കാസര്‍കോട്: കാസര്‍കോട്ടെ മത്സ്യമേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന സമിതിയംഗം പി.രമേശ് ആവശ്യപ്പെട്ടു. ലോക്ഡൗണിന്റെ ഭാഗമായി മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് മറ്റ് ജില്ലകളില്‍ എടുത്ത് കളഞ്ഞെങ്കിലും കാസര്‍കോട് തുടരുകയാണ്.
ദിവസങ്ങളായി മത്സ്യ ബന്ധനത്തിന് പോകാത്തതിനാല്‍ തന്നെ തീരദേശം കടുത്ത വറുതിയിലാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍പോലും കൃത്യമായി തീരദേശവാസികള്‍ക്ക് ലഭിക്കുന്നില്ല. വരുമാനമില്ലാത്തതിനാല്‍ അരിലഭിച്ചാലും പലവ്യഞ്ജനങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള മറ്റ് ആവശ്യ വസ്തുക്കള്‍ വാങ്ങാന്‍ ഇവരില്‍ പലര്‍ക്കുമാകില്ല.
കൊറോണ പ്രതിരോധത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ആഹാരസാധനങ്ങള്‍ കഴിക്കണമെന്നാണ് ആരോഗ്യവകുപ്പ് തന്നെ പറയുന്നത്. കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ വഴിയും മറ്റും നല്കുന്ന ഭക്ഷ്യകിറ്റുകള്‍ ബിപിഎല്ലില്പ്പെട്ടവര്ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് ന്യായമായ വിലയ്ക്കും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കാസര്‍കോട്ടെ തീരദേശവാസികള്‍ക്ക് റേഷന്‍ കടകള്‍ വഴി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ധാന്യങ്ങളും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടെയുള്ളവ റേഷന്‍ കടകള്‍ വഴി മത്സ്യബന്ധനം പുനരാരംഭിക്കുംവരെ ലഭ്യമാക്കണം. തീരപ്രദേശത്ത് ആവശ്യമരുന്നുകളുടെ ലഭ്യതയില്‍ ക്ഷാമം നേരിടുന്നുണ്ട്. ഇത്പരിഹരിക്കാന്‍ അടിയന്തമായി സര്‍ക്കാര്‍ കടലോരമേഖലയില്‍ മരുന്ന് വിതരണത്തിനായി ആരോഗ്യകേന്ദ്രങ്ങള്‍ ആരംഭിക്കണം. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി മത്സ്യലഭ്യതയില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്.
അതിനാല്‍ തന്നെ തീരദേശവാസികള്‍ വന്‍ സാമ്പത്തിക പ്രയാസത്തിലൂടെയാണ് കടന്നു പോകുന്നത്. മത്സ്യത്തൊഴിലാളികളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് പി.രമേശ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: