കുവൈറ്റ് സിറ്റി – കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈത്തിൽ ഭാഗികമായി കർഫ്യൂ ഏർപ്പെടുത്തി. വൈകുന്നേരം അഞ്ച് മണി മുതൽ പുലർച്ചെ നാല് മണി വരെയാണ് കർഫ്യൂ. വൈകുന്നേരം അഞ്ച് മണിയോടെ കുവൈത്തിലെ കടകമ്പോളങ്ങൾ അടഞ്ഞു.
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ കൊണ്ട് വന്ന നിർദ്ദേശങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങിയതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി അനസ് അല്‍ സാലെ അറിയിച്ചു.
വൈകിട്ട് 5 മണി മുതൽ പുലർച്ച 4 മണി വരെ പതിനൊന്ന് മണിക്കൂർ കർഫ്യൂവിനാണ് ആണ് കഴിഞ്ഞ ദിവസം വൈകി ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകിയത്. കർഫ്യൂ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
മൂന്ന് വർഷം വരെ തടവും പതിനായിരം ദിനാർ പിഴയും ആണ് കർഫ്യൂ നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ .അതിനിടെ കുവൈത്തിൽ 12 ആളുകൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 5 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 349 പേർ നിരീക്ഷണത്തിലുണ്ടന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മാർച്ച് ഇരുപത്താറ് മുതല്‍ രണ്ടാഴ്ചത്തേക്ക് കൂടി പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഉൾപ്പെടെ അധികൃതർ കൃത്യമായ മാർഗ്ഗ നിർദേശങ്ങൾ ജനങ്ങൾക്ക് നൽകുന്നുണ്ട്. വീടുകളിൽ കഴിയുന്നവർക്ക് അവശ്യവസ്തുക്കൾ ലഭ്യമാക്കാൻ ഹോം ഡെലിവറി സർവീസ് ആരംഭിക്കാൻ കോ ഓപറേറ്റിവ് സൊസൈറ്റികളുമായി ധാരണയിലെത്താനും മന്ത്രി സഭ നിർദേശം നൽകിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: