ബെംഗളൂരു: ഒരു സര്‍ക്കാരില്‍ നിന്ന് ഇത്രയും സഹായങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല, അവര്‍ രാവും പകലും ഞങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു, കര്‍ണാടക സര്‍ക്കാരും രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീ ചെസ്റ്റ് ഡിസീസിലെ ഡോക്ടര്‍മാരും നേഴ്സുമാരും ദൈവത്തെ പോലെയാണെന്ന് സംസ്ഥാനത്ത് കൊറോണ രോഗം ഭേദമായ ഡെല്‍ ജീവനക്കാരന്റെ ഭാര്യ. ഭര്‍ത്താവിന് കൊറോണ രോഗം സ്ഥിരീകരിച്ചതോടെ പേടിപ്പെടുത്തുന്ന ദിനങ്ങളായിരുന്നു കടന്നുപോയതെന്ന് അവര്‍ പറഞ്ഞു. എത്രയും വേഗം ഭര്‍ത്താവ് വീട്ടിലേക്ക് തിരികെ എത്താന്‍ പ്രാര്‍ത്ഥിക്കുകയാണിപ്പോള്‍.
മാര്‍ച്ച് ആദ്യ ആഴ്ചയാണ് അദ്ദേഹം വിദേശത്തു നിന്ന് മടങ്ങി എത്തിയത്. കൊറോണയുടെ പശ്ചാത്തലത്തില്‍ വീട്ടില്‍ സ്വയം ഐസൊലേഷനില്‍ കഴിഞ്ഞു. തിരികെ വന്നതിന്റെ അടുത്ത ദിവസം ജലദോഷം അനുഭവപ്പെട്ടു. ഉടന്‍ തന്നെ ആരോഗ്യവകുപ്പിന്റെ ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിച്ചു. ഫോണ്‍ വിളിച്ചതിനു തൊട്ടുപിന്നാലെ ഒരു ആംബുലന്‍സ് എത്തി ഭര്‍ത്താവിനെ ആശുപത്രിയിലേക്ക് മാറ്റി. രാജീവ്ഗാന്ധി ആശുപത്രിയില്‍ ഐസൊലൈഷന്‍ സംവിധാനത്തിലേക്ക് ഭര്‍ത്താവിനെ മാറ്റി. ഡോക്ടര്‍മാരും നേഴ്സുമാരും മാത്രമായിരുന്നു അകത്തേക്ക് പ്രവേശിച്ചിരുന്നത്. പുസ്തക വായന ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം കുറച്ചു പുസ്തകങ്ങള്‍ എടുത്തിരുന്നെങ്കിലും അദ്ദേഹത്തിന് വായിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഭര്‍ത്താവിനു രോഗം സ്ഥിരീകരിച്ചതോടെ താനുള്‍പ്പെടെ വീട്ടിലുണ്ടായിരുന്ന മകന്, മകള്‍, ഭര്‍തൃമാതാവ് എല്ലാവും സ്വയം ഐസൊലേഷനില്‍ കഴിഞ്ഞു.
അത്യാവശ്യ സാധനങ്ങള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു വാങ്ങി. പണം അടച്ചു വാങ്ങിയിരുന്നതിനാല്‍ അവര്‍ ഗേറ്റില്‍വച്ചിട്ടു മടങ്ങും. തന്റെ സഹോദരന്റെ ഫാമിലി, അവര്‍ നേരിട്ട് ഞങ്ങളുടെ കുടുംബവുമായി സമ്പര്‍ക്കത്തില്‍പ്പെട്ടില്ലെങ്കില്‍ പോലും സ്വയം ഐസൊലേഷനില്‍ കഴിഞ്ഞു. പന്ത്രണ്ടാം ക്ലാസിലായിരുന്നു മകള്‍. പുറത്തേക്ക് പോകാന്‍ അനുവാദമില്ലാത്തതിനാല്‍ മകള്‍ക്ക് പിയുസി പരീക്ഷ എഴുതാന്‍ സാധിക്കില്ലന്ന് ഭയന്നു. പരീക്ഷ എഴുതാന്‍ പറ്റില്ലെന്ന വിഷമത്തില്‍ മകള്‍ മാനസികമായി തകര്‍ന്നു.
ഈസമയം ഞാന്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെട്ടു. അവര്‍ വീട്ടിലിരുന്ന് പരീക്ഷ എഴുതാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി തന്നു. അസുഖത്തെ നേരിടാന്‍ ഭര്‍ത്താവിനെ മാനസികമായി തയ്യാറാക്കാന്‍ ഒരു കൗണ്‍സിലറെ നിയോഗിച്ചു. എല്ലാ ദിവസവും ഭര്‍ത്താവിന്റെ ആരോഗ്യ നില കൗണ്‍സിലര്‍ ഫോണിലൂടെ തന്നെ അറിയിച്ചു. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു ഞങ്ങള്‍ ചിന്തിച്ചിരുന്നത്. പക്ഷെ അവര്‍ രാവും പകലും ഞങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. ഈ നിര്‍ണായക സമയത്ത് ഞങ്ങളുടെ കുടുംബത്തെ സഹായിച്ച സര്‍ക്കാര്‍ ദൈവത്തെ പോലെയാണെന്ന് അവര്‍ പറഞ്ഞു.
ഇതോടൊപ്പം ഡോക്ടര്‍മാരും നഴ്സുമാരുടെയും കഠിനാധ്വാനം വിലമതിക്കാനാവാകാത്തതാണ്. എല്ലാദിവസവും രാവിലെ ഭര്‍ത്താവിന്റെ പനി ഉയരുന്നു. ഡോക്ടരും നേഴ്സുമാരും അദ്ദേഹത്തിനൊപ്പം നിന്നു പരിചരിച്ചു. അദ്ദേഹം ജോലി ചെയ്ത ഐടി കമ്പനിയുടെ പിന്തുണയും ധൈര്യം തന്നു. സസ്യാഹാരിയും വീട്ടിലെ ഭക്ഷണവും ഇഷ്ടപ്പെട്ടിരുന്ന ഭര്‍ത്താവിന് ആശുപത്രിയില്‍ നിന്ന് നല്കുന്ന ഭക്ഷണത്തോട് താത്പര്യമില്ലായിരുന്നു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം വീട്ടില്‍ നിന്നും ഭക്ഷണം എത്തിക്കാനുള്ള അനുവാദം ഡോക്ടര്‍ നല്കി. മൂന്നു നേരെ ഭക്ഷണം ആശുപത്രിയില്‍ എത്തിക്കുന്നത് ഒരു ചോദ്യ ചിഹ്നമായി. വീട്ടിലെ മറ്റെല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവായിരുന്നെങ്കിലും പുറത്തേക്കു പോകാന്‍ അനുവാദം ഉണ്ടായിരുന്നില്ല.
ഇതോടെ അദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിയുമായി ബന്ധപ്പെട്ടു. അവര്‍ എല്ലാദിവസവും കാറയച്ചു. മൂന്നു നേരം ഭക്ഷണം തയ്യാറാക്കി ഗേറ്റില്‍കൊണ്ടു വയ്ക്കും. കാര്‍ ഡ്രൈവര്‍ അത് ആശുപത്രിയില്‍ എത്തിക്കും.
ക്വാറന്റൈന് സമയത്ത് വീട്ടില്‍ പാചകവും ശുചീകരണവും നടത്തി. മാര്‍ച്ച് 25ന് ക്വാറന്റൈന് പൂര്‍ത്തിയാകും. പക്ഷെ അടുത്ത 14 ദിവസം കൂടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.
ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സഹായം സര്‍ക്കാരില്‍ നിന്ന് ലഭിച്ചതില്‍ വളരെ സന്തോഷത്തിലാണ്. ഇപ്പോള്‍ ഭര്‍ത്താവിന് അസുഖം ഭേദമായി. തുടര്‍ പരിശോധന ഫലങ്ങളെല്ലാം നെഗറ്റിവായി അദ്ദേഹം എത്രയും വേഗം വീട്ടിലേക്ക് എത്തുമെന്ന് പ്രതീക്ഷയിലാണ് കുടുംബമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: