ന്യൂദല്‍ഹി : കോവിഡ് 19നെ ചെറുക്കാനായി രാജ്യത്തിനൊപ്പം സൈന്യവും. കൊറോണ വൈറസ് രോഗികളെ കൊണ്ടുപോകുന്നതിനായി അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ബസ് ഒരുക്കി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. സൈന്യത്തിന്റെ വെസ്റ്റേണ്‍ കാമാന്ഡാണ് ഇത്തരത്തില്‍ ബസ് നിര്‍മിച്ചു നല്‍കിയിരിക്കുന്നത്.
കോവിഡ് -19 രോഗികള്‍ക്ക് ചികിത്സ നല്കാന് വേണ്ടി ഉപയോഗിക്കും എന്ന കുറിപ്പോടെ എഡിജി- പിഐ ഇന്ത്യന്‍ ആര്‍മി ട്വിറ്റര്‍ പേജിലാണ് ബസിന്റെ ചിത്രം പുറത്തിറക്കിയത്. ഇന്ത്യന്‍ സൈന്യത്തിന്റെ എഡിജി- പിഐ (അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍) ട്വീറ്റ് പ്രകാരം കൊവിഡ് -19 രോഗികളെ ചികിത്സിക്കുന്നതിനായി ഇതില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കൂടാതെ വാഹനം ഓടിക്കുന്ന ഡ്രൈവറുടെയും കോ- ഡ്രൈവറുടെയും സുരക്ഷയും ഇതിനോടൊപ്പം ഉറപ്പുവരുത്തുന്നുണ്ട്.
ഡിസ്പോസിബിള്‍ സീറ്റ് കവറുകളും അണുവുമുക്തമാക്കുന്നത്തിനുള്ള പ്രക്രിയകളും ഈ പരിഷ്കരിച്ച ബസിനെ വേറിട്ടതാക്കുന്നു. സിംഗിള്‍ എന്‍ട്രി, വെന്റിലേറ്ററുകളുള്ള ട്രീറ്റ്മെന്റ് ചേംബര്‍, ഡ്രൈവര്‍, കോ- ഡ്രൈവര്‍ എന്നിവര്‍ക്ക് ഐസൊലേഷന്‍ എന്നിവ പരിഷ്കരിച്ച ബസില്‍ ലഭിക്കും. കൂടാതെ ഇന്ത്യന്‍ സേനയുടെ വെസ്റ്റേണ്‍ കമാന്‍ഡ് മെഡിക്കല്‍ സ്റ്റാഫുകള്‍ക്കായി പ്രത്യേക സംരക്ഷണ ഗിയറുകളും ഉപകരണങ്ങളും നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: