ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ ഓപ്പണറും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മാതൃക സൃഷ്ടിക്കുന്നു. കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രോഗത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ഗൗതം ഗംഭീര്‍ അനുവദിക്കുകയും തന്റെ ഒരു മാസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, കൊറോണ വ്യാപനം പിടിച്ചു നിര്‍ത്താന്‍ പ്രധാനമന്ത്രി പൊതുജനങ്ങളുടെ ഉള്‍പ്പെടെ സഹായം അഭ്യര്‍ത്ഥിച്ചതോടെ തന്റെ രണ്ടു വര്‍ഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് ഗംഭീര്‍.
ട്വിറ്ററിലൂടെയാണ് കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള എംപി കൂടിയായ ഗംഭീര്‍ ഇക്കാര്യമറിയിച്ചത്.രാജ്യം തങ്ങള്‍ക്കു വേണ്ടി എന്താണ് ചെയ്യുന്നതെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. എന്നാല്‍ യഥാര്‍ഥ ചോദ്യം നിങ്ങള്‍ക്കു രാജ്യത്തിനു വേണ്ടി എന്തു ചെയ്യാന്‍ കഴിയുമെന്നതാണ്. രണ്ടു വര്‍ഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഞാന്‍ സംഭാവന ചെയ്യുകയാണ്.നിങ്ങളും ഇതുപോലെ മുന്നോട്ടു വരണമെന്നും ട്വിറ്ററിലൂടെ ഗംഭീര്‍ ആവശ്യപ്പെട്ടു.
കൊറോണ വൈറസ് വ്യാപനം തടയാനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാനായി ഗൗതം ഗംഭീര്‍ ഫൗണ്ടേഷന് സന്നദ്ധ പ്രവര്‍ത്തകര്‍ പുറപ്പെടുകയാണെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് പിന്തുണയുമായി നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലി, സച്ചിന് ടെണ്ടുല്‍ക്കര്‍ (50 ലക്ഷം), സുരേഷ് റെയ്ന (52 ലക്ഷം) എന്നിവരടക്കം നിരവധി താരങ്ങള്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: