ന്യൂദല്‍ഹി: തബ്ലീഗ് ജമായത്ത് സമ്മേളനത്തില്‍ പങ്കെടുത്ത ദക്ഷിണേന്ത്യയില്‍ നിന്നുള്ളവര്‍ കൊറോണ രോഗം സമൂഹത്തില്‍ വ്യാപിപ്പിക്കാന്‍ കാരണമായെന്ന് റിപ്പോര്‍ട്ട്. കേരളം, തമിഴ്നാട്,കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. എന്നാല്‍, കൊറോണയുടെ രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടും ഇവര്‍ ചികിത്സ തേടിയില്ലാത്തതാണ് ദുരൂഹതയ്ക്ക് കാരണം. സമ്മേളനത്തില്‍ പങ്കെടുത്ത പത്തു പേര് വിവിധ സംസ്ഥാനങ്ങളില്‍ മരിച്ചിട്ടും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ചികിത്സ തേടാന്‍ തയാറായിട്ടില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗം ഇവരെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കര്‍ണാടകയില്‍ നിന്ന് മര്‍ക്കസ് സമ്മേളനത്തില്‍ പങ്കെടുത്തത് 54 പേരാണ്. ഇതില്‍ ഇരുപത്തിയാറ് പേരെ തിരിച്ചറിഞ്ഞു. ഇവരില്‍ ഒരാള്‍ കൊറോണ ബാധിച്ച് മരിച്ചു. തുമകൂരു സ്വദേശി 65 വയസ്സുകാരനാണ് മരിച്ചത്. ഇയാളുടെ 13 വയസ്സുള്ള മകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഞായറാഴ്ച തമിഴ്നാട്ടില്‍ ഒരു മൗലവി കൊറോണ ബാധിച്ച് മരണമടഞ്ഞിരുന്നു. ഇദ്ദേഹം ദല്‍ഹി സമ്മേളനത്തില്‍ പങ്കെടുത്തയാളാണ്.കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ പുതുതായി 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതിലെ പത്തു പേരും സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. തമിഴ്നാട്ടില്‍ നിന്നുള്ള ആയിരത്തിലേറെ പേര് പല ദിവസങ്ങളിലായി സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. ഇവരില്‍ 28 പേര് കോയമ്പത്തൂര്‍ സ്വദേശികളാണ്. പത്തു പേര് ഈറോഡില്‍ നിന്നുള്ള തബ്ലീഗ് അംഗങ്ങളും. ഇവര്‍ ട്രെയിനുകളിലും വിമാനങ്ങളിലുമാണ് മടങ്ങിയെത്തിയത്. ചിലര്‍ ദല്‍ഹിയില്‍ തന്നെ തങ്ങുകയാണ്.
സമ്മേളനത്തില്‍ പങ്കെടുത്ത 33 പേരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്തതായും അവരില്‍ പത്തു പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായും ഈറോഡ് കളക്ടര്‍ സി. കതിരവന്‍ പറഞ്ഞു. കോയമ്പത്തൂരില്‍ നിന്ന് പോയ 61 പേരില്‍ 44 പേരെ കണ്ടെത്തി. 41 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇവരില്‍ പലരുടെയും കുടുംബാംഗങ്ങള്‍ പരിശോധനയ്ക്ക് വിസമ്മതിക്കുകയാണ്, കളക്ടര്‍ കെ. രാജാമണി പറഞ്ഞു.
തെലങ്കാനയില്‍ വൈറസ് ബാധിച്ച് മരിച്ച ആറു പേരും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ പലരും ഇതില്‍ പങ്കെടുത്തിട്ടുണ്ട്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച രണ്ടു പേര് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുക്കളാണ്. ഇയാള്‍ ദല്‍ഹിയില്‍ പോയിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തെലങ്കാനയിലെ കരിംനഗറില്‍ എത്തിയ, ഇന്തോനേഷ്യയില്‍ നിന്നു ഒരു സംഘം മതപ്രഭാഷകര്‍ക്ക് ആതിഥ്യം അരുളിയതും ഇയാളായിരുന്നു. ആന്ധ്രാപ്രദേശില്‍ രോഗം ബാധിച്ച 17 പേരില്‍ ഒന്‍പതു പേരും സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: