ബെംഗളൂരു: കൊറോണയുടെ പശ്ചാത്തലത്തില്‍ കേരള-കര്‍ണാടക-തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചു.
ഇന്നു മുതല്‍ കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളുണ്ടാകില്ല. ബന്ദിപ്പൂര്‍ അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കര്‍ണാടക ആര്‍ടിസി ഇന്നു മുതല്‍ സേലം വഴി മാത്രമായിരിക്കും സര്‍വീസ് നടത്തുക.
വെള്ളിയാഴ്ച രാത്രി ബന്ദിപ്പൂര്‍ ചെക്ക് പോസ്റ്റ് വഴി പോകാന്‍ കഴിയാത്ത ബസുകള്‍ കുട്ട വഴിയാണ് കേരളത്തിലേക്ക് അയച്ചതെന്ന് ബെംഗളൂരു കേരള ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
പീനിയ, ശാന്തിനഗര്‍ എന്നിവിടങ്ങളിലേ കെഎസ്ആര്‍ടിസിയുടെ ഇന്‍ഫര്‍മേഷന്‍ ബുക്കിങ് കൗണ്ടറും അടച്ചു. സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡിലെ കൗണ്ടര്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക.
ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ക്കും മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കും മാര്‍ച്ച് 29വരെ ചാമരാജ് നഗര്‍ ജില്ല പരിധിയിലുള്ള ബന്ദിപ്പൂര്‍ അതിര്‍ത്തിയിലൂടെ കടക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവാണ് ചാമരാജ് നഗര്‍ ജില്ല കലക്ടര്‍ പുറത്തിറക്കിയത്.
ഇതിനിടെ, സര്‍വീസുകള്‍ നിര്‍ത്തിവെക്കാനുള്ള നിര്‍ദേശം കര്‍ണാടക ഗതാഗത വകുപ്പില്‍നിന്നും വന്നിട്ടില്ലെന്നും ഒരോ അതിര്‍ത്തിയിലെ സാഹചര്യം അനുസരിച്ച് സര്‍വീസുകളില്‍ മാറ്റം വരുത്തുമെന്നും കര്‍ണാടക ആര്‍ടിസി അറിയിച്ചു.
നിലവില്‍ ഹൊസൂര്‍, സേലം വഴിയുള്ള പതിവുപോലെ സര്‍വീസ് നടത്തുമെന്നും ബന്ദിപ്പൂര്‍ വഴിയുള്ള സര്‍വീസുകള്‍ വെള്ളിയാഴ്ച രാത്രിയോടെ അവസാനിപ്പിച്ചെന്നും കര്‍ണാടക ആര്‍ടിസി അറിയിച്ചു.
അതേസമയം, കര്‍ണാടക അതിര്‍ത്തി അടച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി യെദിയൂരപ്പയും അറിയിച്ചു. നിലവില്‍ അതിര്‍ത്തികള്‍ അടച്ചിട്ടില്ലെന്നും സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷം ഭാവി നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: