ന്യൂദല്‍ഹി: രാജ്യത്തെ പല സംസ്ഥാനങ്ങളും അതിര്‍ത്തികള്‍ അടച്ചപ്പോള്‍ ബുദ്ധിമുട്ടിലായി അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍. ദല്‍ഹി-നോയിഡ പ്രദേശങ്ങളിലെ ജനങ്ങള്‍ അതിര്‍ത്തി കടക്കാനാകാതെ വലയുന്നു. ആഹാര വിതരണക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അതിര്‍ത്തിയോട് ചേര്‍ന്ന് ജീവിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് യാത്ര ബുദ്ധിമുട്ടാവുകയാണ്.
ഹോട്ടലുകളില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ കഴിയുന്നില്ലെന്ന് ജീവനക്കാരന് ശ്യാം പറയുന്നു. നോയിഡയിലാണ് ശ്യാം താമസിക്കുന്നത്. ഓഫീസ് ദല്‍ഹിയിലാണ്. പക്ഷേ ദല്‍ഹിയിലേക്ക് തങ്ങളെ കടത്തിവിടുന്നില്ല. അപ്പോളെങ്ങനെയാണ് ആഹാരം വിതരണം ചെയ്യാന്‍ പോവുകയെന്ന് ശ്യാം ചോദിക്കുന്നു. ഇങ്ങനെയുള്ളവര്‍ക്ക് അതിര്‍ത്തി കടന്നുപോകാന്‍ കാര്‍ഡ് അനുവദിക്കണമെന്നും ശ്യാം കൂട്ടിച്ചേര്‍ത്തു.
നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ പ്രദേശവാസികള്‍ക്ക് അടുത്തുള്ള കടകളില്‍ പോലും പോകാന്‍ കഴിയാത്ത അവസ്ഥയാണ്. നിലവില്‍ നോയിഡയില്‍ താമസിക്കുന്നവരില്‍ പലരും അതിര്‍ത്തിയില്‍ കാര്‍ നിര്‍ത്തിയിട്ടിട്ട് ദല്‍ഹിയില്‍ പോയി സാധനങ്ങള്‍ വാങ്ങുകയാണ് ചെയ്യുന്നത്. ഇതുമൂലം ദല്‍ഹി-നോയിഡ അതിര്‍ത്തിയില്‍ ഗതാഗത തടസവുമുണ്ടാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: