കന്യാകുമാരി: ലോക്ഡൗണ്‍ ലംഘിച്ച് ചുറ്റിയടിക്കുന്ന ചെറുപ്പക്കാരോടു പോലീസ് കുറച്ചുകൂടി മാന്യമായി പെരുമാറണം എന്നാണ് പലരും പറയുന്നത്. ഇക്കാര്യത്തില്‍ കന്യാകുമാരി പോലീസ് വ്യത്യസ്തമായ നയം സ്വീകരിച്ചിരിക്കുന്നു. ചൂരല്‍ പ്രയോഗമില്ല, കസ്റ്റഡിയില്ല. ചീത്തവിളിയില്ല…
പുറത്തു കറങ്ങുന്ന ചെറുപ്പക്കാര്‍ കന്യാകുമാരി പോലീസിന്റെ പരീക്ഷയെഴുതണം. പത്തു ചോദ്യങ്ങള്‍ അടങ്ങുന്ന ചോദ്യപേപ്പര്‍ നല്‍കും. ഉത്തരമെഴുതാനുള്ള ഇടവും പേപ്പറിലുണ്ട്. എല്ലാ ചോദ്യങ്ങളും കൊറോണയുമായി ബന്ധപ്പെട്ടവ. ഉടന്‍ തന്നെ മാര്‍ക്കിടും. തെറ്റായ ഉത്തരങ്ങള്‍ക്ക് ഓരോന്നിനും പത്തു തവണ കരണം മറിച്ചിലാണ് ശിക്ഷ. ഉദാഹരണത്തിന് നാലെണ്ണം തെറ്റിയാല്‍ നാല്‍പ്പത് കരണം മറിയണം.
കൊറോണ ആദ്യം പടര്‍ന്നത് എവിടെ എന്നാണ് ആദ്യത്തെ ചോദ്യം. ഹു ഈസ് കൊറോണ ലവര്? എന്ന രണ്ടാമത്തെ ചോദ്യത്തിന് ആരും ഉത്തരം എഴുതിയിട്ടില്ല. ഇതിന്റെ ഉത്തരം ലോക്ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14നു പറയുമെന്ന് തക്കല ഡിസിപി എം. രാമചന്ദ്രന് പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി ഒരേ ചോദ്യപേപ്പറാണ് നല്‍കുന്നത്. ചോദ്യങ്ങള്‍ പലര്‍ക്കും പരിചിതമായതുകൊണ്ട് പുതിയ ചോദ്യപേപ്പര്‍ തയാറാക്കാന്‍ ഒരുങ്ങുകയാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: