ന്യൂദല്‍ഹി: കൊറോണക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തവുമായി ഒട്ടേറെ കായികതാരങ്ങള്‍ രംഗത്ത്. മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മാനും ലോക്സഭ എംപിയുമായ ഗൗതം ഗംഭീര്‍ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി.
ഒരുമാസത്തെ ശമ്പളവും ഗംഭീര്‍ കേന്ദ്ര ദുരിതശ്വാസനിധിയിലേക്ക് നല്കി. ലോക്ഡൗണ്‍ കാലയളവില്‍ തന്റെ മണ്ഡലത്തിലെ രണ്ടായിരം പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഭക്ഷണവും വിതരണം ചെയ്യുമെന്ന് ഗംഭീര്‍ പറഞ്ഞു.
കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവും തന്റെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ കൊറോണയെ പ്രതിരോധിക്കാനായി പ്രധാനമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് നല്കി.
ഇന്ത്യ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ പത്ത് ലക്ഷം രൂപ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധയിലേക്ക് സംഭാവനയായി നല്കി. നേരത്തെ സച്ചിന് ടെന്‍ഡുല്‍ക്കര്‍ അമ്പത് ലക്ഷവും സുരേഷ് റെയ്ന 52 ലക്ഷവും നല്‍കിയിരുന്നു.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം റിച്ചാ ഘോഷ് ഒരു ലക്ഷം രൂപ ബംഗാള്‍ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന് നല്കി. പതിനാറുവയസുകാരിയായ ഈ ഔള്‍ റൗണ്ടറുടെ പിതാവ് ഒരു ലക്ഷം രൂപയുടെ ചെക്ക് സില്‍ഗുരി ജില്ലാ മജിസ്ട്രേറ്റിന് കൈമറി. എല്ലാവരും കൊറോണക്കെതിരെ പൊരുതുകയാണ്. രാജ്യത്തെ ഉത്തരവാദിത്വമുളള പൗരയായതിനാല്‍ ഇതില്‍ പങ്കാളിയാകണമെന്ന് തോന്നിയെന്ന് റിച്ച ഘോഷ് പറഞ്ഞു.
വനിതാ ടെസ്റ്റ് താരം മിഥു മുഖര്‍ജി 25000 രൂപയും ബംഗാള്‍ വനിതാ അണ്ടര്‍-23 ടീം കോച്ച് ജയന്ത ഘോഷ് പതിനായിരം രൂപയും നല്കി. മുഹമ്മദന്‍സ് സ്പോര്‍ടിങ് ക്ലബ്ബ് രണ്ട് ലക്ഷം സംഭാവനയായി നല്കി
ബാഴ്സലോണയുംപങ്കാളികളായി
ബാഴ്സലോണ: കൊറോണക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലാ ലിഗ ടീമായ ബാഴ്സലോണയും പങ്കാളികളായി. ഒരു ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ച് ബാഴ്സലോണ കാറ്റലോണിയന്‍ സര്‍ക്കാരിന് മുപ്പതിനായിരം മാസ്കുകള്‍ നല്കി.
കൊറോണയെ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പിന്റെ എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കുമെന്ന്് ക്ലബ്ബ് പ്രസ്താവനയില്‍ അറിയിച്ചു.
കൊറോണയെ തുടര്‍ന്ന് ലാ ലീഗ മത്സരങ്ങള്‍ നിര്‍ത്തിവച്ച സാഹചര്യത്തില്‍ ലയണല്‍ മെസിയുടെതടക്കമുള്ള ബാഴ്സ താരങ്ങളുടെ ശമ്പളം കുറയ്ക്കുമെന്ന് ക്ലബ്ബ് നേരത്തെ വ്യക്തമാക്കിയിരുന്നു.
യുവന്റസ് താരങ്ങളുടെ ശമ്പളം കുറയ്ക്കും
റോം: കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് മത്സരങ്ങള്‍ മുടങ്ങിയ സാഹചര്യത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സഹ താരങ്ങളും ശമ്പളം കുറയ്ക്കാന്‍ സമ്മതിച്ചതായി യുവന്റസ് ക്ലബ് അധികൃതര്‍ അറിയിച്ചു.
കളിക്കാരുടെ നാലു മാസത്തെ ശമ്പളമാണ് കുറയക്കുക. ഏകദേശം 740 കോടി രൂപയാണ് കുറയ്ക്കുക. ഇറ്റാലിയന്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരനായ റൊണാഡോയുടെ ശമ്പളത്തില്‍ നിന്ന് 83 കോടി രൂപ കുറയ്ക്കും.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ഫുട്ബോള്‍ ലീഗ് മത്സരങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ജൂണില്‍ മത്സരങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ സീസണിലെ മത്സരങ്ങള്‍ ഉപേക്ഷിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: