ജീവിതത്തില്‍ ആദ്യമായി സൗജന്യ റേഷന്‍ വാങ്ങിയതിന്റെ അനുഭവം പങ്കിട്ട് മണിയന്‍പിള്ള രാജു. റേഷന്‍ അരിയെ വിമര്‍ശിച്ച് ഫേസ്ബുക്കിലെ പോസ്റ്റുകള്‍ കണ്ടതിനെ തുടര്‍ന്നാണ് സ്വയം റേഷന്‍കടയില്‍ വാങ്ങാനായി പോയതെന്നും മണിയന് പിള്ള രാജു പറഞ്ഞു.
കോവിഡ മൂലം ഷൂട്ടിങ് മുടങ്ങി വീട്ടിനുള്ളില്‍ തന്നെ അടച്ചിരിക്കുമ്പോഴാണു സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വിതരണം തുടങ്ങുന്നത്. ഭാര്യയുടെ പേരിലുള്ള വെള്ളക്കാര്‍ഡിലെ നമ്പറിന്റെ അവസാനം ഒന്ന് ആണ്. അതിനാല്‍ ആദ്യ ദിവസം തന്നെ റേഷന്‍ വാങ്ങാനായി മകന് നിരഞ്ജനുമൊപ്പം ഇറങ്ങി.
തിരുവനന്തപുരത്തു ജവഹര്‍ നഗറിലുള്ള റേഷന്‍ കടയിലേക്കു നടന്നു പോകുമ്പോള്‍ എതിരെ വന്നയാള്‍ ചോദിച്ചു എങ്ങോട്ടാ? റേഷന്‍ വാങ്ങാനെന്നു പറഞ്ഞപ്പോള്‍ ”സാറിനൊക്കെ നാണമില്ലേ റേഷനരി വാങ്ങാന്‍” എന്നായിരുന്നു അയാള്‍ പ്രതികരിച്ചത്.
എനിക്കൊരു നാണക്കേടുമില്ല… ഇതൊക്കെ നാണക്കേടാണെങ്കില്‍ ഈ നാണക്കേടിലൂടെയാണു ഞാന്‍ ഇവിടെ വരെ എത്തിയതെന്ന് മറുപടി നല്കി. റേഷന്‍ കടയില്‍ വലിയ തിരക്കില്ല.10 കിലോ പുഴക്കലരിയും 5 കിലോ ചമ്പാവരിയും വാങ്ങി. ഇതിനായി ഒരു പൈസ പോലും കൊടുക്കേണ്ടി വന്നില്ല. നല്ലൊന്നാന്തരം അരി. വീട്ടിലെത്തി ചോറു വച്ചപ്പോള്‍ നല്ല രുചി. വീട്ടില്‍ സാധാരണ വയ്ക്കുന്ന അരിയുടെ ചോറിനെക്കാള്‍ നല്ല ചോറ്.
കുട്ടിക്കാലത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഇത്. അന്നൊക്കെ കഴിക്കുന്ന പ്ലേറ്റില്‍ നിന്ന് ഒരു വറ്റ് താഴെ വീണാല്‍ അച്ഛന് നന്നായി വഴക്കു പറയും. ആ ചോറ് പെറുക്കിയെടുപ്പിച്ചു കഴിപ്പിക്കും. അഞ്ചു മക്കളുള്ള കുടുംബത്തില്‍ റേഷനരിയായിരുന്നു പ്രധാന ആഹാരവും ആശ്രയവും.
റേഷന്‍ കടയില്‍പോകാന്‍ വാടകയ്ക്ക് സൈക്കിള്‍ എടുക്കാന്‍ 25 പൈസ അച്ഛന് തരും. അതും ലാഭിക്കാന്‍ നടന്നാണു പോവുക. അരിയും ഗോതമ്പും പഞ്ചസാരയും ഒക്കെ വാങ്ങി തലയില്‍ വച്ച് വീട്ടിലേക്കു നടക്കും. അരി വീട്ടില്‍ കൊണ്ടുവന്നാലും പണി കഴിയില്ല. അരി നിറയെ കട്ടയും പുഴുവും കല്ലുമായിരിക്കും. അതെല്ലാം പെറുക്കി മാറ്റി വൃത്തിയാക്കി അമ്മയ്ക്കു കൊടുക്കണം.
ആ ചോറായിരുന്നു വീട്ടിലെ മുഖ്യ ഭക്ഷണം. വിശപ്പുള്ളപ്പോള്‍ ആ ചോറിലെ നാറ്റം ആരും അറിഞ്ഞതേയില്ല. അന്നൊക്കെ കഞ്ഞിവെള്ളത്തില്‍ മുക്കിയ വസ്ത്രം ധരിച്ചവന്റെ അടുത്തിരുന്നാല്‍ ആ ചോറിന്റെ മണം വരുമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.
ഇപ്പോള്‍ റേഷനരിയെ ആക്ഷേപിക്കുന്നവര്‍ക്കൊന്നും വിശപ്പിന്റെ കാഠിന്യം അറിയില്ല. അല്ലെങ്കില്‍ അവര്‍ അതെല്ലാം വേഗം മറക്കുന്നു. അക്കാലത്തു നിന്നാണ് ഇപ്പോഴത്തെ ഇത്ര നല്ല റേഷന്‍ അരിയിലേക്കുള്ള മാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: