ഇടുക്കി: കൊറോണ ആശങ്ക പടര്‍ത്തുന്നതിന് പിന്നാലെ പ്രതിസന്ധിയിലായി ഹൈറേഞ്ചിലെ കര്‍ഷകര്‍. കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങാന്‍ ആളുകളില്ലാത്തതും വിലക്കുറവുമാണ് ഇടുക്കിയിലെ 80 ശതമാനം കര്‍ഷകര്‍ക്കും തിരിച്ചടി. ലോക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ കൃഷിപ്പണിക്കായി ഇറങ്ങാമോയെന്ന സംശയവും കര്‍ഷകര്‍ക്കുണ്ട്.
വേനല്‍ക്കാലം പച്ചക്കറികള്‍, കുരുമുളക്, ഏലം, കൊക്കോ, ഗ്രാമ്പൂ, ജാതി, മരച്ചീനി തുടങ്ങിയവയുടെ വിളവെടുപ്പ് കാലം കൂടിയാണ്. കുരുമുളക് കൊടിയില്‍ കയറി പറിക്കാന്‍ തൊഴിലാളികളെ വിളിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. കര്‍ഷകര്‍ നേരിട്ട് പറിച്ച് മാര്‍ക്കറ്റില്‍ എത്തിച്ചാല്‍ വാങ്ങാന്‍ വ്യാപാരികള്‍ തയാറാവുന്നില്ല. വലിയ തോതില്‍ വില കുറയ്ക്കുന്നതും ഇരുട്ടടിയാകുന്നു.
ഇവ കിട്ടുന്ന വിലയ്ക്ക് വില്‍ക്കേണ്ട ഗതികേടിലാണ്. ദിനംപ്രതി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിറ്റ് ആ പണം കൊണ്ട് ജീവിക്കുന്നവരാണ് ചെറുകിട കര്‍ഷകര്‍. ഇത് തടസപ്പെട്ടതോടെ കര്‍ഷകരുടെ കുടുംബങ്ങള്‍ വറുതിയിലേക്ക് നീങ്ങും.
കുരുമുളക്, ഏലയ്ക്ക പോലുള്ളവ വാങ്ങാത്തതിന് കാരണമായി മലഞ്ചരക്ക് വ്യാപാരികള്‍ പറയുന്നത് ഇവയുടെ വിപണിയുടെ പ്രശ്നമാണ്. കയറ്റുമതി നിലച്ചിരിക്കുന്നതിനാല്‍ ഇവ വിറ്റ് പോകുമോയെന്ന് ഉറപ്പില്ല. സ്പൈസസ് ഷോപ്പുകള്‍ അടച്ചതിനാല്‍ ഇവരും കുരുമുളക് പോലുള്ളവ വാങ്ങുന്നില്ല. സംഭരിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ ഏറെക്കാലം സൂക്ഷിക്കാന്‍ വേണ്ട സൗകര്യവും കര്‍ഷകര്‍ക്കില്ല. ഇത്തരത്തില്‍ സൂക്ഷിച്ചാല്‍ തന്നെയും തങ്ങളുടെ വീട്ടിലെ അടുപ്പ് പുകയില്ലെന്നും ഇവര്‍ പറയുന്നു.
അതേസമയം, സ്വന്തം പുരയിടത്തില്‍ പണിയെടുക്കുന്നതിന് കര്‍ഷകര്‍ക്ക് വിലക്കില്ലെന്നും തൊഴിലാളികളെ കൂട്ടാന്‍ പാടില്ലെന്നേയുള്ളുവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: