ന്യൂദല്‍ഹി: കര്‍ണാടക അതിര്‍ത്തി കേരളത്തിനു തുറന്ന് കൊടുക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെ അനുകൂലിച്ച് സുപ്രീം കോടതി. അതേസമയം രോഗികളെ കടത്തിവിടുന്നതിനായി മാര്‍ഗരേഖ തയ്യാറാക്കണമെന്ന് കോടതി പറഞ്ഞു.
ഇരു സംസ്ഥനങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാനും കോടതി നിര്‍ദേശിച്ചു. ചീഫ് സെക്രട്ടറിമാര്‍ തയ്യാറാക്കുന്ന മാര്‍ഗരേഖ പരിഗണിച്ച ശേഷം വിഷയത്തില്‍ അന്തിമവിധി സുപ്രീം കോടതി ചൊവ്വാഴ്ച പുറപ്പെടുവിക്കും. ജസ്റ്റിസ് എല്‍.നാഗേശ്വര റാവുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
എന്നാല്‍, കഴിഞ്ഞ ദിവസം തന്നെ രോഗികള്‍ക്കായി അതിര്‍ത്തി തുറന്നു നല്‍കാമെന്ന് കര്‍ണ്ണാടകം വ്യക്തമാക്കിയിരുന്നു. ഗുരുതരാവസഥയിലുള്ള രോഗികള്‍ക്കായി അതിര്‍ത്തി തുറന്ന് കൊടുക്കാനാണ് പുതിയ തീരുമാനം. ഇതിനായി അതിര്‍ത്തിയില്‍ ഒരു ഡോക്ടറേയും നിയമിച്ചു. മംഗലാപുരത്തയ്ക്ക് ചികിത്സിയ്ക്കായി അതിര്‍ത്തിയില്‍ എത്തുന്നവരെ പരിശോധിച്ചശേഷം ആരോഗ്യ നില അതീവ ഗുരുതരമാണെങ്കില്‍ മാത്രമേ കടത്തിവിടൂ. ഇതിന് ഡോക്ടറുടെ അനുമതി കൂടിയേ തീരൂ. രോഗികള്‍ക്കായി അതിര്‍ത്തി തുറന്നുകൊടുക്കണമെന്ന് കേരള ഹൈക്കോടതി ബുധനാഴ്ച ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരുന്നു.
രോഗികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു മാത്രമാണ് ഈ ഉത്തരവ് ബാധകം. ചരക്കുനീക്കത്തിന് ബാധകമല്ല. സുപ്രീം കോടതിയില്‍ നടന്ന വാദത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കൊറോണ ഹോട്ട് സ്പോട്ടുകളില്‍ ഒന്നാണ് കാസര്‍കോട് എന്ന് കര്‍ണാടക ചൂണ്ടിക്കാട്ടി. അതിനാല്‍ കാസര്‍കോട്ടുനിന്ന് മംഗലാപുരത്തേക്ക് വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്നും കര്‍ണാടക പറഞ്ഞു. ഇതിനാല്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് തങ്ങള്‍ക്ക് നടപ്പാക്കാനാവില്ലായെന്നും കര്‍ണാടകയുടെ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: