കോഴിക്കോട്: കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ച് നടത്തിയ കൗണ്‍സില്‍ യോഗത്തില്‍ ദുബൈയില്‍ സന്ദര്‍ശത്തിനുപോയ കൗണ്‍സിലര്‍മാര്‍ പങ്കെടുത്തില്ല. ആരോഗ്യസ്ഥിരംസമിതി ചെയര്മാന് കെ.വി. ബാബുരാജ്, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് എം. രാധാകൃഷ്ണന്, കൗണ്‍സിലര്‍മാരായ എം. മൊയ്തീന്, വി.ടി. സത്യന്, എം.പി. സുരേഷ്, പി. ബിജുരാജ് എന്നിവരാണ് ദുബൈയില്‍ പോയിരുന്നത്. ഈ മാസം ആദ്യമായിരുന്നു ഇവരുടെ യാത്ര. 13നാണ് ഇവര്‍ തിരിച്ചെത്തിയത്. വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയവര്‍ 24 ദിവസം ഏകാന്തവാസത്തില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശം പാലിക്കാനാണ് ഇവര്‍ യോഗത്തില്‍ പങ്കെടുക്കാതെ വിട്ടു നിന്നത്.
പക്ഷിപ്പനിയുടെയും കോവിഡിന്റെയും അന്തരീക്ഷത്തില്‍ ആരോഗ്യ സ്ഥിരംസമിതി ചെയര്മാന് ഉള്‍പ്പെടെയുള്ളവര്‍ വിദേശയാത്ര നടത്തിയത് വിവാദമായിരുന്നു. ഇവര്‍ 28 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കാണിച്ച് യുഡിഎഫ് ജില്ലാ കലക്ടര്‍ക്ക് പരാതിയും നല്‍കിയിരുന്നു. ഞെളിയന്‍പറമ്പില്‍ പുതുതായി ആരംഭിക്കുന്ന പ്ലാന്റിന്റെ കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ ചെലവിലാണ് യാത്രയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ദുബൈയിലെ ചില സുഹൃത്തുക്കള്‍ നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് യാത്രയെന്നായിരുന്നു ബാബുരാജിന്റെയും മറ്റും വിശദീകരണം. എന്നാല്‍ സിപിഎം നേതൃത്വം ഇക്കാര്യത്തില്‍ മൗനം പാലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: