കൊട്ടാരക്കര: കൊല്ലം റൂറലില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത മൂന്ന് കടയുടമയകള്ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. ഭക്ഷ്യവസ്തുക്കളുടെ ഇല്ലാത്ത ദൗര്‍ലഭ്യം സൃഷ്ടിച്ചുകൊണ്ട് വ്യാപാരസ്ഥാപനങ്ങളില്‍ ഉപഭോക്താക്കളില്‍ നിന്ന് അമിതവില ഈടാക്കുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കൊല്ലം റൂറല്‍ പോലീസ് ജില്ലയില്‍ എല്ലാ കച്ചവട സ്ഥാപനങ്ങളിലും നിര്‍ബന്ധമായും ഉത്പന്നങ്ങളുടെ കൃത്യമായ വിലവിവരപ്പട്ടിക ഉപഭോക്താക്കള്‍ക്ക് വ്യക്തമായി കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നോട്ടീസ് നല്‍കിയിരുന്നു.
മൂന്നു ദിവസത്തിനകം വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്നും അല്ലാത്ത പക്ഷം എസ്സെന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട് പ്രകാരം കടയുടമകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കാതെയും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതെയും അമിതവില ഈടാക്കി കച്ചവടം നടത്തി വന്ന മൂന്നുസ്ഥാപന ഉടമകള്‍ക്കെതിരെയാണ് കേസെടുത്തത്. കൊട്ടാരക്കര, കുളത്തൂപ്പുഴ, ശാസ്താംകോട്ട സ്റ്റേഷന് പരിധികളിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
കൊട്ടാരക്കര മുട്ടമ്പലത്ത് സിയോണ്‍ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന്റെ ഉടമ മൈലം പള്ളിക്കല്‍ ഈസ്റ്റ് വിളയില്‍ പുത്തന്‍വീട്ടില്‍ അലക്സാണ്ടര്‍ (54), കുളത്തൂപ്പുഴ ജംഗ്ഷനിലെ തിങ്കള്‍ കരിക്കം സാംനഗര്‍ തെമ്മയില് വീട്ടില്‍ റിഷാദ് (32), ശാസ്താംകോട്ട പാറയില്‍മുക്കില്‍ പലചരക്ക് വ്യാപാരം നടത്തിവരുന്ന ശാസ്താംകോട്ട പനപ്പെട്ടി സാരംഗി വീട്ടില്‍ രാജീവ് (50) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഏഴുവര്‍ഷംവരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ നടപടി കൂടുതല്‍ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി എസ്. ഹരിശങ്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: