ഞാന്‍ കെ.സി. ബിജു. ലക്ഷക്കണക്കിന് മലയാളികള്‍ പലായനം ചെയ്യേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാന്‍ വേണ്ടി ബെംഗളൂരുവിലെ ഒരു മലയാളി എന്ന നിലയ്‌ക്ക് എഴുതുന്നു. വെറുതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി കര്‍ണാടകത്തിലെ മലയാളികളുടെ സൈ്വര്യം കെടുത്തരുത്. ചില സംഘടനകള്‍ ഒരു കാരണം കിട്ടാന്‍ നോക്കിയിരിക്കുകയാണ്. അവര്‍ പ്രക്ഷോഭം തുടങ്ങിയാല്‍ മലയാളികള്‍ ഇവിടെ നിന്ന് കൂട്ടപ്പലായനം ചെയ്യേണ്ടി വരും. ബെംഗളൂരില്‍ മാത്രം 20 ലക്ഷത്തിലധികം മലയാളികളുണ്ട്. മംഗലാപുരം, ഉഡുപ്പി, ശിവമോഗ, കുടക് തുടങ്ങിയ സ്ഥലങ്ങളില്‍ ലക്ഷക്കണക്കിന് കുടിയേറ്റ കര്‍ഷകര്‍ ഉണ്ട്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
കര്‍ണ്ണാടകത്തിലെ ബേക്കറികളില്‍ 90% മലയാളികളുടേതാണ്, പ്രൊവിഷന്‍ സ്റ്റോര്‍, റെസ്റ്റോറന്റ് എന്നിവയുടെ നല്ല പങ്കും മലയാളികളുടേതാണ്. എല്ലാ വിഭാഗക്കാരേയും കൂട്ടിയാല്‍ ഒരു കോടിയിലേറെ മലയാളികള്‍ കര്‍ണ്ണാടകയിലുണ്ട്. ഇവരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ഉണ്ടാകരുത്.
അതിര്‍ത്തി പ്രദേശങ്ങളില്‍ നല്ല ആശുപത്രികള്‍ സ്ഥാപിക്കാത്തത്് കേരളത്തിന്റെ കഴിവുകേടാണ്. ഇനിയെങ്കിലും കൊടി നാട്ടല്‍ പരിപാടി നിര്‍ത്തി വിദ്യാഭ്യാസ സ്ഥാപനങ്ങളും, വ്യവസായ സംരംഭങ്ങളും, ആശുപത്രികളും നിര്‍മ്മിക്കാന്‍ കേരളം തയ്യാറാകണം. അന്യന്റെ പറമ്പിലെ പുല്ല് കണ്ട് പശുവിനെ വളര്‍ത്തരുത്.
കര്‍ണ്ണാടകയ്‌ക്ക് എതിരെയുള്ള ഹെയിറ്റ് കാമ്പൈന്‍ ആ സംസ്ഥാനത്ത് ജോലി ചെയ്യുന്നവര്‍ക്കും കച്ചവടം നടത്തുന്ന പതിനായിരക്കണക്കിന് ആളുകള്‍ക്കും പ്രയാസം സൃഷ്ടിക്കും. കന്നട വികാരം വലിയ തോതില്‍ പ്രചരിപ്പിക്കുന്ന പ്രാദേശികവാദ സംഘടനകള്‍ക്ക് വിഷയം കിട്ടിയാല്‍ രംഗം മാറി മറിയും.
നമുക്കിടയില്‍ ചിലര്‍ ആഗ്രഹിക്കുന്നതും അതാണ്. അത് കൊണ്ട് ഇത്തരം വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. വലിയൊരു ശതമാനം കര്‍ണ്ണാടകക്കാര്‍ക്ക് ഉത്തരേന്ത്യക്കാരോട് (മാര്‍വാടികള്‍ എന്നാണവര്‍ പറയാറുള്ളത്) ദേഷ്യവും വിരോധവും ഉണ്ട്.കര്‍ണാടക രക്ഷണവേദികെ ജയകര്‍ണാടക തുടങ്ങിയ പ്രാ
ദേശികവാദം ഉയര്‍ത്തുന്ന മിക്ക സംഘടനകളും പരസ്യമായി ഇവര്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്. കാവേരി പ്രശ്നത്തില്‍ തമിഴ്നാടിനോടും എതിര്‍പ്പുണ്ട്, ആന്ധ്രയോടും ചില വിദ്വേഷമുണ്ട്. പക്ഷെ പൊതുവേ മലയാളികളോട് നല്ല സഹകരണമാണ് കന്നടക്കാര്‍ക്ക്. മറ്റുള്ളവരെ അപേക്ഷിച്ച് ഇവിടുത്തെ നാട്ടുകാരെ പോലെ നിഷ്പ്രയാസം കന്നട സംസാരിക്കാന്‍ മലയാളികള്‍ക്ക് കഴിയാറുണ്ട്. അതൊരു ഘടകമാണ്. പല കാര്യങ്ങളിലും അന്നാട്ടുകാരുമായി വളരെ ഇണങ്ങി ചേര്‍ന്ന് നില്‍ക്കുന്ന ബന്ധമാണുള്ളത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ പൊതുവേ മലയാളികള്‍ സുരക്ഷിതരാണ്.
ഇപ്പോള്‍ നടക്കുന്ന കാമ്പെയ്നിങ്ങും കന്നടയിലും മറ്റുമുള്ള ഫേസ്ബുക്കിലെ ആക്രമണങ്ങളും തെറിവിളിയും സൂക്ഷിക്കുക. ഇത് കന്നടപ്രാദേശികവാദികള്‍ ഏറ്റെടുത്താല്‍ അവര്‍ ഒറ്റക്കെട്ടാകും. അത് അവിടെ ജീവിക്കുന്ന മലയാളികള്‍ക്ക് പ്രയാസങ്ങളുണ്ടാക്കും. കച്ചവട സ്ഥാപനങ്ങളടക്കം കൈവിട്ട് പോകും. അത് കൊണ്ട് ഇത്തരം പ്രചാരണങ്ങളില്‍ നിന്ന് മാറി നില്‍ക്കണം.
എല്ലാ സംസ്ഥാനങ്ങളും ജില്ലകളും കൊറോണയെ ചെറുക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്‌ട്രയില്‍ നിന്നും വന്ന രോഗിയെ മൂന്ന് ദിവസത്തോളം കേരളത്തില്‍ കടത്താതെ മുത്തങ്ങ ചെക്കുപോസ്റ്റില്‍ പിടിച്ചിട്ടിരുന്നു. അവരെ മലയാളം മിഷന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് നഞ്ചന്‍കോട്ട് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. പിന്നിട് 3 ദിവസം നിരന്തരമായി ഇടപെട്ടാണ് കേരളത്തിലേക്ക് കടത്തിവിട്ടതും.
അതിനാല്‍ വിഷമിപ്പിക്കരുത്. കന്നടിഗര്‍ രാഷ്‌ട്രീയത്തിന്റെ പേരില്‍ ആരെയും ക്രൂരമായ് ആക്രമിക്കില്ല. മറിച്ച് കര്‍ണാടകത്തിന്റെ പേരിലുള്ള ആക്രമണം വലുതായിരിക്കും. അവര്‍ക്ക് രാഷ്‌ട്രീയത്തിനല്ല പ്രാധാന്യം അവരുടെ ദേശത്തിനാണ് .
കെ.സി. ബിജു
പ്രസിഡന്റ്
യശ്വന്ത്പുര കേരള സമാജം
പ്രതികരിക്കാൻ ഇവിടെ എഴുതുക: