ചാലക്കുടി: സര്‍ക്കാര്‍ പ്രഖ്യാപിച്ചവിലക്കുകള് ലംഘിച്ച് ആളെക്കൂട്ടി കുര്‍ബാന നടത്തിയ പള്ളി വികാരിയെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത ദേവാലയത്തില്‍ ഫാ. പോളി പടയാട്ടിയുടെ കാര്‍മികത്വത്തിലാണ് തിങ്കളാഴ്ച്ച രാവിലെ ആറരയോടെ നൂറോളം പേര് പങ്കെടുത്ത കുര്‍ബാന നടന്നത്.
വികാരിയും സഹവികാരിയും ഉള്‍പ്പെടെയുള്ളവര്‍ മാത്രം പങ്കെടുത്ത് കുര്‍ബാന നടത്തണമെന്ന് കെസിബിസി നിര്‍ദേശം ഉള്ളപ്പോഴാണ് കൂടപ്പുഴയില്‍ വിലക്കുകള്‍ ലംഘിച്ച് കുര്‍ബാന നടത്തിയത്. പള്ളിയില്‍ കുര്‍ബാന നടക്കുന്നതറിഞ്ഞ് സ്റ്റേഷനില്‍ ഹാജരാകുവാന്‍ പറഞ്ഞ വികാരി അതിന് തയാറായില്ലെന്നും പോലീസ് ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചതായും പറയുന്നു. ഇതിനെ തുടര്‍ന്ന് ചാലക്കുടി സിഐ പി.ആര്. ബിജോയ്, എസ്ഐമാരായ എം.എസ്. ഷാജന്, ഉണ്ണികൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി വികാരിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു.
കുര്‍ബാനയില്‍ പങ്കെടുത്ത അന്‍പതോളം വിശ്വാസികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ വിലക്ക് ലംഘിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് വികാരിയെ കസ്റ്റഡിയിലെടുത്തത്.
ഇടവക വിശ്വാസികള്‍ വികാരിയോട് കുര്‍ബാന നിര്‍ത്തി വയ്ക്കുവാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും തയാറായില്ലെന്ന് വിശ്വാസികള്‍ പറഞ്ഞു. രൂപതയിലെ മറ്റ് ഇടവകകളിലും കുര്‍ബാനകള്‍ നിറുത്തി വച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: