ന്യൂദല്‍ഹി : രാജ്യത്തെ കോവിഡ 19 ബാധിതരുടെ എണ്ണം 3072 ആയെന്ന് ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസം മാത്രം 525 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2, 748 പേര് ചികിത്സയിലാണ്. രോഗബാധയേറ്റ് രാജ്യത്ത് മരിച്ചവരുടെ എണ്ണം 75 ആയിട്ടുണ്ട്. 213 പേര്‍ക്ക് രോഗം ഭേദമായി.
ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍, 490 പേരും മഹാരാഷ്ട്രയിലാണ്. ഇവിടെ മരിച്ചവരുടെ എണ്ണം 26 കഴിഞ്ഞു. മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നിലുള്ള തമിഴ്നാട്ടില്‍, 485 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച 79,950 പേരുടെ സാമ്പിളുകള്‍ ഐസിഎംആര്‍ പരിശോധിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരില്‍ ആയിരത്തിലധികം പേര് നിസാമുദീന്‍ തബ്ലീഗ് സമ്മേളനവുമായി ബന്ധമുള്ളവരാണെന്ന് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു. അതേസമയം ലോക് ഡൗണ്‍ പിന്‍വലിക്കാന്‍ പത്ത് ദിവസം ശേഷിക്കേ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ സാമഗ്രികള്‍, വെന്റിലേറ്റര്‍ എന്നിവയുടെ ലഭ്യത യോഗത്തില്‍ വിലയിരുത്തി. തിങ്കളാഴ്ച്ച മന്ത്രിതല ഉപസമിതി ചേരും. ബുധനാഴ്ചയാണ് പ്രധാനമന്ത്രി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം.
ലോകത്ത് കോവിഡ് 19 രോഗം ബാധിച്ചുമരിച്ചവരുടെ എണ്ണം 64,667 ലെത്തി. ഇറ്റലിയില്‍ 15362, സ്പെയിന് 11947, യുഎസ് 8444, ഫ്രാന്‍സ് 7560, ബ്രിട്ടന് 4313, ഇറാന് 3452, ചൈന 3326, നെതര്‍ലന്‍ഡ്സ് 1651 എന്നിങ്ങനെയാണു വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം. ഫ്രാന്‍സില്‍ ശനിയാഴ്ച 1053 പേരും യുഎസില്‍ 1040 പേരും മരിച്ചു. ലോകമാകെയുള്ള കോവിഡ് രോഗികളുടെ എണ്ണം 12 ലക്ഷം കടന്നു. 708 പേരാണ് ശനിയാഴ്ച ബ്രിട്ടനില്‍ മരിച്ചത്. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മരണനിരക്കാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: