അമിതാഭ് കാന്ത്
(നിതി ആയോഗ് സിഇഒ)
ചൈനയിലെ വുഹാനില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനം പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുകയും മുപ്പതിനായിരത്തിലധികം ആളുകളുടെ ജീവനെടുക്കുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു. ക്വാറന്റൈനില്‍ കഴിയാനും സാമൂഹിക അകലം പാലിക്കാനും ജനങ്ങളെയും സ്വന്തം ജനതയെ ലോക് ഡൗണിലാക്കാന്‍ രാഷ്ട്രങ്ങളെയും അത് നിര്‍ബന്ധിതരാക്കി. ലോക സമ്പദ്ഘടനയ്ക്ക് ഇന്നോളം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രത്യാഘാതമാണ് സംഭവിക്കാന്‍ പോകുന്നത്. ആഗോള തലത്തില്‍ത്തന്നെ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) വലിയ ഇടിവുണ്ടാകുന്നു. ലോകത്തെ 18% ജനങ്ങളാണ് മൂന്നാഴ്ചത്തെ ലോക്ഡൗണിനു വിധേയരാകേണ്ടി വന്നത്. ജനങ്ങളുടെ ദൈനംദിന നിലനില്‍പ്പിന് ആവശ്യമായ ചരക്കുകളുടെയും സാധനങ്ങളുടെയും ഒഴുക്കില്‍ ഇത് വന്‍ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. ജനങ്ങള്‍ക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിനെയും, കോവിഡ്19 സാംക്രമിക രോഗത്തോടു പൊരുതുന്നതിനെയും ഇതു ബാധിച്ചിരിക്കുന്നു.
ആരോഗ്യ പരിരക്ഷാ സംവിധാനത്തിനും വിഭവങ്ങള്‍ക്കും വിതരണ ശൃംഖലയ്ക്കും സംഭവിക്കുന്ന തകര്‍ച്ചയാണ് അനിശ്ചിതത്വത്തിന്റെ ഈ ഘട്ടത്തില്‍ എല്ലാ രാജ്യങ്ങളും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. പരമ്പരാഗത വിതരണ ശൃംഖലയ്ക്ക് ആഗോള തലത്തില്‍ത്തന്നെ തടസ്സമുണ്ടായതോടെ മരുന്നുകള്‍, പരിശോനാ കിറ്റുകള്‍, ശ്വസന സഹായി, മാസ്കുകള്‍, ട്യൂബുകള്‍, മേല്‍വസ്ത്രങ്ങള്‍, തെര്‍മോമീറ്ററുകള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ കോവിഡ്19 ബാധിത രാജ്യങ്ങളില്‍ സംഭ്രമജനകമായ വിധം ആവശ്യം വന്നുചേര്‍ന്നിരിക്കുകയാണ്.
2015 ല്‍ ദക്ഷിണ കൊറിയയുടെ സമ്പദ്ഘടനയെ ആഴത്തില്‍ ബാധിച്ച മെര്‍സ് രോഗബാധയ്ക്കു ശേഷം, സംഭവിച്ച പിഴവ് എന്താണെന്ന് ആ രാജ്യം വിലയിരുത്തിയിരുന്നു. ആവശ്യത്തിനു പരിശോധനാ കിറ്റുകള്‍ ഇല്ലാതിരുന്നതുകൊണ്ട് രോഗം കണ്ടെത്താനാകാതെ ആളുകള്‍ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്കു പരക്കം പായുന്ന സ്ഥിതിയുണ്ടായി. രോഗാണു വ്യാപനത്തിന്റെ 83 ശതമാനത്തോളം അഞ്ച് ‘മുഖ്യ രോഗവാഹകര്‍’ മുഖേനയാണ്രേത ഉണ്ടായത്. മെര്‍സ് ബാധിച്ച 186 പേരില്‍ 44% അഥവാ 81 പേര് 16 ആശുപത്രികളില്‍ നിന്നായി രോഗം പകര്‍ന്നവരായിരുന്നു. ശ്രദ്ധാപൂര്‍വം പരിശോധന നടത്തുകയും ആ അഞ്ചുപേരുമായ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ പട്ടിക തയ്യാറാക്കി ഐസൊലേഷനില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നെങ്കില്‍ രോഗവ്യാപനം കൃത്യസമയത്ത് തടയാമായിരുന്നു എന്നാണ് കണ്ടെത്തിയത്.
പരിശോധനയ്ക്കു വിധേയരാകുന്നവരുടെ എണ്ണം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ടെസ്റ്റ് കിറ്റുകളുടെയും അനുബന്ധ സാധനങ്ങളുടെയും വന്‍തോതിലുള്ള ലഭ്യതക്കുറവാണ്. വന്‍ നഗരങ്ങളില്‍ മാത്രമാണ് മിക്കവാറും വൈറസ് പരിശോധനാ കിറ്റുകള്‍ ലഭിക്കുന്നത്. രോഗം പകരുന്നതിന് ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളോ വംശം, മതം, സാമ്പത്തിക സ്ഥിതി എന്നിവയോ ബാധകമല്ലതാനും. ആരോഗ്യപരിരക്ഷ കൊണ്ടു മാത്രം ഒരിടത്തും ഭാവിയില്‍ സാംക്രമിക രോഗങ്ങളെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല. കോവിഡ്19നേക്കാള്‍ അപകടകാരിയായ മറ്റു പകര്‍ച്ചവ്യാധികളും ഭാവിയില്‍ വന്നുകൂടായ്കയില്ല. ലോകം മാറിച്ചിന്തിക്കുകയും കൂടുതല്‍ നന്നായി ചിന്തിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
ഒരു മികച്ച ആരോഗ്യപരിരക്ഷാ സംവിധാനം പോലും പകര്‍ച്ചവ്യാധിക്കാലത്ത് അപര്യാപ്തമാകും എന്നതാണ് വസ്തുത. ഇന്റെന്‍സീവ് കെയര്‍ യൂണിറ്റുകളുടെയും അനുബന്ധ അതിജീവന സംവിധാനങ്ങളുടെയും എണ്ണം പകര്‍ച്ചവ്യാധിക്കാലത്ത് സാധാരണഗതിയില്‍ ഉള്ളതിലും കൂടുതല്‍ ആവശ്യമാണ്. അതിബൃഹത്തായ വിതരണ ശൃംഖല കുറഞ്ഞ സമയംകൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയണം എന്നതിനാണ് ഇത് അടിവരയിടുന്നത്.
പരമ്പരാഗത ആരോഗ്യപരിരക്ഷാ വിതരണ ശൃംഖലയുടെ ഭൂരിഭാഗവും ഉയര്‍ന്ന സവിശേഷതകള്‍ ഉള്ളതും അതേസമയം ചെറിയ ഫാക്ടറികളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതും ആണ്. തോതു വര്‍ധിപ്പിക്കുക എന്നത് ഒരു തീരുമാനത്തിലൂടെ നടപ്പാവില്ല; അതൊരു കഴിവാണ്. വന്‍തോതിലുള്ള ആസൂത്രണവും വായ്പയും ആഗോള അടിസ്ഥാന സൗകര്യവും സാമൂഹിക മൂലധനവും തോതു വര്‍ധിപ്പിക്കാന്‍ ആവശ്യമാണ്. അതുകൊണ്ടാണ് മാസ്കുകള്‍ പോലുള്ള അതിജീവന ഉല്പന്നങ്ങള് മതിയായ അളവില്‍ നല്കാന് ചൈനയിലെ പരമ്പരാഗത ആരോഗ്യപരിരക്ഷാ വിതരണ ശൃംഖലയ്ക്ക് പോലും കഴിയാതിരുന്നത്. ഷെന്‍സനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു കമ്പനിയില്‍ 90 ശതമാനവും വീടുകളില്‍ നിര്‍മിച്ച ഘടകങ്ങള്‍ ഉപയോഗിച്ച് ഉല്‍പ്പാദന സംവിധാനം കെട്ടിപ്പടുക്കാന്‍ 3000 എന്‍ജിനീയര്‍മാരുടെ ദൗത്യസേനയെ ചൈനയുടെ ബിവൈഡി (ഇവിയും ബാറ്ററിയും നിര്‍മിക്കുന്ന കമ്പനി) നിയമിച്ചു. അവര്‍ ഒരു മാസം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ മാസ്ക് നിര്‍മാതാക്കളായ മാറി. ഒട്ടുമിക്ക ആരോഗ്യപരിരക്ഷാ കമ്പനികള്‍ക്കും നിരവധി എന്ജിനീയര്മാരോ ഉല്‍പ്പാദന ശേഷിയോ ഇല്ല; ഒരൊറ്റ യൂണിറ്റിലായിരിക്കും ഉല്‍പ്പാദനം. ഇന്ത്യയില്‍ ടാറ്റയും മഹീന്ദ്രയും വെന്റിലേറ്റര്‍ പോലെ വന്‍തോതില്‍ പ്രാധാന്യമുള്ള സംവിധാനങ്ങളുടെ ഉല്‍പ്പാദനം ഇപ്പോള്‍ കാര്യമായി കൂട്ടുകയാണ്.
ആരോഗ്യ പ്രവര്‍ത്തകര്‍ അണുബാധയുടെ ആനുപാതികമല്ലാത്ത ഒരു പങ്ക് ഏറ്റെടുക്കുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഇന്ത്യക്കു പ്രത്യേകമായും പ്രധാനമാണ്; കാരണം, നമ്മള് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കടുത്ത ദൗര്‍ലഭ്യം അനുഭവിക്കുകയാണ്. ചൈനയിലും ഇറ്റലിയിലും കൊറൊണ വൈറസ് നിരവധി ആരോഗ്യ പ്രവര്‍ത്തകരെ നഷ്ടപ്പെടുത്തി. രോഗത്തോടു പൊരുതാന്‍ മുന്നണിയില്‍ നില്ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വ്യക്തിഗത സുരക്ഷാ കിറ്റുകളില്പ്പെട്ട കൈയുറകള്‍, മേല്‍വസ്ത്രങ്ങള്‍, കണ്ണടകള്‍, എന്‍ 95 മാസ്കുകള്‍, പാദരക്ഷകള്‍, മുഖ കവചങ്ങള്‍, മൂന്ന് പാളികളുള്ള മാസ്കുകള്‍ തുടങ്ങിവയും ആശുപത്രികളില്‍ ആവശ്യത്തിനു ഭക്ഷണവും വിശ്രമ സൗകര്യങ്ങളും ഉണ്ടായേ പറ്റുകയുള്ളൂ. രാജ്യത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 50 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് കേന്ദ്ര ഗവണ്മെന്റ് ലഭ്യമാക്കുന്നതിനെ ഞങ്ങള്‍ അത്യധികം ആഹ്ലാദത്തോടെ അഭിനന്ദിക്കുന്നു.
കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ നമ്മള് അഞ്ച് പകര്‍ച്ചവ്യാധികളെ അഭിമുഖീകരിച്ചു; അതായത് ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും ഒരെണ്ണം. മഹാമാരികള്‍ക്കെതിരെ പിടിച്ചുനില്ക്കാന് രാജ്യങ്ങള്‍ക്കു യഥാര്‍ഥ കരുത്തുണ്ടാവണമെങ്കില്‍ അവ സസ്യങ്ങള്‍ നാമ്പിടാന്‍ കാത്തുനില്‍ക്കുംപോലെ ‘നിഷ്ക്രിയ സഹചരതാ സങ്കല്പം'(ഡോര്‍മന്റ് കണ്‍സോര്‍ഷ്യം) സ്വാംശീകരിച്ചേ തീരൂ. അതായത്, പകര്‍ച്ചവ്യാധികളുടെ ഡിജിറ്റല്‍ മാതൃകകള്‍ തയ്യാറാക്കുകയും രാജ്യങ്ങള്‍ മികച്ച വിതരണ ശൃംഖലാ വിദഗ്ധരെ വിവിധ വ്യവസായങ്ങളില്‍ നിന്ന് ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ കൊണ്ടുവരികയും വേണം. എന്നിട്ട്, വിപരീത സാഹചര്യങ്ങളെ നേരിടുന്നതിന് അവരുടെ പോലും ശ്രദ്ധയില്‍ പെട്ടിട്ടില്ലാത്ത, സഹകരിച്ചു പ്രവര്‍ത്തിക്കാവുന്ന സാധ്യതകള്‍ കണ്ടെത്തണം. അവശ്യസാധനങ്ങള്‍ വന്‍തോതില്‍ വിതരണം ചെയ്യാന്‍ കഴിയുന്ന കമ്പനികളെ ( ഓട്ടോ, ഇലക്ട്രോണിക്സ്, തുണി തുടങ്ങിയവ ഉദാഹരണം) ഗവണ്മെന്റ് കണ്ടെത്തണം. അവയെ പ്രത്യേക പഠനം നടത്തിയ ആരോഗ്യ പരിരക്ഷാ കമ്പനികളുമായി ചേര്‍ത്തു പ്രവര്‍ത്തിപ്പിക്കണം. പഴുതുകളില്ലാത്തതും സമയബന്ധിതവുമായ ഒരു ബൗദ്ധിക സ്വത്തവകാശ കരാര്‍ രൂപകല്‍പ്പന ചെയ്യണം. നിയന്ത്രണാധികാരവും മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതുമായ ഏജന്‍സികളില്‍ നിന്ന് പ്രത്യേകാധികാരങ്ങളോടെ ഒരു പ്രതിനിധിയെ ഈ കമ്പനിയുടെ ഭാഗമായി നിയമിക്കണം. വലിയ ഒരു വസ്ത്രനിര്‍മാണ കമ്പനിക്ക് ഉല്‍പ്പാദന അനുമതിക്കു വേണ്ടി ദീര്‍ഘകാലയളവില്‍ കാത്തു നില്ക്കാന് കഴിയണമെന്നില്ല. ഒരു പകര്‍ച്ചവ്യാധി ആസന്നമാണെന്ന് ഗവണ്മെന്റ് പ്രഖ്യാപിക്കുമ്പോള്‍ ഈ സങ്കല്പ’ത്തിനു ജീവന് വയ്ക്കും.
പകര്‍ച്ചവ്യാധികളെ അതിജീവിക്കുന്നതിനുള്ള വിതരണ ശൃംഖലയില്‍, ആയിരക്കണക്കിന് പരിഷ്കൃതവും വെടിപ്പുള്ളതുമായ മുറികള്‍ കൈകാര്യം ചെയ്യുന്നതിന് പരിശീലനം നേടിയ ദശലക്ഷക്കണക്കിനു ജോലിക്കാരുള്ള ഇലക്ട്രോണിക്സ്, സെമി കണ്ടക്ടര്‍ ഉല്‍പ്പാദകര്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്. ചെമ്പ് രോഗാണുവിനെ നശിപ്പിക്കുന്നതുകൊണ്ട് പകര്‍ച്ചവ്യാധിയെ ചെറുക്കുന്ന കോപ്പര്‍ ഫോയില്‍, വിതരണക്കാരില്‍ നിന്ന് ബാറ്ററി വ്യവസായ മേഖലയ്ക്ക് നല്കാന് സാധിക്കും. ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിന് സ്വാബ് സാംപിളുകള്‍ വന്‍തോതില്‍ ശേഖരിക്കാന്‍ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, സ്വിഗ്ഗി, ഊബര്‍, ഓല തുടങ്ങിയ കമ്പനികളുടെ പരിശീലനം നേടിയ തൊഴിലാളികളെ പ്രയോജനപ്പെടുത്താവുന്നതാണ്. പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യുന്നതിന് ആരോഗ്യ പ്രവര്‍ത്തകരുടെ ഒരു കരുതല്‍ സേന രൂപീകരിക്കേണ്ടതുണ്ട്.
ഇന്ത്യയില്‍ വാണിജ്യ സ്ഥാപനങ്ങളും ഗവണ്മെന്റ്, സ്വകാര്യ ഓഫീസുകളും അടച്ചിട്ടപ്പോഴും ഭക്ഷ്യോല്‍പ്പന്നങ്ങളും പലവ്യഞ്ജനങ്ങളും പഴങ്ങളും വില്‍ക്കുന്ന കടകളെ അതില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. മരുന്നുകളും വൈദ്യ ഉപകരണങ്ങളും പച്ചക്കറിയും ഭക്ഷണ സാധനങ്ങളും ഉള്‍പ്പെടെ എല്ലാ അവശ്യ സാധനങ്ങളും ഇ കെമേഴ്സ് മുഖേന എത്തിക്കുന്നതിനും തടസ്സമില്ല. സധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും വിതരണ ശൃംഖല ഊര്‍ജ്ജസ്വലമാക്കി നിര്‍ത്താനുമാണ് ഇങ്ങനെ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: