ന്യൂദല്‍ഹി: ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അന്തരീക്ഷ മലിനീകരണത്തിലും വലിയ കുറവു വന്നതായി പഠനം. കൊറോണ വൈറസിന്റെ വ്യാപനം ചെറുക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന 21 ദിവസത്തെ കര്‍ശന നിയന്ത്രണങ്ങളാണ് ഏറെക്കാലമായി രാജ്യത്തിന്റെ വലിയ തലവേദനയായിരുന്ന അന്തരീക്ഷ മലിനീകരണത്തിന് പരിഹാരമുണ്ടാക്കിയത്.
ദല്‍ഹി ഉള്‍പ്പെടെ എല്ലാ നഗരങ്ങളുടെയും അന്തരീക്ഷത്തില്‍ മികച്ച മാറ്റം വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വാഹനങ്ങളും ഫാക്ടറികളും ഉത്പാദിപ്പിച്ച് പുറം തള്ളുന്ന നൈട്രജന്‍ ഓക്സൈഡ് അടക്കമുള്ള വിഷ വാതകങ്ങളുടെ അളവും കുറഞ്ഞു. ശ്വാസകോശത്തിനുംമറ്റ് ആന്തരിക അവയവങ്ങള്‍ക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന വിഷ വാതകമാണ് നൈട്രജന്‍ ഓക്സൈഡ്. അന്തരീക്ഷ മലിനീകരണം മൂലം വലിയ ദുരിതം അനുഭവിച്ച ദല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ 71 ശതമാനത്തോളം അന്തരീക്ഷ മലിനീകരണത്തില്‍ കുറവുണ്ടായി. കേന്ദ്ര അന്തരീക്ഷ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഠന വിവരങ്ങള്‍ പ്രകാരം നൈട്രജന്‍ ഡൈ ഓക്സൈഡ്, ക്യുബിക് മീറ്ററിന് 52ല്‍ നിന്ന് താഴ്ന്ന് 15ല്‍ എത്തി. 72 ശതമാനം കുറവാണ് ഉണ്ടായത്.
മുംബൈ, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലും അന്തരീക്ഷ മലിനീകരണത്തില്‍ ഇതിനു സമാനമായ കുറവാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച് ആദ്യ മൂന്ന് ആഴ്ചകളില്‍ മുംബൈ, പൂനെ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 40 മുതല്‍ 50 വരെ നൈട്രജന്‍ ഡൈ ഓക്സൈഡില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു.
ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച മാര്‍ച്ച് 22നും രാജ്യത്തെ ഏറ്റവും അന്തരീക്ഷ മലിനീകരണം കുറഞ്ഞ ദിനമായിരുന്നു. ലോകത്ത് ഏറ്റവും അധികം അന്തരീക്ഷ മലിനീകരണമുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ശ്വാസകോശ രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്ള രാജ്യവും ഇന്ത്യ തന്നെ. ഏഷ്യയിലെ മറ്റ് രാജ്യങ്ങളും യൂറോപ്പിലെ രാജ്യങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ലോകത്ത് ആകെ അന്തരീക്ഷ മലിനീകരണം കുറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: