പാലക്കാട്: കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് തമിഴ്‌നാട്ടിലേക്കുള്ള കേരളത്തിന്റെ പ്രവേശന കവാടമായ വാളയാറില്‍ അതീവ ജാഗ്രതയും പരിശോധനയും. കേരളം, തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ കര്‍ശന പരിശോധനയാണ് ചെക്ക് പോസ്റ്റുകളില്‍ നടത്തുന്നത്.
അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി. പാല്‍, പച്ചക്കറി, പെട്രോള്‍, ഗ്യാസ്, മരുന്നുകള്‍, ആശുപത്രി കേസുകളടക്കം അടിയന്തര ആവശ്യമുള്ള വാഹനങ്ങള്‍ മാത്രമാണ് വാളയാര്‍ വഴി കടത്തിവിടുന്നത്. അതേസമയം, ചീഫ് സെക്രട്ടറിമാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ ചരക്ക് ഗതാഗതം നിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ചതിനാല്‍ ചരക്ക് വണ്ടികള്‍ ചെക്ക് പോസ്റ്റുകള്‍ വഴി കടുത്ത പരിശോധനയ്‌ക്ക് ശേഷം കടത്തിവിടുന്നുണ്ട്.
ആരോഗ്യപ്രവര്‍ത്തകര്‍ യാത്രക്കാരെ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. ഇന്നലെ ആരംഭിച്ച നിയന്ത്രണം ഈ മാസം 31 വരെ തുടരാനാണ് തീരുമാനം. വാളയാറിന് പുറമെ അട്ടപ്പാടി ആനക്കട്ടി വേലന്താവളം, ഗോപാലപുരം, മീനാക്ഷിപുരം ചെക്ക് പോസ്റ്റുകളിലും കര്‍ശന നിയന്ത്രണമുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങളെ പരിശോധിച്ച ശേഷമാണ് കടത്തി വിടുന്നത്.
തമിഴ്‌നാടും കര്‍ണാടകവും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയതോടെ അവിടെ നിന്നുള്ള മലയാളികളുടെ വരവ് കൂടിയതിനാല്‍ വാളയാറില്‍ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ നീണ്ടനിര ഇന്നലെ രാവിലെ മുതല്‍ കാണാമായിരുന്നു. അതിര്‍ത്തി അടച്ചുള്ള പരിശോധനയിലേക്ക് തമിഴ്‌നാട് എത്തിയതോടെ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച യാത്രക്കാരുള്ള വാഹനങ്ങള്‍ക്ക് മടങ്ങണ്ടിവന്നു. ഒഴിവാക്കാനാവാത്ത യാത്രക്കാരെ മാത്രം തമിഴ്‌നാട്ടിലേക്ക് വിട്ടാല്‍ മതിയെന്നാണ് കോയമ്പത്തൂര്‍ കളക്ടറുടെ നിര്‍ദേശം.
ചെക്ക് പോസ്റ്റുകള്‍ പൂര്‍ണമായി അടയ്‌ക്കേണ്ട സഹാചര്യമില്ലെന്ന് വാളയാറിലെത്തിയ കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ കെ. രാജാമണി പറഞ്ഞു. കോയമ്പത്തൂര്‍ ആരോഗ്യ വകുപ്പ് മേധാവി ഡോ. എസ്. രമേശ് കുമാറിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പോലീസ്, തമിഴ്‌നാട് റവന്യൂ, ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥരടങ്ങുന്ന വന്‍സംഘമാണ് പരിശോധനയ്‌ക്ക് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: