കൊറോണ വ്യാപനത്തിന്റെ കാര്യത്തില്‍ ഇന്ത്യ രണ്ടാം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വരുന്ന രണ്ട് മൂന്ന് ആഴ്ചകള്‍ രാജ്യത്തെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. രോഗബാധിതരായി വിദേശത്തുനിന്നെത്തിയവരുമായി നേരിട്ട് ബന്ധം പുലര്‍ത്തിയവരാണ് അസുഖ ബാധിതരായവരില്‍ കൂടുതലും. വിദേശത്തുനിന്നെത്തിയ ഇന്ത്യക്കാരുമായി ഇടപെട്ടിട്ടുള്ള അവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ ഇവരെ കൂടാതെ വിദേശ ടൂറിസ്റ്റുകള്‍ എന്നിവര്‍ക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഐസിഎംആര്‍ നടത്തിയ പരിശോധനയില്‍, 826 കേസുകളുടേയും പരിശോധന ഫലം നെഗറ്റീവാണ്. ആ കാലയളവ് വരെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല എന്നാണത് കാണിക്കുന്നത്. സമൂഹ വ്യാപനം എന്ന വിപത്ത് ഇന്ത്യയ്ക്ക് നേരിടേണ്ടി വരില്ല എന്ന് ഇതുകൊണ്ട് അര്‍ത്ഥമാക്കരുത്. ചൈന, ഇറ്റലി, ഇറാന് തുടങ്ങിയ രാജ്യങ്ങളുടെ അനുഭവത്തില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ മനസ്സിലാക്കുന്നത്.
2019 ഡിസംബറിലാണ് ചൈനീസ് അധികൃതര്‍ കൊറോണ വൈറസ് ബാധയെക്കുറിച്ച് മനസ്സിലാക്കിയത്. ഇവിടുത്തെ വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാണ് വൈറസിന്റെ ഉത്ഭവം എന്ന് വാദിക്കുന്നവരുമുണ്ട്. ചൈനയുടെ ജൈവായുധ നിര്മ്മാണവുമായിട്ടാണ് അവര്‍ ഇതിനെ ബന്ധിപ്പിക്കുന്നത്. എന്നാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥതി ചെയ്യുന്നതും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതും വുഹാനില്‍ ആയത് തികച്ചും ആകസ്മികം എന്നാണ് ഇവിടുത്തെ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.
മനുഷ്യ ശരീരത്തിലേക്ക് ഈ വൈറസ് എത്തിയത് മൃഗങ്ങളില്‍ നിന്നാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. വവ്വാലില്‍ നിന്നോ അല്ലെങ്കില്‍ വവ്വാലില്‍ നിന്ന് വൈറസ് ബാധിച്ച മൃഗത്തില്‍ നിന്നോ ആവാം വൈറസ് മനുഷ്യ ശരീരത്തിലേക്ക് വ്യാപിച്ചത്. ചൈനയാണ് കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം എന്നതില്‍ ഏകാഭിപ്രായമാണുള്ളത്. ഈ കാരണം കൊണ്ടാവാം യുഎസ് പ്രസിഡന്റ് ഡൊളാള്‍ഡ് ട്രംപ് ഈ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിളിച്ചതും. ചൈനയില്‍ നിന്ന് വൈറസ് വ്യാപനം ആദ്യത്തെ സംഭവമല്ല. 2002ല്‍, സാര്‍സ് രോഗബാധ ഉണ്ടായതും ചൈനയില്‍ നിന്നാണ്. ഈ രോഗം ആഗോള തലത്തില്‍ ആയിരക്കണക്കിന് ആളുകളെ ബാധിച്ചു. 750ല്‍ അധികമാളുകള്‍ സാര്‍സ് രോഗത്താല്‍ മരണപ്പെട്ടു.
ചൈനയില്‍ വൈറസ് വ്യാപനം കുറഞ്ഞുവെന്നും സാധാരണ നില അധികം വൈകാതെ വീണ്ടെടുക്കുമെന്നുമാണ് ലഭ്യമാകുന്ന വിവരം. ചൈനയുടെ വിചിത്രമായ ഭക്ഷണ ശീലം എന്നതൊക്കെ മാറ്റി നിര്‍ത്താം. ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് വിവരം കൈമാറുന്നതിനോ വേണ്ട നടപടികള്‍ കൈക്കൊള്ളുന്നതിനോ തയ്യാറാവാതെ, വൈറസ് കൂടുതല്‍ വ്യാപിക്കാന്‍ ഇടവരുത്തി എന്നതാണ് ലോക രാജ്യങ്ങള്‍ ചൈനയ്ക്ക് എതിരെ ഉയര്‍ത്തുന്ന പ്രധാന ആരോപണം.
ചൈനീസ് ഭരണകൂടം ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിച്ചോ? ലോകത്തിന് ഇതേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയോ? ഇതൊരു മഹാമാരിയായി മാറുന്നതിന് മുന്നേ, പ്രാരംഭ ഘട്ടത്തില്‍ തന്നെ വൈറസ് വ്യാപനം തടയുന്നതിന് നടപടിയെടുക്കുക എന്നത് ചൈനീസ് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമായിരുന്നു. ഈ വൈറസിനെപ്പറ്റി ആദ്യം മുന്നറിയിപ്പ് നല്കിയ ഡോക്ടറോട് ചൈനീസ് അധികൃതര്‍ എത്ര മോശമായാണ് പെരുമാറിയത്. അദ്ദേഹം പിന്നീട് മരണപ്പെട്ടു. ഇക്കാര്യങ്ങളൊന്നും രഹസ്യമല്ല.
ആഗോളതലത്തില്‍ നൂറ്റിയമ്പതോളം രാജ്യങ്ങളിലേക്കാണ് കൊറോണ വൈറസ് വ്യാപിച്ചിരിക്കുന്നത്. ഇറ്റലിയേയും ഇറാനേയുമാണ് ഇത് അതിരൂക്ഷമായി ബാധിച്ചിരിക്കുന്നത്. ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് (ഒരു മേഖല, ഒരു പാത) പദ്ധതിയാണ് ഈ രാജ്യങ്ങളിലേക്ക് വൈറസ് സംഭാവന ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. ചൈനയില്‍ നിന്നും വളരെ അകലെ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളായിട്ടുകൂടി ഇവിടെ രോഗം പൊട്ടിപ്പുറപ്പെടാന്‍ കാരണം ഈ പദ്ധതിയാണെന്നും റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നു. ഇറ്റലിയും ഇറാനുമാണ് വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ള രാജ്യങ്ങള്‍. അടിസ്ഥാനസൗകര്യ മേഖല, ഗതാഗതം, നാല് പ്രധാന തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ നിക്ഷേപം നടത്തുന്നതിനുള്ള വാതായനങ്ങള്‍ ചൈനയ്ക്ക്, ഇറ്റലി തുറന്നുനല്‍കി കഴിഞ്ഞു. ലൊംബാര്‍ഡി, ടസ്കനി എന്നീ പ്രവിശ്യകളിലാണ് ചൈന ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.
കഴിഞ്ഞ കുറേ നാളുകളായി അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധത്തിന്റെ പിടിയിലായ ഇറാന്, ചൈനീസ് നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. 2019 ല്‍ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി പ്രകാരം 2000 മൈല്‍ നീളമുള്ള റെയില്‍ ട്രാക് നിര്‍മാണ കരാറില്‍ ഇറാന് ഒപ്പുവച്ചു. ഇതിന് പുറമെ, ഇറാന് നഗരമായ ക്വോമില്‍ നിന്നും അതിവേഗ റെയില്‍ പാതയ്ക്കും ചൈനയുടെ റയില്‍വേ എഞ്ചിന് കോര്പറേഷന് 2.7 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു. ക്വോമില്‍ കൊറോണ വൈറസിന്റെ വ്യാപനത്തിന് കാരണം ചൈനയില്‍ നിന്നും വന്ന തൊഴിലാളികളോ, ബിസിനസുകാരോ ആയിരിക്കാം എന്നാണ് ഇറാനിലെ ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയുടെ ഭാഗമാവില്ലെന്ന് തുടക്കത്തിലേ തന്നെ ഇന്ത്യ വ്യക്തമാക്കിയതും ശ്രദ്ധേയമാണ്.
കഴിഞ്ഞ കുറേ നാളുകളായി പലവിധ തന്ത്രങ്ങള്‍ സ്വീകരിച്ച് ലോക വിപണി കീഴടക്കിയിരിക്കുകയായിരുന്നു ചൈന. ഇത്തരമൊരു സാഹചര്യത്തില്‍, ഉത്പാദന രംഗത്ത് ഇടിവുണ്ടായത് ഇന്ത്യയില്‍ മാത്രമല്ല. യുഎസ്, യുറോപ്പ് പോലുള്ള വികസിത രാജ്യങ്ങളുള്‍പ്പടെ ഇതേ പ്രശ്നം നേരിട്ടു.
തൊഴിലില്ലായ്മ(പ്രത്യേകിച്ചും യുവാക്കളുടെ) ആഗോള തലത്തില്‍ വര്‍ധിച്ചു. ചൈനയിലെ ലോക് ഡൗണ്‍ കാരണം അവിടെ നിന്നും ഇറക്കുമതി അസാധ്യമായി.
കൊറോണ വിതച്ച നാശം ഒരു ഭാഗത്തും സാമ്പത്തിക പ്രതിസന്ധി മറ്റൊരു ഭാഗത്തും. ഈ സാഹചര്യത്തില്‍ വരും നാളുകളിലും ആഗോളവത്കരണത്തിന്റെ കേന്ദ്രബിന്ദുവായി ചൈന തുടരുമോ എന്നതിനെക്കുറിച്ചാണ് പല രാജ്യങ്ങളും ചിന്തിക്കുന്നത്. ലോകരാജ്യങ്ങള്‍ ചൈനയുമായുള്ള ബന്ധം പുനര്‍വ്യാഖ്യാനം ചെയ്തേക്കും. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ്, ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഗ്രേഡിയന്റ്സ് പുനരുജ്ജീവിപ്പിക്കുന്നതിനായി കേന്ദ്രം കൊണ്ടുവന്ന 3000 കോടി രൂപയുടെ പദ്ധതി.
കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ മാനക്കേട് ലഘൂകരിക്കുന്നതിനുള്ള ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളിലാണ് ചൈനീസ് ഭരണകൂടം.
അശ്വനി മഹാജന്
(ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: