തിരുവനന്തപുരം: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ഏപ്രില്‍ ഒന്നിനു ആരംഭിക്കും. സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവും ഈയാഴ്ച തുടങ്ങും. ദിവസവും ഉച്ചവരെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്കു ശേഷം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുമാകും സൗജന്യ റേഷന്‍ വിതരണം. സംസ്ഥാനത്തു ഭക്ഷ്യ ദൗര്‍ലഭ്യമുണ്ടാകില്ലെന്നും മൂന്നു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്കുണ്ടെന്നും ഭക്ഷ്യമന്ത്രി പി. തിലോത്തമന് അറിയിച്ചു.
അന്ത്യോദയ വിഭാഗങ്ങള്‍ക്കു നിലവില്‍ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. പിങ്ക് കാര്‍ഡ് ഉള്ളവര്‍ക്കു കാര്‍ഡിലുള്ള ഒരു അംഗത്തിന് അഞ്ചു കിലോ വീതം സൗജന്യ ധാന്യം നല്‍കും. വെള്ള, നീല കാര്‍ഡുകളുള്ള മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കു കുറഞ്ഞത് 15 കിലോഗ്രാം ഭക്ഷ്യധാന്യവും ലഭിക്കും. 15 കിലോയില്‍ കൂടുതല്‍ ധാന്യം നിലവില്‍ ലഭിക്കുന്ന നീല കാര്‍ഡ് ഉടമകള്‍ക്ക് അതു തുടര്‍ന്നും ലഭിക്കും. ഏപ്രില്‍ 20നു മുന്‍പു സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിയാക്കും. അതിനു ശേഷമാകും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ റേഷന്‍ വിതരണം. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണമായി പാലിച്ചാകും റേഷന്‍ വിതരണം. ഒരേ സമയം അഞ്ചു പേരില്‍ കൂടുതല്‍ റേഷന്‍ കടയ്ക്കു മുന്നില്‍ നില്ക്കാന് പാടില്ല.
റേഷന്‍ കടയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്കു വീട്ടിലെത്തിച്ചു കൊടുക്കാനും കടയുടമ ക്രമീകരണമുണ്ടാക്കണം. ഇതിനും സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്താം. റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്കും സൗജന്യമായി ഭക്ഷ്യ ധാന്യം നല്‍കും. ഇതിനായി ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറും ചേര്‍ത്തുള്ള സത്യവാങ്മൂലം റേഷന്‍ വ്യാപാരിക്കു നല്‍കണം. കളവായി സത്യവാങ്മൂലം നല്കി റേഷന്‍ കൈപ്പറ്റുന്നവരില്‍നിന്നു ധാന്യത്തിന്റെ മാര്‍ക്കറ്റ് വിലയുടെ ഒന്നര ഇരട്ടി തുക പിഴയായി ഈടാക്കും.
1.18 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് ഒരു മാസത്തേക്കു കേരളത്തിലെ പൊതുവിതരണത്തിനായി എഫ്.സി.ഐ. ഗൗഡൗണുകളില്‍നിന്ന് സിവില്‍ സപ്ലൈസ് സംഭരണ കേന്ദ്രങ്ങളിലേക്കെത്തുന്നത്. ഏപ്രില്‍ മാസത്തേക്കുള്ള ധാന്യം മാര്‍ച്ച് 15നു മുന്‍പുതന്നെ സ്റ്റോക്ക് ചെയ്തു കഴിഞ്ഞു. മേയില്‍ വിതരണം ചെയ്യാനുള്ളത് ലിഫ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് ഏപ്രില്‍ 10നുള്ളില്‍ പൂര്‍ത്തിയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: