പേരാമ്പ്ര: ലോക്ക്ഡൗണ്‍ ലംഘനം തടയുന്നതിന് ഇന്നലെ മുതല്‍ പേരാമ്പ്രയിലും ഡ്രോണ്‍ ക്യാമറകള്‍ നിരീക്ഷണം തുടങ്ങി. ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് പേരാമ്പ്ര പട്ടണത്തില്‍ ഡ്രോണ്‍ ക്യാമറകള്‍ പറന്ന് തുടങ്ങി. പോലീസിന്റെ കണ്ണെത്താത്ത സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ ലംഘനം നടക്കുന്നത് പക്ഷിക്കണ്ണുകള്‍ ഒപ്പിയെടുക്കും.
വീട്ടില്‍ ഒതുങ്ങിക്കഴിയാതെ അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെയും കൂട്ടും കൂടുന്നവരെയും നിരീക്ഷിക്കാന്‍ ഡ്രോണ്‍ ക്യാമറകള്‍ സഹായിക്കും. ഇപ്പോള്‍ പോലീസിന്റെ നിരീക്ഷണം മുഖ്യമായും നടക്കുന്നത് പട്ടണങ്ങളിലും പൊതുനിരത്തുകളിലുമാണ്.
എന്നാല്‍ ഉള്‍നാടുകളില്‍ ലോക്ഡൗണ്‍ കണക്കിലെടു ക്കാതെ ആളുകള്‍ ഒത്തുകൂടുകയും പ്രഭാതസവാരി നടത്തുകയും ചെയ്യുന്നുണ്ട്. നാട്ടിന് പുറങ്ങളിലെ കടകളില്‍ ആവശ്യമില്ലാതെ വന്നിരിക്കുന്നവരും വിവിധ വിനോദങ്ങളിലും തൊഴിലുകളിലും ഏര്‍പ്പെടുന്നവരും കുറവല്ല. ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വ്യാജവാറ്റും നടക്കുന്നുണ്ട്.
ഇവയൊക്കെ പിടികൂടാന്‍ ഡ്രോണ്‍ ക്യാമറകള്‍ പോലീസിന് സഹായകമാവും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്ഇത്തരം 350 ല്‍ പരം ഡ്രോണുകള്‍ നിരീക്ഷണ പറക്കലുകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഡ്രോണിന്റെ സഹായത്താല്‍ നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: