ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനിടെയിലും മതസമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ ബംഗളേവാലി മസ്ജിദ് തലവന്മാര് കാട്ടിയത് ഗുരുതരവീഴ്ചകള്‍. നിസാമുദ്ദീനിലെ ബംഗേളവാലി മസ്ജിദ് കൂടി ഉള്‍പ്പെടുന്ന തബ് ലിഗി ജമാഅത്ത് മര്‍ക്കസില്‍ നിന്നു ആള്ക്കാര് ഒഴിയണമെന്ന് പോലീസ് പലതവണ നിര്‍ദേശം നല്‍കിയിട്ടും മതപണ്ഡിതര്‍ ഇതിനു കൂട്ടാക്കിയില്ല. കൊറോണ വൈറസ് വ്യാപിക്കുമെന്നും സ്ഥിതി ഗുരുതരമാകുമെന്നും അതിനാല്‍ മതസമ്മേളനം അവസാനിപ്പിച്ച് മര്‍ക്കസ് ഒഴിപ്പിക്കണമെന്നുമാണ് ദല്‍ഹി പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍, മര്‍ക്കസ് നേതാവ് മൗലാന സാദ് ഇക്കാര്യം വിസമ്മിതിക്കുകയും സമ്മേളനം തുടരുകയുമായിരുന്നു. ഇതോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാര്‍ച്ച് 28ന് വൈകിട്ട് ഈ വിഷയത്തില്‍ ഇടപെട്ടത്. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോട് വിഷയത്തില്‍ ഇടപെടാനും ഉടന്‍ തന്നെ എല്ലാവരേയും പുറത്താക്കി ആവശ്യമായവരെ എല്ലാം നിരീക്ഷണത്തില്‍ ആക്കാനും നിര്‍ദേശിക്കുകയായിരുന്നു. 28ന് രാത്രി ഒരു മണിയോടെ ഡോവല്‍ മര്‍ക്കസില്‍ നേരിട്ടെത്തി നേതാക്കളോട് വിഷയം അവതരിക്കുകയായിരുന്നെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടന്‍ മര്‍ക്കസ് ഒഴിഞ്ഞില്ലെങ്കില്‍ സേനയുടെ സഹായത്തോടെ ഒഴിപ്പിക്കുമെന്നു ഡോവല്‍ അന്ത്യശാസനം നല്‍കുകയായിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉടന്‍ വൈറസ് ടെസ്റ്റിനു വിധേയരാവണമെന്നും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ നിരീക്ഷണത്തില്‍ പോകാനും ഡോവല്‍ നിര്‍ദേശിച്ചു. തെലങ്കാനയിലെ കരിംനഗറില്‍ ഒമ്പത് ഇന്തോനേഷ്യക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു ശേഷമാണ് നിസാമുദ്ദീനിലെ മതസമ്മേളനത്തിന്റെ ഗുരുതരാവസ്ഥ കേന്ദ്രസര്‍ക്കാരിനു ബോധ്യമായത്. ഇതോടെ കര്‍ശന ഇടപെടലാണ് കേന്ദ്രത്തില്‍ നിന്നുണ്ടായത്. ഡോവലിന്റെ ഇടപെടലിനു ശേഷണാണ് സമ്മേളനത്തിന് എത്തിയവരെ ആശുപത്രിയില്‍ ആക്കാനും പള്ളി അണുവിമുക്തമാക്കാനും മര്‍ക്കസ് അധികൃതര്‍ തയാറാത്.
അതേസമയം, ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനം വളരെ നിരുത്തരവാദപരമായ പ്രവര്ത്തിയാണെന്നു ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി. കൊറോണ വൈറസ് പടര്‍ന്നുപിടിച്ച് ലോകത്താകമാനം ജനങ്ങള്‍ മരിക്കുന്നു. മതപരമായ എല്ലാ ഇടങ്ങളും അടഞ്ഞുകിടക്കുകയാണ്. ഈ സന്ദര്‍ഭത്തിലാണ് മതകൂട്ടായ്മ നടത്തിയവരുടെ ഭാഗത്തുനിന്ന് ഗുരുതര സ്വഭാവമുള്ള ഒരു പ്രവര്‍ത്തി നടന്നതെന്നും കെജ്രിവാള് വ്യക്തമാക്കി.
രോഗലക്ഷണമുള്ള 441 പേരെ മസ്ജിദില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റി. മതസമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചു. പോസിറ്റീവ് കേസുകള്‍ ഇനിയും ഉയരാനാണ് സാധ്യതയെന്നും കെജ്രിവാള് പറഞ്ഞു.മതകൂട്ടായ്മ സംഘടിപ്പിച്ച ഭരണസമിതിക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. വിദേശികള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം ആളുകളാണ് മാര്‍ച്ച് മധ്യത്തില്‍ നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: