ആലപ്പുഴ: കൊറോണയെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ മത്സ്യബന്ധന മേഖലയില്‍ ആശയക്കുഴപ്പം. മത്സ്യബന്ധനത്തിന് പോകാമെന്ന് സര്‍ക്കാരും, സര്‍ക്കാര്‍ അനുകൂല തൊഴിലാളി യൂണിയനുകളും അഭിപ്രായപ്പെടുമ്പോള്‍ ബഹുഭൂരിപക്ഷവും ഇതിനെതിരായ നിലപാടിലാണ്. മറ്റെല്ലാ തൊഴില്‍ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുന്ന അവസ്ഥയില്‍ മത്സ്യത്തൊഴിലാളി സംഘടനകളുടേയും മത്സ്യത്തൊഴിലാളികളുടേയും എതിര്‍പ്പിനെ അവഗണിച്ച് മത്സ്യത്തൊഴിലാളികളെ മത്സ്യ ബന്ധനത്തിന് അനുവദിച്ചു കഴിഞ്ഞ ദിവസമാണ് ഫിഷറീസ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
മത്സ്യവുമായി തീരത്തെത്തുമ്പോഴുള്ള തിരക്കും ലേല നടപടികളും മറ്റും ഗുരുതരമായ പ്രശ്നങ്ങള്‍ ഉയര്‍ത്തും. സര്‍ക്കാരും ആരോഗ്യവിദഗ്ധരും നിര്‍ദേശിക്കുന്ന സാമൂഹിക അകലം പാലിക്കുക ഏറെ ബുദ്ധിമുട്ടാണ്. പല ജില്ലകളിലും തീരത്ത് മത്സ്യവിപണനം നടത്തിയത് വലിയ ആള്‍ക്കൂട്ടത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തല്‍ക്കാലത്തേക്ക് മത്സ്യബന്ധനം നിര്‍ത്തിവയ്ക്കുന്നതാണ് നല്ലതെന്ന നിലപാട് സ്വീകരിക്കാന്‍ മത്സ്യത്തൊഴിലാളി സംഘടനകളെ പ്രേരിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഫിഷറീസ് മന്ത്രിയുടെ അനുവാദം ഉണ്ടെന്ന് പറഞ്ഞ് ആലപ്പുഴ ജില്ല കളക്ടറും മത്സ്യഫെഡ് ചെയര്‍മാനും പോലീസ് മേധാവികളും യോഗം ചേര്‍ന്ന് അമ്പലപ്പുഴയിലെ നീര്‍ക്കുന്നത്തുനിന്ന് മത്സ്യബന്ധനത്തിന് പോകാനും അവിടെ മത്സ്യവിപണനം നടത്താനും തീരുമാനിച്ചു. എന്നാല്‍ വിവിധ ധീവരസഭ സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നതിനാല്‍ സിഐടിയു ആഭിമുഖ്യമുള്ള അഞ്ചില്‍ താഴെ വള്ളങ്ങള്‍ മാത്രമാണ് മത്സ്യബന്ധനത്തിന് പോയത്.
പരിമിതമായ മത്സ്യവുമായി മടങ്ങി വന്ന ഈ വള്ളങ്ങളിലെ മത്സ്യം വില്ക്കാന് നീര്‍ക്കുന്നത്തേയും പുന്നപ്രയിലേയും മത്സ്യത്തൊഴിലാളികള്‍ അനുവദിച്ചില്ല. ഇതേത്തുടര്‍ന്ന് മത്സ്യബന്ധന പരിപാടി ഉപേക്ഷിച്ചതായി മത്സ്യഫെഡിലെ ആലപ്പുഴയിലുള്ള ഉദ്യോഗസ്ഥന് സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. പല സ്ഥലങ്ങളിലും തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പീലിങ് ഷെഡുകളില്‍ പ്രവര്‍ത്തനം നടക്കുന്നുണ്ട്. തീര്‍ത്തും മലിനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവിടങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ ഇവയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ആവശ്യം ഉയരുന്നു.
മത്സ്യബന്ധനം പൂര്‍ണമായും നിലയ്ക്കുന്ന സാഹചര്യത്തില്‍ തീരദേശവാസികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും നല്‍കുകയും അവര്‍ക്കായി സ്പെഷ്യല്‍ പാക്കേജ് നടപ്പിലാക്കുകയും ചെയ്ത് അവരെ വീടുകളില്‍ വിശ്രമിയ്ക്കാന്‍ അനുവദിക്കുകയാണ് വേണ്ടതെന്ന് അഭിപ്രായമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: