കാസര്‍കോട്: കോവിഡ് രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്കും കാസര്‍കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ച 7 പേര്‍ക്കാണു യാതൊരുവിധ ലക്ഷണങ്ങളും ഇല്ലാത്തത്. എല്ലാവരും ഗള്‍ഫില്‍ നിന്ന് എത്തിയവര്‍. അതുകൊണ്ടാണു ലക്ഷണങ്ങള്‍ ഇല്ലാതിരുന്നിട്ടും ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്.
ഗള്‍ഫിലെ നെയ്ഫ് മേഖലയില്‍ നിന്നു വരുന്നവര്‍ക്കു ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ കൂടി സ്രവം പരിശോധനയ്ക്ക് എടുക്കുന്നുണ്ട്. ഈ പരിശോധനയിലാണു പോസിറ്റീവ് ഫലം ലഭിച്ചത്.
പനി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിക്കുന്നതു സ്ഥിതി സങ്കീര്‍ണമാക്കുമെന്ന ആശങ്കയുണ്ട്.
പ്രതിരോധ ശേഷി കൂടുതലുള്ളതുകൊണ്ടാകാം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതെന്നാണു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഇവരില്‍ നിന്നു രോഗം മറ്റുള്ളവരിലേക്കു പടരും. ഈ സാഹചര്യം കൂടി മുന്നില്‍ കണ്ടാണു ഗള്‍ഫില്‍ നിന്നു വരുന്ന എല്ലാവരോടും 28 ദിവസം ക്വാറന്റീനില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നത്.
ഗള്‍ഫില്‍ നിന്ന് എത്തിയ എല്ലാവരുടെയും സാംപിള്‍ പരിശോധിക്കുന്നതു നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ല. റാപിഡ് ടെസ്റ്റ് തുടങ്ങിയാല്‍, നിരീക്ഷണത്തിലുള്ള എല്ലാവരുടെയും രക്തസാംപിള്‍ പരിശോധിക്കുന്ന കാര്യം ആരോഗ്യവകുപ്പ് ആലോചിക്കുന്നുണ്ട്. എല്ലാ പിഎച്ച്സികളിലും റാപിഡ് ടെസ്റ്റ് ആരംഭിച്ചാല്‍ അവിടെ വച്ചു തന്നെ സാംപിള്‍ പരിശോധിക്കാന്‍ കഴിയും. ഫലം പോസിറ്റീവ് ആയാലും നിലവിലുള്ള ഇസിആര്‍ ടെസ്റ്റ് കൂടെ ചെയ്തു ഫലം ഉറപ്പാക്കേണ്ടി വരുമെന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: