കോവിഡ്-19 എന്ന മഹാമാരി പ്രത്യക്ഷപ്പെട്ടിട്ട് ഏതാനും മാസങ്ങളേയായുള്ളൂ. എന്നാല്‍ അതിന്റെ പ്രഹരശേഷി അതിഭീകരമാണ് എന്നാണ് ബോധ്യപ്പെട്ടിരിക്കുന്നത്. അപകടകരമായ ഈ രോഗം ഇരുന്നൂറ് രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. മരണമാകട്ടെ പന്തീരായിരം കവിഞ്ഞു. ചൈനയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട കൊറോണ എന്ന കോവിഡ്-19 ചൈനയിലുണ്ടാക്കിയതിനെക്കാള് ജീവഹാനി ഇറ്റലിയിലുണ്ടാക്കി. തൊട്ടുപിറകെ ഇറാനുമുണ്ട്. ഒരാഴ്ച മുന്‍പ് നൂറില്‍ താഴെ മാത്രം രോഗബാധിതരുണ്ടായ ഇന്ത്യയിലത് മുന്നൂറിലേറെയായി. മരണസംഖ്യ തുലോ കുറവാണെന്ന് മാത്രം. പക്ഷേ ഇന്ത്യയ്ക്കും ആശ്വസിച്ചിരിക്കാന്‍ കഴിയില്ലെന്ന് നേരത്തെ തന്നെ ബോധ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലായിരുന്നല്ലൊ പ്രധാനമന്ത്രി നരേന്ദ്ര മോദി സാര്‍ക്ക് തലവന്മാരുടെ യോഗം വിളിച്ചുകൂട്ടി അപകടം ബോധ്യപ്പെടുത്തിയത്. ഇന്ത്യ നടത്തുന്ന കരുതലും കാര്യക്ഷമതയും പ്രശംസിക്കപ്പെടുകയുമുണ്ടായി. അതുകൊണ്ടൊന്നും ആശ്വസിച്ചിരിക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു തുടര്‍ന്നുള്ള നടപടി. അതിന്റെ ഭാഗമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ജനതാ കര്‍ഫ്യൂ’.
ചരിത്രത്തിലാദ്യമായി രാജ്യമൊട്ടാകെ ജാതി, മത, വര്‍ഗ, രാഷ്ട്രീയ ചിന്ത പാടെ ഉപേക്ഷിച്ച് ജനതാ കര്‍ഫ്യൂ ജനങ്ങള്‍ നെഞ്ചിലേറ്റി. കഷ്ടപ്പാടുകളും പ്രയാസങ്ങളും പ്രശ്നങ്ങളും എല്ലാം മറന്ന് കര്‍ഫ്യൂ വിജയിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നിട്ടിറങ്ങി. അത് അത്ഭുതകരമായ ഐക്യമാണ് പ്രകടമാക്കിയത്. വാണിജ്യ, വ്യവസായ സ്ഥാപനങ്ങള്‍ മാത്രമല്ല കട കമ്പോളങ്ങള്‍ക്കായി ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ചുള്ള യാത്രക്കാരെയല്ലാതെ കാല്‍നടക്കാര്‍ പോലും തെരുവിലിറങ്ങിയില്ല. ഈ കര്‍ഫ്യൂ എനിക്കുവേണ്ടി, എന്റെ കുടുംബത്തിനും സമൂഹത്തിനും വേണ്ടിയുള്ള ജാഗ്രതയും കരുതലുമെന്ന് സര്‍വര്‍ക്കും ബോധ്യപ്പെട്ടു എന്നതിന്റെ തെളിവാണ് കര്‍ഫ്യൂ സമ്പൂര്‍ണമായത് തെളിയിക്കുന്നത്. സമൂഹത്തിന്റെ ജീവന്മരണ പോരാട്ടമാണ് കോവിഡിനെതിരായ നീക്കങ്ങളെല്ലാം. ദുരന്തങ്ങള്‍ക്കിടയിലും പോക്കറ്റടിക്കാന്‍ ശ്രമിക്കുന്നവരുണ്ടാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും അവഗണിച്ച് പെരുമാറുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അത് ആവര്‍ത്തിക്കുന്നതിനെതിരെ ശക്തമായ നടപടികളിലേക്കും നീങ്ങുമെന്ന് സര്‍ക്കാരുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
കര്‍ഫ്യൂ പ്രഖ്യാപനം വിലക്കയറ്റമുണ്ടാക്കിയെന്ന് പ്രതിപക്ഷം പാര്‍ലമെന്റില്‍ ആക്ഷേപിക്കുകയുണ്ടായി. ഒരു ദിവസത്തെ കര്‍ഫ്യൂ എന്നല്ല മാരകരോഗത്തെ പ്രതിരോധിക്കാന്‍ ഏത് നിര്‍ദ്ദേശങ്ങളും അംഗീകരിക്കാന്‍ ജനങ്ങള്‍ സന്നദ്ധരുമാണ്. അതുകൊണ്ടാണല്ലൊ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബും രാജസ്ഥാനും സംസ്ഥാനം അടച്ചിടാന്‍ ആദ്യം തന്നെ തീരുമാനിച്ചത്. പ്രശ്നത്തിന്റെ ഗൗരവം അവര്‍ക്ക് ബോധ്യപ്പെട്ടതുകൊണ്ടാണല്ലൊ. കേരളം നേരത്തെ തന്നെ കാര്യക്ഷമമായ കരുതലും ജാഗ്രതയും പ്രകടിപ്പിക്കുന്നുണ്ട്. പരീക്ഷകളെല്ലാം മാറ്റിവയ്ക്കാനും ആരാധനാലയങ്ങളുടെ ചടങ്ങുകളില്‍ ജനപങ്കാളിത്തം അധികമാകരുതെന്ന് നിഷ്കര്‍ഷിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. അത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും തയാറായിട്ടുണ്ട്. നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ആരുടെയെങ്കിലും വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയല്ല. ജനതാല്‍പ്പര്യവും രാജ്യതാല്‍പ്പര്യവും മാത്രമാണ് ലക്ഷ്യം. അടിയന്തര ഘട്ടങ്ങള്‍ നേരിടാനുള്ള തയാറെടുപ്പിന്റെ ഭാഗമായ കര്‍ഫ്യൂവിന് ശേഷം രാജ്യത്താകെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. 75 ജില്ലകള്‍ പൂര്‍ണമായും അടച്ചിടുകയാണ്. കേരളത്തില്‍ കാസര്‍ഗോട്, കണ്ണൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം ജില്ലകളും പെടും.
കൊറോണയെന്ന മഹാമാരിക്ക് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അത് പിടികൂടാതിരിക്കാനുള്ള മരുന്നാണ് നിയന്ത്രണങ്ങളും കരുതലുകളും. അതുമായി പൂര്‍ണതോതില്‍ സമൂഹം സഹകരിക്കുക തന്നെ വേണം. അതുമൂലം ഉണ്ടാകുന്ന കഷ്ടപ്പാടുകള്‍ ലഘൂകരിക്കാന്‍ യുക്തമായ നടപടി ഉണ്ടാകുമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. അത് അവിശ്വസിക്കേണ്ട കാര്യമില്ല. മഹാരോഗത്തെ അകറ്റിനിര്‍ത്താന്‍ എല്ലാവര്ക്കും ഒന്നിച്ചു നില്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: