കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിബാധിത ജില്ലയായ കാസര്‍കോട്ടെ ആയിരക്കണക്കിന് ദുരിതബാധിതര്‍ മരുന്നും ചികിത്സയുമില്ലാതെ ദുരിതത്തില്‍. സര്‍ക്കാര്‍ പുറത്ത് വിട്ട 2010 മുതല്‍ 2019 വരെയുള്ള ദുരിതബാധിത പട്ടികയില്‍ തന്നെ ആറായിരത്തോളം പേരുണ്ട്. പക്ഷെ ലിസ്റ്റ് ചെയ്യപ്പെടാത്ത എന്‍ഡോസള്‍ഫാന്‍ ബാധിതരായ നാലായിരം പേര് ജില്ലയില്‍ വേറെയുമുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പട്ടികയിലുള്ള 511 കുട്ടികള്‍ക്കും 2011ലെ പട്ടികയില്‍പ്പെട്ട 1318 പേരില്‍ 610 പേര്‍ക്കും ഇതുവരെ ചികിത്സ ഉള്‍പ്പെടെയുള്ള യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞിക്കൃഷ്ണന് ജന്മഭൂമിയോട് പറഞ്ഞു. ക്യാന്‍സര്‍, ത്വക്ക് രോഗങ്ങള്‍ ഉള്‍പ്പെടെ മാരകരോഗമുള്ളവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായിട്ടുണ്ട്. മംഗളുരുവിലെ ആശുപത്രികളില്‍ നിന്ന് ലഭിക്കുന്ന മരുന്നുകളും ചികിത്സയുമായിരുന്നു ദുരിതത്തിന്റെ തോത് കുറച്ചിരുന്നത്. മിക്കയാളുകളും മാസത്തില്‍ ഒരു തവണയെങ്കിലും മംഗളുരുവിലെ ആശുപത്രികളില്‍ ചികിത്സ തേടുന്നവരാണ്.
സംസ്ഥാന ആരോഗ്യവകുപ്പാകട്ടെ ഈ സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധകാണിക്കുന്നില്ല. പലരുടേയും കൈയില്‍ നിലവിലെ മരുന്നിന്റെ കരുതലും അവസാനിച്ചു. ഇതോടെ ദിവസേന രണ്ടും മൂന്നും തവണയൊക്കെ പല കുട്ടികള്‍ക്കും ബോധക്ഷയവും അപസ്മാരവുമൊക്കെയുണ്ടാവുന്നതായി രക്ഷിതാക്കള്‍ പറയുന്നു. കാസര്‍കോട് ന്യൂ
റോ വിഭാഗം ഡോക്ടറോ ഇത്തരം രോഗികളെ ചികിത്സിക്കാന്‍ പറ്റുന്ന മറ്റ് കുട്ടികളുടെ ഡോക്ടറോ ഇല്ല. മരുന്ന് തീരുമെന്നത് കണ്ട് കുട്ടികള്‍ക്ക് കൊടുക്കേണ്ട മരുന്നിന്റെ അളവിന്റെ പകുതി കൊടുത്തുകൊണ്ടാണ് മുന്നോട്ട് പോവുന്നത്. ഇതിന്റെ അവശത വേറെയുമുണ്ടെന്ന് കുഞ്ഞിക്കൃഷ്ണന് പറഞ്ഞു.
മംഗളുരൂവിലെ ആശുപത്രിയെ ആശ്രയിച്ച് ജീവിക്കുന്ന രോഗബാധിതരായ പല പ്രായത്തിലുള്ള ആയിരത്തിലധികം പേരുണ്ട് കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ മരുന്ന് കിട്ടാത്തത് മൂലമുള്ള പ്രശ്നം കൊണ്ട് അസുഖം കൂടിയ ചിലരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. പക്ഷെ അവിടെയും ആവശ്യത്തിന് മരുന്ന് കിട്ടാത്ത അവസ്ഥയാണുള്ളതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇവിടെയുള്ളവര്‍ മറ്റു ഡോക്ടര്‍മാരുടെ അടുത്തെത്തുമ്പോള്‍ എന്ത് ചികിത്സയാണ് നല്‍കേണ്ടതെന്ന് പോലും പലര്‍ക്കുമറിയില്ല. മുമ്പ് കാണിച്ച സ്ഥലത്ത് തന്നെ കാണിക്കുന്നതാണ് നല്ലതെന്ന നിര്‍ദേശമാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. അല്ലെങ്കില്‍ നല്കി കൊണ്ടിരിക്കുന്ന മരുന്ന് തന്നെ തുടരാന്‍ പറയുന്നു. മംഗളുരുവില്‍ നിന്നു കുറിച്ചു കൊടുത്ത മരുന്ന് കാസര്‍കോട് കിട്ടുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. ഭക്ഷ്യവസ്തുക്കള്‍ ദുരിതബാധിതര്‍ക്ക് വീടുകളിലെത്തിച്ച് നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ അതും ലഭ്യമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: