ആലപ്പുഴ: സര്‍ക്കാര്‍ യഥാസമയം പണം നല്കാത്തതിനാല് പ്രതിസന്ധിയിലായ കരാറുകാര്‍ക്കുമേല്‍ അധിക ബാദ്ധ്യത അടിച്ചേല്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പ്. വിവിധ പ്രവൃത്തികള്‍ ചെയ്ത കരാറുകാര്‍ക്ക് പൊതുമരാമത്ത് വകുപ്പ് നല്‍കാനുള്ള കുടിശിക തുക മൂവായിരം കോടിയോളമാണ്. ഈ പ്രതിസന്ധി നിലനില്‍ക്കെയാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് കൊറോണയുടെ സാഹചര്യത്തില്‍ മുന്‍കൂര്‍ വേതനം നല്‍കണമെന്ന നിര്‍ദ്ദേശം.
കഴിഞ്ഞ ആറു മാസത്തിലേറെയായി കുടിശിക തുക വിതരണം ചെയ്യാനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കടുത്ത സാമ്പത്തിക ബാധ്യതയാണ് ഭൂരിപക്ഷം കരാറുകാര്ക്കുമുള്ളത്. നിരത്തുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, ദേശീയപാത എന്നീ നാലു മേഖലകളിലായി 2500ലേറെ കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ നിര്‍മ്മാണങ്ങള്‍. ഏകദേശം ഒരു ലക്ഷത്തോളം തൊഴിലാളികള്‍ ഈ കരാറുപണിക്കാരുടെ കീഴില്‍ ജോലി ചെയ്യുന്നുണ്ട്. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇവരില്‍ ധാരാളം തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായുള്ള ജോലി പഴയത് പോലെ ലഭിക്കുന്നില്ല. ഒന്നെങ്കില്‍ ജോലി നിര്‍ത്തുകയോ, അല്ലെങ്കില്‍ ജോലി പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. അതിനാല്‍, തൊഴിലാളികളും സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്നാല്‍, കരാറുകാര്‍ക്ക് കുടിശിക നല്‍കാതെ തൊഴിലാളികള്‍ക്ക് മൂന്‍കൂര്‍ കൂലി നല്‍കാനുള്ള നിര്‍ദ്ദേശമാണ് മന്ത്രി ജി. സുധാകരന് നല്‍കിയത്.
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ മുഖേനയാണ് ജില്ലകള്‍തോറുമുള്ള കരാറുകാരോട് ഈ ആവശ്യം മന്ത്രി അറിയിച്ചത്. മുന്‍കൂര്‍ വേതനത്തിനുള്ള പണി കൊറോണ കാലത്തിന് ശേഷം തൊഴിലാളികള്‍ ചെയ്യുമെന്നും മന്ത്രി പറയുന്നു. നിലവില്‍ പൂര്‍ത്തിയാക്കിയ പ്രവൃത്തികളുടെ ബില്ല് നല്കി മാസങ്ങള്‍ പിന്നിട്ടിട്ടും പണം നല്കാന് സര്‍ക്കാര്‍ നടപടിയെടുക്കാതെ അധിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് കരാറുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: