കൊച്ചി: കൊറോണയ്ക്ക് മരുന്നുണ്ടെന്ന് കേട്ടയുടന്‍ കൊറിയിലേക്ക് തിരിഞ്ഞ സംസ്ഥാന സര്‍ക്കാര്‍, ഇന്ത്യയില്‍ മലയാളി വികസിപ്പിച്ച കൊറോണാ പരിശോധന യന്ത്രത്തെക്കുറിച്ച് ഇതുവരെ അന്വേഷണമൊന്നും നടത്തിയിട്ടില്ല. കൊറോണാ വൈറസ് ബാധയുണ്ടോ എന്ന് ഒരു മണിക്കൂറിനുള്ളില്‍ അറിയാന്‍ കഴിയുന്ന സാങ്കേതിക സംവിധാനത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അംഗീകാരം നല്‍കിയതായി അറിയിച്ചിട്ട് രണ്ടു ദിവസമാകുന്നു.
പോളിമറൈസ് ചെയിന്‍ റീ ആക്ഷന്‍ (പി സിആര്‍) സാങ്കേതികവിദ്യയില്‍ ഒരു മണിക്കൂറില്‍ കൊറോണാ പരിശോധന നടത്തി ഫലം കണ്ടെത്താവുന്ന സംവിധാനത്തിന് ഐസിഎംആറിന്റെ അംഗീകാരം കിട്ടിയത് ബെംഗളൂരുവിലെ ബിഗ്ടെക് ലാബ് എന്ന സ്വകാര്യ കമ്പനിയുടെ യന്ത്രത്തിനാണ്.
പാലക്കാട് ഒറ്റപ്പാലം പാറോപ്പടി സ്വദേശി ഡോ. ചന്ദ്രശേഖരന് ഭാസ്കരന് നായരുടെ മേല്‍നോട്ടത്തിലുള്ള ഗവേഷക വികസന സംഘത്തിന്റെ നേട്ടമാണിത്.നാലു ദിവസം വരെയെടുത്ത് ടെസ്റ്റ് ഫലം കിട്ടുന്നതുവരെ നിരീക്ഷകര്‍ക്കും നിരീക്ഷണത്തിനു വിധേയരാകുന്നവര്‍ക്കും
ഭരണ സംവിധാനത്തിലുള്ളവര്ക്കുമുള്ള ആശങ്കകള്‍ ഇല്ലാതാക്കാന്‍ ഉതകുന്നതാണ് പുതിയ വിദ്യ. നിലവില്‍ ടിബി, ഡെങ്കു, എലിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ തുടങ്ങിയ രോഗ വൈറസുകളുടെ ബാധ പരിശോധിക്കുന്നതിനുള്ള ഈ യന്ത്രത്തിന് കൊറോണാ വൈറസ് പരിശോധനയും നടത്താമെന്ന അംഗീകാരമാണ് ഐസിഎംആര്‍ നല്‍കിയത്.
യന്ത്രത്തിന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അംഗീകാരമുണ്ട്. എട്ടു വര്‍ഷം എഴുപതില്‍പ്പരം ഗവേഷകര്‍ നടത്തിയ പരീക്ഷണങ്ങളെ തുടര്‍ന്ന് 2008ല്‍ വികസിപ്പിച്ച് 2015ല്‍ വിപണിയിലിറക്കിയതാണ് യന്ത്രം.
കമ്പനിയുടെ സ്ഥാപകാംഗമാണ് ബയോ ടെക്നോളജിയില്‍ യോഗ്യത നേടിയിട്ടുള്ള ചന്ദ്രശേഖരന്. 2000 പേര് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഈ യന്ത്ര സംവിധാനം ലോകത്ത് 75 ഇടങ്ങളില്‍ ഉപയോഗിക്കുന്നു. ഇന്ത്യയില്‍ 800 സ്വകാര്യ ലാബുകളും കേരളത്തില്‍ 14 ലാബുകളും യന്ത്രം വിനിയോഗിക്കുന്നുണ്ട്. ഈ സംവിധാനത്തിന് 12 തരം പേറ്റന്റുകള്‍ കമ്പനി നേടിയിട്ടുണ്ട്. ബാറ്ററികൊണ്ട് പ്രവര്ത്തിപ്പിക്കാവുന്നത്ര ലളിത സംവിധാനമായതുകൊണ്ടും ഒരു മണിക്കൂറില്‍ പരിശോധനാ ഫലം കിട്ടുമെന്നുള്ളതുംകൊണ്ട് ഈ കൊറോണാ പരീക്ഷണത്തില്‍ വളരെ പ്രയോജനകരമാകുമെന്ന് കരുതുന്നതായി ഡോ. ചന്ദ്രശേഖരന് പറഞ്ഞു.
കേരള സര്‍ക്കാര്‍ ഇതുവരെ ഈ സംവിധാനം സംബന്ധിച്ച് കമ്പനിയോട് അന്വേഷണമോ ചര്‍ച്ചയോ ഒന്നും നടത്തിയിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ കേരളം അതിവേഗം പ്രതികരിക്കാറുണ്ടെന്നാണ് അറിവ്. എന്തായാലും ഈ നിര്‍ണായക കാലത്ത് ഇത്തരമൊരു ശാസ്ത്രീയ നേട്ടം ഉണ്ടാക്കാന്‍ കമ്പനിക്ക് കഴിഞ്ഞത് വലിയ കാര്യമയി കരുതുന്നു. ഗവേഷക-വികസന പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കുമാണ് ഇതിന്റെ നേട്ടം, ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: