വി.എസ്.സുനില്‍ കുമാര്‍,
(കൃഷിവകുപ്പ് മന്ത്രി).
കോവിഡ് 19 ചൈനയില്‍ തുടങ്ങി ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുകയാണല്ലോ. അതിനെതിരെ സാമുഹ്യ അകലം പാലിച്ചുകൊണ്ട് മാനസിക ഐക്യത്തോടെ നാമെല്ലാം വീടുകളില്‍ തന്നെ കഴിഞ്ഞു വരികയുമാണല്ലോ. 2020 മാര്‍ച്ച് 25 ന് ആരംഭിച്ച ലോക് ഡൗണ്‍ ഇപ്പോഴും തുടരുകയാണ്. വീടുകളില്‍ തുടരുന്ന ഈ കാലയളവില്‍ ആരോഗ്യവും മാനസികോല്ലാസവും ഉണ്ടാകുന്നതിന് ഏറ്റവും നല്ല മാര്‍ഗ്ഗം ചെറിയ ചെറിയ കൃഷിപ്പണികളില്‍ ഏര്‍പ്പെടുക എന്നുള്ളതാണ്.
. യുദ്ധകാലത്ത് അതിരൂക്ഷമായ ഭക്ഷ്യക്ഷാമം ആ ദേശത്തെ ഞെരുക്കിയ സന്ദര്‍ഭത്തില്‍ ജനങ്ങള്‍ക്ക് റേഷന്‍ അനുവദിച്ച കൂട്ടത്തില്‍ ഭരണകൂടം ഓരോ കുടുംബത്തിനും ഒന്നര സെന്റ് ഭൂമി വീതം അനുവദിച്ചു. അവരവര്‍ക്ക് ലഭിച്ച ഒന്നര സെന്റില്‍ അവര്‍ കൃഷി ചെയ്തു, കോഴിയെ വളര്‍ത്തി, പശുവിനെയും പന്നിയെയുമൊക്ക പരിപാലിച്ചു. വീട്ടിലേക്കാവശ്യമായ പച്ചക്കറിയെ അവിടെ നിന്ന് ഉല്പാദിപ്പിച്ചു. അലോട്ട്മെന്റ് ഗാര്ഡന് എന്ന ആശയം വളരെ നല്ല നിലയില്‍ അവിടെ സ്വീകരിക്കപ്പെട്ടു എന്നു മാത്രമല്ല ഓരോ വീടും ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിന് അത് ഇടയാക്കുകയും ചെയ്തു. ഇതുപോലെ വിക്ടറി ഗാര്ഡന്, കമ്മ്യൂണിറ്റി ഗാര്ഡന്, ഹോം ഗാര്ഡന്, ഗാര്‍ഡന്‍സ് ഓഫ് ദി പുവര്‍ തുടങ്ങിയ പേരുകളില്‍ സമാനമായ ആശയങ്ങള്‍ മറ്റു പല രാജ്യങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാന ഘടകം കുടുംബം ആണുതാനും. ലളിതമാണെങ്കിലും അത് ഉയര്‍ത്തുന്ന സ്വധീനം വലുതാണ്.
. നമുക്കാവശ്യമുള്ള ഭക്ഷ്യവസ്തുകള്‍ക്കും പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്കും വേണ്ടി അതിര്‍ത്തി കടന്നെത്തുന്ന ചരക്കുലോറികള്‍ക്കായി നാം കാത്തിരിക്കാതെ നമ്മുടെ സ്വന്തം മണ്ണില്‍ വിത്തിറക്കി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയാണ് വേണ്ടത്. ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കായി ഇപ്പോഴേ തയ്യാറെടുക്കണം, അതാണ് വേണ്ടത്. ഇവിടെ നമുക്ക് നല്ല മണ്ണുണ്ട്, നല്ല വെള്ളമുണ്ട്, മനോഹരമായ കാലാവസ്ഥയുണ്ട്, നാളികേരത്തിന്റെ ഈ നാട്ടില്‍ വിളയാത്ത ഏതു വിളയാണുള്ളത്? നമുക്കാവശ്യമുള്ള പച്ചക്കറികള്‍ നമ്മുടെ മണ്ണില്‍ തന്നെ ഉല്പാദിപ്പിക്കുക എന്നതാണ് പ്രധാനം. അങ്ങനെ വരുമ്പോള്‍ കൃഷിയെന്നത് മലയാളിയുടെ ആത്മബോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും അടിത്തറയായി മാറും.
വിപണിയെ വളരെ കുറച്ചു മാത്രം ആശ്രയിച്ചിരുന്ന ഒരു തലമുറ നമുക്ക് മുമ്പ് ഇവിടെ ജീവിച്ചിരുന്നു. സ്വന്തം വീട്ടുവളപ്പില്‍, അല്ലെങ്കില്‍, പാട്ടത്തിനെടുത്ത സ്ഥലത്ത് അവശ്യം വേണ്ട പച്ചക്കറികളെല്ലാം അവര്‍ ഉല്പാദിപ്പിച്ചിരുന്നു. ഓരോ കാലത്തും വീട്ടുവളപ്പില്‍ നിന്ന് ലഭിച്ചിരുന്ന കാര്‍ഷിക വിഭവങ്ങള്‍ അവരുടെ ഭക്ഷണത്തിന്റെ പ്രധാന ഭാഗവുമായിരുന്നു. രാവിലെ കഞ്ഞി കുടിച്ച് പാടത്തേക്കോ പറമ്പിലേക്കോ ഇറങ്ങിയാല്‍ രാത്രിവരെ അവിടെ പണിയെടുത്ത് മണ്ണിനെ പൊന്നാക്കിയവരുടെ പിന്മുറക്കാരാണ് നമ്മള്. വേനല്‍മഴ കിട്ടിക്കഴിഞ്ഞാല്‍ കിഴങ്ങു വര്‍ഗ്ഗങ്ങള്‍ നടുന്നു, പറമ്പ് കിളച്ച് പൊലികൂട്ടിയിരുന്നു, തെങ്ങിന് തടം തുറന്നിരുന്നു, കൂടാതെ അവര്‍ വെള്ളം കരുതലോടെ ഉപയോഗിച്ചിരുന്നു, അങ്ങനെയാണവര്‍ ഇവിടെ ജീവിച്ചിരുന്നത്. സൗകര്യങ്ങള്‍ കൂടുന്നതോടെ പ്രകൃതിയില്‍ നിന്നും, മണ്ണില്‍ നിന്നും പതുക്കെ അകലാനാണ് നമ്മള് തിടുക്കം കാണിച്ചത്. അതോടെ ജീവിത ശൈലീരോഗങ്ങള്‍ നമ്മെ കടന്നാക്രമിക്കാനും തുടങ്ങി. ഉണ്ണിപ്പിണ്ടിയും വാഴക്കുടപ്പനും ചേമ്പും താളും ഉള്‍പ്പെടെയുള്ള നാടന്‍ വിഭവങ്ങള്‍ ഈ കൊറോണക്കാലത്ത് നമ്മുടെ തീന്മേശകളിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു വളരെ സന്തോഷം പകരുന്ന കാര്യവുമാണത്. സ്വന്തമായി കൃഷി ചെയ്ത് ഉണ്ടാക്കുന്ന വിഭവങ്ങള്‍ കഴിക്കുമ്പോള്‍ നാവിനും മനസ്സിനും ഉണ്ടാകുന്ന അനുഭൂതി വിശേഷത്തിന് പകരം വയ്ക്കാവുന്ന മറ്റൊന്നും തന്നെയില്ല. നമ്മള് ഒരു വിത്തു നടുന്നു അത് മുളച്ച് വളര്‍ന്ന്, വലുതായി, അതില്‍ പൂ വരുന്നു, കായ് ഉണ്ടാകുന്നു, മൂപ്പെത്തുമ്പോള്‍ അത് ഭക്ഷണത്തിന്റെ ഭാഗമാകുന്നു. ഈ പ്രക്രിയ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. അതൊരു അനുഭവമാണ്. കേരളത്തിന്റെ തനത് കാര്‍ഷിക അനുഭവം. ഈ അനുഭവം തന്നെയാണ് പുതിയ തലമുറയിലേക്ക് പകര്‍ന്നു നല്‍കേണ്ടത്.
മലയാളി സമൂഹത്തെ നല്ല ആരോഗ്യവും ശാരീരികക്ഷമതയും ഉള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ജീവനി – നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന ബൃഹത്തായ പദ്ധതിക്ക് കൃഷിവകുപ്പ് രൂപം നല്‍കിയത്. ആരോഗ്യവകുപ്പിന്റെ കൂടി സഹകരണത്തോടെ ഓരോ പ്രദേശത്തിനും അനുയോജ്യമായ ഭക്ഷണതളിക തയ്യാറാക്കി, തളികയിലേക്ക് ആവശ്യമായ പഴങ്ങളും പച്ചക്കറികളും ജനകീയ പങ്കളിത്തത്തോടെ വീട്ടുവളപ്പില്‍ തന്നെ വിളയിച്ചെടുക്കുക എന്നതാണ് ജീവനിയുടെ രീതി ശാസ്ത്രം. പദ്ധതി നല്ല നിലയില്‍ നടപ്പാക്കി വരുന്നതിനിടയിലാണ് കോവിഡ് 19 രോഗ വ്യാപനം ഉണ്ടായത്. അതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ കൂടി വന്നതോടെ നടീല്‍ വസ്തുകളുടെയും വിത്തുകളുടെയും വിതരണം തടസ്സപ്പെട്ടു. എങ്കിലും നമ്മുടെ മുന്നില്‍ സാധ്യതകളുടെ പുതിയവാതിലുകള്‍ തുറന്നു തന്നെയാണ് കിടക്കുന്നത്. നിലവില്‍ വീടുകളില്‍ പച്ചക്കറി കൃഷി ചെയ്യുന്നവര്‍ക്ക് അവ പരിപാലിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുന്നുണ്ട്. കൃഷി ചെയ്യാന്‍ ആദ്യം വേണ്ടത് സ്ഥലമോ സൗകര്യമോ അല്ല, കൃഷി ചെയ്യാനുള്ള മനസ്സാണ്. മനസുണ്ടെങ്കില്‍ മാര്‍ഗ്ഗവുമുണ്ട്. കൃഷി ചെയ്യാന്‍ മനസ്സുള്ളവര്‍ക്ക് സ്ഥലവും സൗക്യവുമൊക്കെ താനേ ഉണ്ടായിക്കോളും. കൃഷി ചെയ്യുക എന്നത് ഒരു നിലപാടാണ് സാമൂഹ്യ ഉത്തരവാദിത്ത്വം നിറവേറ്റാനുള്ള വ്യക്തികളുടെ നിലപാട്.
കൃഷി എന്നത് നമ്മുടെ സാമൂഹ്യ ഉത്തരവാദിത്ത്വമാണ്. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്ത്വമാണ് എന്നതു പോലെ തന്നെയാണ് കൃഷിയും. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം, നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്നതാണ് മാറിയകാലത്തിന്റെ മുദ്രാവാക്യം. ഭക്ഷണ മേശയില്‍ വിളമ്പുന്നത് വിഷമാണോ വിഷരഹിതമായ സുരക്ഷിത ഭക്ഷണമാണോ എന്ന് തീരുമാനിക്കേണ്ടതും നമ്മള് തന്നെയാണ്. 2017-18 സാമ്പത്തിക വര്‍ഷം 69047 ഹെക്ടര്‍ പ്രദേശത്തു നിന്ന് നമ്മള് 10 ലക്ഷം മെട്രിക് പച്ചക്കറിയാണ് ഉല്പാദിപ്പിച്ചത്. 2018-19 ല്‍ ആകട്ടെ, 82166 ഹെക്ടറില്‍ നിന്ന് 12.12 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറികള്‍ ഉത്പാദിപ്പിക്കാന്‍ നമ്മുക്ക് സാധിച്ചു. പ്രതിവര്‍ഷം 20 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി നമുക്ക് ആവശ്യമുണ്ട് ഇതില്‍ തന്നെ 40 ശതമാനം പച്ചക്കറികള്‍ സംസ്ഥാനത്തിന് പുറത്തു നിന്നാണ് വരുന്നത്. ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറയ്ക്കുവാന്‍ സാധിക്കുകയുള്ളു. നാടന്‍ ഇനങ്ങള്‍ കൂടുതലായി കൃഷി ചെയ്യേണ്ടത് അനിവാര്യമാണ്. നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം ആവശ്യമാണല്ലോ നല്ല ഭക്ഷണം വഴി ഉയര്‍ന്ന രോഗ പ്രതിരോധശേഷിയും ആരോഗ്യവും കൈവരിക്കാന്‍ നമുക്ക് കഴിയും. ഇന്ന് ലോകത്താകെ ഹോര്‍ട്ടിതെറാപ്പി എന്ന ഒരു പുതിയ ആരോഗ്യ ശാസ്ത്രശാഖ വളര്‍ന്നു വരുന്നുണ്ട്. പ്രധാനമായും ജീവിതശൈലീരോഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട മേഖലയിലാണ് ഹോര്‍ട്ടിതെറാപ്പി ഉപയോഗിക്കുന്നത്. ശരീരത്തിനും മനസ്സിനും അതുവഴി ജീവിതത്തിനും ആരോഗ്യവും ഉന്മേഷവും പകര്‍ന്നു നല്‍കുക എന്നതാണ് ഹോര്‍ട്ടിതെറാപ്പിയുടെ തത്വം. ഈ ദിശയിലാണ് കൃഷി വകുപ്പും പദ്ധതികള്‍ തയ്യാറാക്കുന്നത്.
പച്ചക്കറികളുടെ മാത്രമല്ല, ഇലക്കറികളുടെയും കിഴങ്ങുവര്‍ഗ്ഗങ്ങളുടെയും വൈവിധ്യം കൊണ്ട് സമ്പന്നമാണ് കേരളം. പരമ്പരാഗത വിത്തിനങ്ങളുടെയും കാര്‍ഷിക ജൈവ വൈവിധ്യത്തിന്റെയും സംരക്ഷണം ഭക്ഷ്യസുരക്ഷയുടെ കാതലായ ഘടകമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്നതിന് നമ്മുടെ ജനിതക സമ്പത്ത് ഉതകുമെന്നത് ഇവയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. തലമുറകളുടെ അനുഭവ സമ്പത്തും നിരീക്ഷണ പാടവവും സമന്വയിപ്പിച്ചു കൊണ്ടാണ് ഓരോ പരമ്പരാഗത വിത്തും ഉരുത്തിരിയുന്നത്. ഇത്തരം വിത്തുകള്‍ സംരക്ഷിക്കുന്നതിനും കൂടുതല്‍ പ്രദേശങ്ങളില്‍ അവയുടെ കൃഷി വ്യാപിപ്പിക്കുന്നതിനും സംസ്ഥാന കൃഷിവകുപ്പ് നടപടി സ്വീകരിച്ചു വരുന്നുണ്ട്. വയനാട്ടിലെ കേളു പയര്‍, കുളത്താട പയര്‍, കാസര്‍ഗോഡ് ജില്ലയിലെ ആനക്കൊമ്പന് വെണ്ട, വെള്ള വെണ്ട, കൂനന്‍ പീച്ചില്‍, കോഴിക്കോട് ജില്ലയിലെ എടക്കര പാവല്‍, തലക്കുളത്തൂര്‍ കക്കിരി, വേങ്ങേരി വഴുതന, കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ വെള്ളരി, മലപ്പുറത്തെ അരിപ്ര കണിവെള്ളരി, എടയൂര്‍ മുളക്, പാലക്കാട് ജില്ലയിലെ കോട്ടായി വഴുതന, ആനക്കൊമ്പന് വെണ്ട, വിത്തിനശേരി വെണ്ട, ആട്ടകൊമ്പന് അമര, വെള്ള കാന്താരി, തൃശ്ശൂര്‍ ജില്ലയിലെ പൊട്ടുവെള്ളരി, ആലങ്ങാട് ചീര, കോടാലി മുളക്, എറണാകുളത്തെ കക്കാട് പാവല്‍, തിരുവാണിയൂര്‍ പടവലം, കോട്ടയത്തെ കാളക്കൊമ്പന്‍ വഴുതന, ആദിത്യപുരം പാവല്‍, ആദിത്യപുരം പടവലം, ഇടുക്കി ജില്ലയിലെ ഇഞ്ചി വെള്ളരി, കാന്തല്ലൂര്‍ വട്ടവട മലപ്പൂണ്ട് വെളുത്തുള്ളി, കൊല്ലത്തെ അഞ്ചല്‍ ലോക്കല്‍ പയര്‍, ഒടയന്‍കൊല്ലി ഉണ്ട മുളക്, ആലപ്പുഴയിലെ കഞ്ഞിക്കുഴി പയര്‍, പട്ടുചീര, തിരുവനന്തപുരം ജില്ലയിലെ വ്ളാത്തങ്കര ചീര, ആനക്കൊമ്പന് വെണ്ട തുടങ്ങിയ 35 ഇനം പരമ്പരാഗത വിത്തിനങ്ങളാണ് വിതരണം ചെയ്യുന്നത്. സംസ്ഥാന കൃഷിവകുപ്പിന് കീഴിലുള്ള വി.എഫ്.പി.സി.കെ. വഴിയാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. ലോക്ക് ഡൗണ്‍ അവസാനിച്ച് ജനജീവിതം സാധാരണ നിലയിലേക്ക് മാറുന്ന മുറയ്ക്ക് വിത്തുകള്‍ ശേഖരിക്കാവുന്നതാണ്.
അത്യസാധാരണ സാഹചര്യത്തിരൂടെയാണ് നാം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. സാധാരണ നിലയില്‍ വീടുകളില്‍ തന്നെ കഴിഞ്ഞു കൂടുന്ന ഒരു രീതി മലയാളികള്‍ക്ക് പൊതുവേ കുറവുമാണ്. പക്ഷെ, കോവിഡ് 19 ന്റെ സമൂഹ വ്യാപനം ഒഴിവാക്കുന്നതിന് നാം വീടുകളില്‍ തന്നെ കഴിയേണ്ടത് അനിവാര്യവുമാണല്ലോ?. വീടുകളില്‍ മുഴുവന്‍ സമയവും ചെലവഴിക്കേണ്ടി വരുമ്പോള്‍ മാനസിക സംഘര്‍ഷവും അസ്വസ്ഥതകളും ഉണ്ടായേക്കാം. അതുകൊണ്ടാണ് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ആരോഗ്യപരിരക്ഷയ്ക്കും സഹായകമായ വിധത്തില്‍ കാര്‍ഷികവൃത്തിയിലേക്ക് തിരിയണമെന്ന് നാം പറയുന്നത്. കാരണം, മനസ്സിന് സന്തോഷം പകരുന്നതിനും അതുവഴി നഷ്ടപ്പെട്ടുപോയ ആരോഗ്യം വീണ്ടെടുക്കുന്നതിനും കൃഷിയ്ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയും. ഗ്രാമ പ്രദേശങ്ങളിലുള്ളവര്‍ വീട്ടുവളപ്പില്‍ തന്നെ ലഭ്യമായ സ്ഥലത്ത് ഏതെങ്കിലും തരം കൃഷി ആരംഭിക്കണം. നഗരങ്ങളില്‍ കഴിയുന്നവര്‍ക്ക് ബാല്‍ക്കണിയോ, ടെറസിന്റെ റൂഫോ പ്രയോജനപ്പെടുത്താവുന്നതാണ്. പ്ലാസ്റ്റിക്ക് കവറുകളോ, ചാക്കുകളോ, അത്തരത്തിലുള്ള പാഴ് വസ്തുക്കള്‍ ചെടികള്‍ നടുന്നതിന് ഉപയോഗപ്പെടുത്താം. ഒരുതരത്തിലും കൃഷി ചെയ്യാന്‍ സാധിക്കാത്തവര്‍, മൈക്രോ ഗ്രീന്‍ കൃഷിയെങ്കിലും ചെയ്യാന്‍ തയ്യാറാകണം. ചെറിയ ട്രേയില്‍ കടലാസോ ടിഷ്യൂ പേപ്പറോ നനച്ചിട്ട് അതില്‍ ചെറു പയല് പോലെയുള്ള ധാന്യങ്ങള്‍ മുളപ്പിച്ചെടുക്കുകയും അവ വളര്‍ന്ന് വലുതാകുന്നതിനു മുമ്പുതന്നെ കറിവെയ്ക്കുകയും ചെയ്യുന്നതാണ് മൈക്രോ ഗ്രീന്‍ സമ്പ്രദായം. ഇപ്പോള്‍, കൃഷി ഒരു സംസ്കാരമായി വളര്‍ത്തിക്കൊണ്ടു വന്നു കഴിഞ്ഞാല്‍, കൊറോണക്കാലത്തിനു ശേഷം കൂടുതല്‍ സ്ഥലത്ത് കൂടുതല്‍ മികച്ച നിലയിലേക്ക് അത് വ്യാപിപ്പിക്കുന്നതിന് നമുക്ക് സാധിക്കും.
സാമൂഹ്യ അകലം പാലിച്ചും മാനസികമായ അടുപ്പം കാത്തു സൂക്ഷിച്ചും നാം ഒറ്റക്കെട്ടായി കോവിഡ് 19 നെ പ്രതിരോധിച്ചുകൊണ്ടിരിക്കുമ്പോള്‍ ലോകമാകെ കേരള മാതൃക ചര്‍ച്ച ചെയ്യുമ്പോള്‍, കാര്‍ഷിക രംഗത്തും നമുക്കൊരു കേരള മാതൃക മുന്നോട്ടുവയ്ക്കാന്‍ കഴിയേണ്ടതുണ്ട്. അതുകൊണ്ട്, ലഭ്യമായ സ്ഥലത്ത് ലഭ്യമായ സാമഗ്രികള്‍ ഉപയോഗപ്പെടുത്തി, നമുക്ക് കൃഷി ആരംഭിക്കാം. അങ്ങനെ അരോഗ്യദൃഢഗാത്രരാകട്ടെ മലയാളികള്‍. വിഷ രഹിതമാകട്ടെ മണ്ണും മനസ്സും. കോവിഡുകാലം കടന്നുപോകും കൃഷിയുടെ കാലം തിരിച്ചു വരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: