ന്യൂദല്‍ഹി: വിദേശത്ത് നിന്ന് വരുന്നവര്‍ ക്വാറന്റൈനില്‍ കഴിയണമെന്ന നിര്‍ദേശം അവഗണിച്ചുവെന്ന ആരോപണങ്ങള്‍ തള്ളി ഗായിക കനിക കപൂര്‍. തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കനിക രംഗത്തെത്തി. ലണ്ടനില്‍ നിന്ന് മടങ്ങിവന്നപ്പോള്‍ പരിശോധനയില്‍ നിന്ന് രക്ഷനേടാന്‍ താന്‍ ശുചിമുറിയില്‍ കയറി ഒളിച്ചിരുന്നില്ലെന്ന് കനിക പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നിര്‍ദേശങ്ങളും ലഭിച്ചില്ല. വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ നടപടികളില്‍ നിന്ന് ഒരാള്‍ക്ക് എങ്ങനെയാണ് ഒഴിഞ്ഞുമാറാനാകുക.
മുംബൈ വിമാനത്താവളത്തില്‍ പരിശോധനകള്‍ക്ക് വിധേയയായിരുന്നു. ഒരു ദിവസം മുഴുവന്‍ മുംബൈയിലുണ്ടായിരുന്നു. കൊറോണ വ്യാപിച്ചിരുന്നതിനാല്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അച്ഛനമ്മമാര്‍ പറഞ്ഞിട്ടാണ് പിറ്റേന്ന് രാവിലെ ലഖ്നൗവിലേക്ക് പോന്നത്. വിമാനത്തിലായിരുന്നു യാത്ര. വിദേശത്ത് നിന്ന് വരുന്നവര്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് അപ്പോഴും നിര്‍ദേശം ലഭിച്ചില്ല, കനിക പറയുന്നു.
മുംബൈയിലെ പരിശോധനയില്‍ ആരോഗ്യ പ്രശ്നങ്ങളൊന്നും കാണിച്ചില്ല. നാല് ദിവസം മുന്‍പാണ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. താനായിട്ട് പരിപാടികളൊന്നും സംഘടിപ്പിച്ചിട്ടില്ല. ഒരു പിറന്നാളാഘോഷത്തില്‍ പങ്കെടുത്തു. ബിജെപി നേതാവ് വസുന്ധരരാജെയും ദുഷ്യന്ത് സിങ് എംപിയുമുള്‍പ്പെടെ പല രാഷ്ട്രീയ നേതാക്കളും അവിടെയുണ്ടായിരുന്നു.
വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇവരുടെയെല്ലാം വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചു. കൂടാതെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ ജോലി ചെയ്യുന്ന സുഹൃത്തിനെ വിവരമറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ് സംസ്ഥാനത്തെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടത്. പനിയുടെ ലക്ഷണങ്ങള്‍ മാത്രമാണ് തനിക്കുള്ളതെന്നും അവര്‍ പറഞ്ഞു.
തന്റെ നിര്‍ബന്ധ പ്രകാരം, അവരെ നിരന്തരം ശല്യം ചെയ്തപ്പോഴാണ് മൂന്നാമത്തെ ദിവസം സ്രവപരിശോധനയ്ക്ക് സാമ്പിളെടുക്കാന്‍ ആരോഗ്യപ്രവര്‍ത്തകരെത്തിയത്. തിങ്കളാഴ്ച മുതല്‍ ഇന്ന് വരെയും മുറിയില്‍ തന്നെയാണ്. പുറത്തിറങ്ങിയിട്ടില്ല, കനിക കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: