കൊല്ലം: യൂട്യൂബ് ദൃശ്യങ്ങളുടെ സഹായത്തോടെ ചാരായം വാറ്റിയ യുവാക്കള്‍ പിടിയില്‍. കൊല്ലം രണ്ടാം കുറ്റി പ്രതീക്ഷാ നഗര്‍ 137 ല്‍ വാടകയ്ക്ക് താമസിക്കുന്ന ദിനേശ്, കന്റോണ്‍മെന്റ് സൗത്ത് പുതുവല്‍ പുരയിടത്തില്‍ അനീഷ് എന്നിവരെയാണ് കിളികൊല്ലൂര്‍ എസ്.ഐ ശ്യാമിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.
രണ്ടാംകുറ്റിക്കു സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ ആളുകൂടി നില്‍ക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് ഇവിടെ പരിശോധനയ്ക്കെത്തിയത്. പോലീസിനെക്കണ്ട് ഇവിടെ കൂടി നിന്നവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതോടെയാണ് ചാരായം വാറ്റ് പുറത്തറിഞ്ഞത്. വിശദമായ പരിശോധനയില്‍ പ്രഷര്‍ കുക്കറില്‍ വാറ്റ് നടത്തിയിരുന്ന രണ്ടു യുവാക്കളും പിടിയിലായി. വാറ്റിനെക്കുറിച്ച് അറിവില്ലായിരുന്ന ഇരുവരും മദ്യം കിട്ടാത്തതിന്റെ വിഷമത്തിലാണ് വാറ്റാനിറങ്ങിയതെന്ന് പോലീസ് പറഞ്ഞു.
പ്രഷര്‍ കുക്കറില്‍ മുന്തിരിയും മറ്റ് പഴവര്‍ഗങ്ങളും ചേര്‍ത്ത് ദിവസങ്ങളോളം സൂക്ഷിച്ചശേഷമാണ് വാറ്റാന്‍ ആരംഭിച്ചത്. ഇന്നലെ (വ്യാഴാഴ്ച) ഭാര്യയെ സ്വന്തം വീട്ടിലേക്കു പറഞ്ഞയച്ച ദിനേശ് സുഹൃത്തായ അനീഷിനെ വിളിച്ചുവരുത്തുകയായിരുന്നു. ഒരു കുപ്പി നിറയെ ചാരായം ഇവര്‍ വാറ്റിയെടുത്തു. രണ്ടാമത്തെ കുപ്പി നിറയുന്നതിനിടെ ആയിരുന്നു പോലീസെത്തിയതും പരിശോധിച്ചതും ഇരുവരും പിടിയിലായതും. പ്രതികളെ ഇന്നു വൈകിട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് കിളികൊല്ലൂര്‍ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: