് രാജേഷ് പൊലിപ്പിക്കുന്നതിനു പിന്നിലെ രാഷ്ട്രീയം എന്തെന്നു വ്യക്തമാണെന്നു പോസ്റ്റിനു താഴെ നിരവധി പേര് കമന്റ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: