ഹൈദരാബാദ്: ഇറ്റലി ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് മൂലം മരണം ഏറുന്നതിന്റെ കാരണവും ഇന്ത്യയില്‍ ഈ വൈറസ് എത്രമാത്രം അപകടകാരിയാണെന്നും വ്യക്തമാക്കുന്നു പത്മഭൂഷണ്‍ ഡോ.ഡി. നാഗേശ്വര്‍ റെഡ്ഡി. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്റര്‍ ജി.എസ്. വാസുവിനു നല്കിയ അഭിമുഖത്തിലാണ് കൊറോണ വൈറസ് ബാധയുടെ വിവിധ തലങ്ങളെ സംബന്ധിച്ചു ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റ് ചെയര്മാന് കൂടിയായ റെഡ്ഡി വിശദീകരിച്ചത്.
യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ അടക്കം ഏഷ്യന്‍ രാജ്യങ്ങളില്‍ ചൂടിന്റെ കാഠിന്യം ഏറുന്നത് കൊറോണ വൈറസിന്റെ ആക്രമണ ശക്തിയെ ക്ഷയിപ്പിക്കുമെന്ന് ചില പഠനങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം. മാത്രമല്ല, രോഗം അധികം പടരും മുന്‍പ് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണും രോഗവ്യാപനത്തെ കാര്യമായി പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നും ഡോക്ടര്‍.
വൈറസിന്റെ വിവിധ വശങ്ങളെ സംബന്ധിച്ച് ഡോക്ടര്‍ വിശദീകരിക്കുന്നത് ഇങ്ങനെ- ഡിസംബറിലാണ് ചൈനയിലെ വുഹാനിലെ മാംസമാര്‍ക്കറ്റില്‍ നിന്ന് ഈ വൈറസ് പുറത്തെത്തിയത്. വുഹാനില്‍ നിന്ന് ഇറ്റലി, യുഎസ്എ, യൂറോപ്പ് അടക്കം പ്രദേശങ്ങളിലേക്ക് പടര്‍ന്നു. വൈറസ് പ്രചരിച്ച് മൂന്നു നാലു ആഴ്ച കഴിഞ്ഞാണ് ഇന്ത്യയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുകൊണ്ടു തന്നെ വൈറസിനെ പറ്റി കൂടുതല്‍ പഠിക്കാനുള്ള സമയം ഇന്ത്യയിലെ ആരോഗ്യ ശാസ്ത്രജ്ഞര്‍മാര്‍ക്ക് ലഭിച്ചു. കൊറോണ വൈറസ് എന്നത് ഒരു ആര്‍എന്‍എ വൈറസാണ്. വവ്വാലുകളിലാണ് ഇത്തരം ആര്‍എന്‍എ വൈറസുകള്‍ അധികമായി കാണുന്നത്. എന്നാല്‍, കൊറോണ ഇപ്പോള്‍ പടര്‍ന്നത് വവ്വാലില്‍ നിന്നാണെന്നു അന്തിമമായി കണ്ടെത്തിയിട്ടില്ല. വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് ആര്‍എന്‍എ വൈറസ് പടരുമ്പോള്‍ തന്നെ അതിനു ചില പരിണാമങ്ങള്‍ സംഭവിക്കും. ഒരു വൈറസിന്റെ ജനിതക ഘടനയ്ക്കു എത്ര പരിണാമങ്ങള്‍ സംഭവിക്കുന്നോ എന്നതിന് ആശ്രയിച്ചാണ് അതിന്റെ തീവ്രതയും അളക്കുന്നത്. യുഎസ്എ, ഇറ്റലി, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ പടര്‍ന്ന കൊറോണയുടെ ജനിതക ഘടനയില്‍ പല തവണ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇറ്റലിയില്‍ വ്യാപിക്കുന്ന വൈറസുകളേക്കാള്‍ വളരെ വ്യത്യസ്തമാണ് ഇന്ത്യയില്‍ പടരുന്ന കൊറോണ വൈറസ്.
വൈറസിന്റെ പുറത്തെ പ്രോട്ടീന്‍ മുനയില്‍ ഒരു പരിണാമം മാത്രമാണ് ഇന്ത്യയിലെ കൊറോണ വൈറസുകളില്‍ കണ്ടെത്തിയത്. മനുഷ്യന്റെ കോശങ്ങളുമായി ചേരുന്നതും ഈ പ്രോട്ടീന്‍ മുനകളാണ്. ഇന്ത്യയില്‍ പ്രചരിക്കുന്ന കൊറോണ വൈറസിന്റെ പുറത്തെ പ്രോട്ടീന്‍ മുനകള്‍ താരതമ്യേന ശക്തി കുറഞ്ഞത് ആയതിനാല്‍ മനുഷ്യശരീരത്തിലെ കോശങ്ങളുമായി അധികമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അതേസമയം, ഇറ്റലിയില്‍ വ്യാപിക്കുന്ന കൊറോണ വൈറസിന്റെ ജനിതകഘടനയില്‍ മൂന്നു മുതല്‍ നാലു തവണ വരെ മാറ്റം വരുന്നുണ്ട്. അതുകൊണ്ടു തന്നെ അതിന്റെ പ്രോട്ടീന്‍ മുനകള്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുകയും മനുഷ്യകോശങ്ങളില്‍ അധികമായി പറ്റിച്ചേരുകയും ചെയ്യും. അതുകൊണ്ടു തന്നെ രോഗപ്രതിരോധ ശേഷി കുറവായവരെ വളരെ വേഗം ഈ വൈറസിനു കീഴടക്കാനും മരണത്തിലേക്കും നയിക്കാനും സാധിക്കും. അതുകൊണ്ടു തന്നെ ഇറ്റലയില്‍ വൈറസ് ബാധിച്ചവരുടെ മരണനിരക്ക് പത്തു ശതമാനം ആണെങ്കില്‍ ഇന്ത്യയില്‍ അതു രണ്ടു ശതമാനം മാത്രമായിരിക്കും. മാത്രമല്ല, വൈറസ് ബാധ അധികം പ്രചരിക്കും മുന്‍പ് ഈ രോഗം പിടിച്ചു നിര്‍ത്താന്‍ ആവശ്യമായ സാമൂഹിക അകലത്തിനായി ഇന്ത്യ ലോക്ക് ഔട്ട് പ്രഖ്യാപിച്ചതും വളരെ ഉചിതമായ പ്രതിരോധമാണെന്നും മൂന്നൂ ആഴ്ചയില്‍ കൂടുതല്‍ ലോക്ക്ഔട്ടിന്റെ ആവശ്യം ഇന്ത്യയില്‍ വേണ്ടിവരില്ലെന്നും ഡോക്റ്റര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: