കോട്ടയം: നഴ്സ് അടക്കം മൂന്നു മലയാളികള്‍ കൊറോണ ബാധിച്ച് വിദേശരാജ്യങ്ങളില്‍ മരിച്ചു. അയര്‍ലന്‍ഡിലെ ദ്രോഗ്ഡ ലൂര്‍ദ്ദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന, കുറുപ്പന്തറ ഇരവിമംഗലം പഴഞ്ചിറയില്‍ ജോര്‍ജ്ജ് പോളിന്റെ (സണ്ണി) ഭാര്യ ബീന (54)യാണ് മരണമടഞ്ഞ ഒരാള്‍.
ഇന്നലെ രാവിലെ പതിനൊന്നോടെ ജോര്‍ജാണ് മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം മുതല്‍ അവധിയിലായിരുന്നു. ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളു. സംസ്കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തും. ബള്‍ഗേറിയയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളായ റോസ്മിയും ആന്‍മിയും മക്കളാണ്. ബീനയുടെ ഭര്‍ത്താവ് ജോര്‍ജും മകള്‍ ആന്‍മിയും അയര്‍ലന്‍ഡില്‍ നിരീക്ഷണത്തിലാണ്. മകള്‍ റോസ്മി അയര്‍ലന്‍ഡിലേക്ക് വരാന്‍ കഴിയാത്തതുമൂലം ബള്‍ഗേറിയയിലാണുള്ളത്. 15 വര്‍ഷമായി ഇവര്‍ അയര്‍ലന്‍ഡിലാണ് താമസിക്കുന്നത്.
ന്യൂയോര്‍ക്കിലെ എല്‍മണ്ടില്‍ സ്ഥിര താമസക്കാരായ കടപ്ര വളഞ്ഞവട്ടം വലിയ പറമ്പില്‍ തൈക്കടവില്‍ സജി ഏബ്രാഹാമിന്റെ മകന് ഷോണ്‍ എസ്. ഏബ്രഹാം (21) കൊറോണ ബാധിച്ച് മരിച്ചു. കൊമേഴ്സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇന്ത്യന്‍ സമയം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു മരണം. നാല് ദിവസം മുമ്പാണ് ഷോണിന് രോഗം സ്ഥിരീകരിച്ചത്. മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി വടക്കേക്കര വീട്ടില്‍ സോളി ഏബ്രഹാമാണ് മാതാവ്. സ്നേഹ, ഷാന എന്നിവര്‍ സഹോദരിമാര്‍. 25 വര്‍ഷമായി ഷോണിന്റെ കുടുംബം അമേരിക്കയിലാണ്. മൂന്ന് വര്‍ഷം മുമ്പാണ് ഷോണ്‍ അവസാനമായി നാട്ടിലെത്തിയത്.
ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥന് മൂലറ്റം മുട്ടം ഇഞ്ചനാട്ട് തങ്കച്ചന് (51) കൊറോണ ബാധിച്ച് മരിച്ചു. 28 വര്‍ഷമായി ന്യൂയോര്‍ക്ക് ക്വീന്‍സിലായിരുന്നു താമസം. ഇന്നലെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം മൂന്നു മണിക്കായിരുന്നു മരണം.
പനിയും ജലദോഷവും ഉണ്ടായതിനെത്തുടര്‍ന്ന് തങ്കച്ചന് ആശുപത്രിയില്‍ പോയിരുന്നു. എന്നാല്‍ പാരസെറ്റമോള്‍ നല്കി സ്വയം നിയന്ത്രിക്കണം എന്നും അസുഖം കൂടുതലായാല്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തണമെന്നും പറഞ്ഞ് ആശുപത്രി അധികൃതര്‍ തങ്കച്ചനെ വീട്ടിലേക്ക് പറഞ്ഞ് വിട്ടു. രണ്ട് ദിവസം കഴിഞ്ഞ് അസുഖം കൂടിയപ്പോള്‍ തങ്കച്ചനും ഭാര്യയും ആശുപത്രിയില്‍ എത്തി നിര്‍ബന്ധമായും രക്തം പരിശോധിക്കണമെന്ന് ആശുപത്രി അധികൃതരോട് അവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അസുഖം തീവ്രമായതെന്ന് അറിഞ്ഞത്. 18 ദിവസത്തെ അവധിക്ക് ശേഷം ഡിസംബര്‍ 23നാണ് തങ്കച്ചന് ന്യൂയോര്‍ക്കിലേക്ക് തിരിച്ച് പോയത്. ഭാര്യ ഷീബ ഏറ്റുമാനൂര്‍ കാണക്കാരി കൊങ്ങാമ്പുഴ കാലായില്‍ കുടുബാംഗം. ഷീബയും മക്കളായ മാത്യൂസും സിറിലും ന്യൂയോര്‍ക്കില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ഇതോടെ കൊറോണ ബാധിച്ച് വിദേശത്ത് മരിച്ച മലയാളികള്‍ എട്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: