ന്യൂദല്‍ഹി: രാജ്യം പൂര്‍ണമായും അടച്ചിട്ടതോടെ അവശ്യവസ്തുക്കളുടെ ക്ഷാമം ഒരു തരത്തിലുമുണ്ടാകാതിരിക്കാന് ശക്തമായ നടപടികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാനങ്ങളിലും ജില്ലാതലത്തിലും ഹെല്പ്പ്ലൈന് സ്ഥാപിക്കാനും
അവശ്യവസ്തുക്കളുടെ സുഗമമായ നീക്കം ഉറപ്പാക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. 21 ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചരക്കു നീക്കത്തിനും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും തടസ്സങ്ങള്‍ നേരിടാതിരിക്കാനാണ് കേന്ദ്ര നടപടി.
ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിമാര്‍ക്ക് നല്കിയ കത്തിലെ പ്രധാന നിര്‍ദേശങ്ങള്‍
1 സംസ്ഥാന, ജില്ലാതലങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകളും ഹെല്‍പ്പ്ലൈനുകളും തുറക്കണം. നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണം. പാലും പച്ചക്കറിയും പോലെ വേഗം കേടാകുന്ന വസ്തുക്കള്‍ അതിവേഗം കടത്തിവിടണം.
2 അവശ്യവസ്തു നീക്കത്തിന് ഓപ്പറേറ്റിങ് പ്രോട്ടോകോള്‍ രൂപീകരിക്കണം. സംസ്ഥാന അതിര്‍ത്തികളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണം. ചരക്കു വാഹനങ്ങള്‍ക്ക് പ്രത്യേക പാസുകള്‍ നല്‍കണം.
3 അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നവര്‍ക്കും സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മതിയായ സംരക്ഷണം നല്‍കണം. ചിലയിടങ്ങളില്‍ വാടകവീടുകളില്‍ നിന്ന് ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ പുറത്താക്കിയെന്ന വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് നടപടി.
4 പലവ്യഞ്ജന, പച്ചക്കറി മൊത്ത, ചെറുകിട വ്യാപാര സ്ഥാപനങ്ങളും അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവിടങ്ങളില്‍ സാധനങ്ങളുണ്ടെന്നും ഉറപ്പാക്കണം. എങ്കില്‍ മാത്രമേ അവശ്യവസ്തുക്കള്‍ക്ക് ക്ഷാമമുണ്ടാകുമെന്നു കരുതി ജനങ്ങള്‍ സാധങ്ങള്‍ വാങ്ങിക്കൂട്ടുന്നത് തടയാനാകൂ.
5 നിത്യോപയോഗ സാധനങ്ങള്‍ക്കും അവശ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയണം. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. മരുന്നടക്കം എല്ലാം ആവശ്യത്തിനുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: