തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫ. ടി.ജെ. ജോസഫ് തീവ്രവാദികളാല്‍ ‘കൊല്ലപ്പെടുമെന്ന്’ ക്രൈസ്തവ സഭയ്‌ക്കറിയാമായിരുന്നോ? അതുകൊണ്ടാണോ കോളേജധികൃതര്‍ വിവാദ ചോദ്യപേപ്പര്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടി വൈകിച്ചത്? ചോദ്യപേപ്പര്‍ വിവാദത്തില്‍ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിനിരയായി വലതുകൈ മുറിച്ചുമാറ്റപ്പെട്ട് മൃതപ്രായനായി തീര്‍ന്ന്; ഭാഗ്യംകൊണ്ട് മരിക്കാതിരുന്ന പ്രൊഫ. ജോസഫ് ഈയിടെ പ്രസിദ്ധീകരിച്ച ‘അറ്റുപോകാത്ത ഓര്‍മകള്‍’ എന്ന ആത്മകഥയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
പ്രൊഫ. ജോസഫിനെ ആക്രമിക്കാനുള്ള ഗൂഢാലോചന 2010 മാര്‍ച്ച് 28ന് ആരംഭിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിനായുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കെ അവര്‍ കോതമംഗലം അരമനയിലേക്ക് ഇടയ്‌ക്കിടെ വിളിച്ചുകൊണ്ടിരുന്നു. സഭാധികാരികള്‍ക്ക് പ്രൊഫസറോടുള്ള നിലപാട് കൃത്യമായി മനസ്സിലാക്കുന്നതിനും, ആക്രമണമുണ്ടായാല്‍ നിലപാടെന്തായിരിക്കുമെന്ന് അറിയാനുമായിരുന്നു അന്വേഷണങ്ങള്‍. ഇത്തരം ഫോണ്‍ സംഭാഷണങ്ങളെക്കുറിച്ച് 2010 മെയ് 5ന് കോളജധികാരികള്‍ നല്‍കിയ മെമ്മോയ്‌ക്ക് മറുപടിയുമായി അരമനയില്‍ ചെന്ന പ്രൊഫസറോട് മാനേജര്‍ മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടി പറഞ്ഞത് ഇങ്ങനെ: മതാന്ധരാണെങ്കിലും തീവ്രവാദക്കാര്‍ക്കും ബുദ്ധിയുണ്ടല്ലോ.
”സൂത്രത്തില്‍ സഭയുടെയും മാനേജ്‌മെന്റിന്റെയും എന്നോടുള്ള നിലപാട് മനസ്സിലാക്കി. എന്നെ തള്ളിപ്പറയാതെ സഭാംഗമെന്ന നിലയില്‍ സംരക്ഷിക്കുമെന്ന് അധികാരികള്‍ പറഞ്ഞിരുന്നുവെങ്കില്‍ എന്നെ ആക്രമിക്കുവാന്‍ അവര്‍ ഒരിക്കലും ധൈര്യപ്പെടില്ലായിരുന്നു. എന്നെ ആക്രമിക്കുന്നതിനുള്ള മൗനാനുവാദം സഭാധികാരികളില്‍നിന്ന് കിട്ടിയതിനു ശേഷമാണ് ആക്രമണകാരികള്‍ തങ്ങളുടെ പദ്ധതി ഊര്‍ജ്ജസ്വലമാക്കിയത്.”
അവര്‍ കാത്തിരുന്നു
‘അറ്റുപോകാത്ത ഓര്‍മകളി’ല്‍ ജോസഫ് തുടരുന്നു: ”ആ നാളുകളില്‍ അരമനയില്‍ ചെല്ലുന്ന എന്നോട് ബിഷപ്പും മാനേജരും സൗഹൃദം ഭാവിച്ചത് കൊല്ലപ്പെടാന്‍ പോകുന്നവനോടുള്ള പരിഗണന വച്ചായിരുന്നുവെന്ന പരമാര്‍ത്ഥം വൈകിയാണെങ്കിലും ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. എന്നെ സസ്‌പെന്റ് ചെയ്തത് 2010 മാര്‍ച്ച് 26നാണ്. മൂന്നു മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് തീര്‍പ്പാക്കണമെന്നാണ് സര്‍വ്വകലാശാലാ നിയമം. അതിന്‍പടിയാണ് ജൂണ്‍ 15നു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശത്തോടെ മാനേജര്‍ എന്‍ക്വയറി ഓഫീസറെ നിയമിച്ചത്. എന്‍ക്വയറി ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും മാനേജര്‍ നടപടിയെടുക്കാന്‍ അമാന്തിച്ചു. കാരണം, എന്റെ നേരേയുണ്ടാകാന്‍ പോകുന്ന ആക്രമണം അവര്‍ ഉറപ്പിച്ചിരുന്നു. ജൂലൈ ഒന്നിന് ഇടവക വികാരി എന്നെ കാണാന്‍ വന്നത് എന്റെ നേരേ ‘ഫത്‌വ’ ഉണ്ടെന്ന അറിവു കിട്ടിയതുകൊണ്ടാണല്ലോ. ഇന്നല്ലെങ്കില്‍ നാളെ കൊല്ലപ്പെടാന്‍ പോകുന്നവനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട് വെറുതേ പഴി കേള്‍ക്കുന്നത് എന്തിനാണ്? അച്ചടക്ക നടപടികളില്‍ മൂന്നു മാസത്തിനകം തീര്‍പ്പു കല്‍പ്പിക്കണം എന്ന യൂണിവേഴ്‌സിറ്റി ചട്ടത്തെ മറികടന്ന് അവര്‍ കാത്തിരുന്നു.
”ആക്രമണം വൈകി മാനേജരും മറ്റും അക്ഷമരായിരിക്കുമ്പോഴാണ് ജൂലൈ 4ന് ആ ‘സദ്‌വാര്‍ത്ത’ അവരുടെ കാതിലെത്തുന്നത്. ‘അവര്‍ പണി പറ്റിച്ചു’ എന്നു വിചാരിച്ച് ഉടന്‍തന്നെ മാനേജര്‍ മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടി, മോണ്‍. ഫ്രാന്‍സിസ് ആലപ്പാട്ട്, ഫാ. ജോസഫ് കോയിത്താനത്ത്, ഫാ. കുര്യാക്കോസ് കൊടകല്ലില്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പോലീസ് മേധാവികളുമായി ചര്‍ച്ച നടത്തി. വീട്ടിലെത്തി എന്റെ അമ്മയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു. അധികം വൈകാതെ ബിഷപ്പ് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ ഭവന സന്ദര്‍ശനം നടത്തുമെന്ന് ഇടവക വികാരി. ഫാ. ജോര്‍ജ് പൊട്ടയ്‌ക്കല്‍ എന്റെ കുടുംബാംഗങ്ങളെ അറിയിച്ചു.
”മരിച്ചിട്ടില്ലെന്നു സൂചന കിട്ടിയതിനാലാവാം ബിഷപ്പ് തന്റെ ഉദ്ദ്യമം പിന്നീട് വേണ്ടെന്നു വച്ചു. ആക്രമണത്തെ മുസ്ലിം സംഘടനകള്‍പോലും അപലപിച്ചു. എന്നാല്‍ സഭാധികാരികള്‍ മൗനം ഭജിച്ചു. തൊട്ടടുത്ത ദിവസം മൂവാറ്റുപുഴ നിര്‍മല കോളേജില്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികളുടെ കമ്മിറ്റി യോഗത്തില്‍ ആക്രമണത്തില്‍ പ്രതിഷേധിക്കേണ്ടതിന്റെ ആവശ്യകത ചിലര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അവിടെ സന്നിഹിതനായിരുന്ന മാനേജര്‍ മോണ്‍. തോമസ് മലേക്കുടി വളരെ ഉദാസീനമായിട്ടാണ് അതിനോട് പ്രതികരിച്ചത്. ”മരിച്ചുപോയെങ്കില്‍ കുഴപ്പമില്ലായിരുന്നു” എന്ന് അദ്ദേഹം തന്റെ മനോഗതം അപ്പോള്‍ വെളിപ്പെടുത്തുകയും ചെയ്തു.
”എന്റെ നേരേ നടന്ന ആക്രമണം പ്രതീക്ഷിച്ചത്ര ഫലിക്കാതെ പോയതാണ് സഭാധികാരികളെ കൂടുതലായി വലച്ചത്. അതുകൊണ്ടല്ലേ എന്നെ പിരിച്ചുവിട്ടിട്ട് മാലോകരുടെ പഴി കേള്‍ക്കേണ്ടി വന്നത്. സഭാധികാരികളുടെ ആ അസന്തുഷ്ടിയാണ് അന്ന് ന്യൂമാന്‍ കോളേജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ഫാദര്‍ നോബിള്‍ പാറയ്‌ക്കല്‍ മംഗളം ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ മറയില്ലാതെ പ്രതിഫലിച്ചത്. അന്ന് ബ്രദര്‍ മാത്രമായിരുന്ന നോബിള്‍ കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടിലിന്റെ നിര്‍ദ്ദേശപ്രകാരം എഴുതിയ ലേഖനത്തിന്റെ ശീര്‍ഷകംതന്നെ ‘വിവേകമില്ലാത്ത തലകള്‍ മുറിച്ചുമാറ്റപ്പെടട്ടെ’ എന്നായിരുന്നു.”
പ്രൊഫസര്‍ക്ക് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് മുന്‍ ഡിജിപി സിബി മാത്യൂസിന്റെ ‘നിര്‍ഭയം’ എന്ന ആത്മകഥയിലും വിവരിക്കുന്നുണ്ട്. മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാന്‍ കോതമംഗലം ബിഷപ്പും കോളേജ് മാനേജ്‌മെന്റും പ്രതികാര ബുദ്ധിയോടെയാണ് നടപടികള്‍ സ്വീകരിച്ചത്. ഒരു കന്യാസ്ത്രീയുടെ സഹോദരനായിട്ടു കൂടി ക്രൈസ്തവ സഭ ഒറ്റപ്പെടുത്തിയതാണ് ആക്രമണത്തിന് വഴിതെളിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
വിവാദ ചോദ്യപേപ്പര്‍
ബികോം ഇന്റേണല്‍ മലയാളം പരീക്ഷയ്‌ക്ക് ചിഹ്നങ്ങള്‍(കുത്തും കോമയും) ഇടുന്നതിനായിട്ടാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. മാര്‍ച്ച് 23ന് രാവിലെ 11 മുതല്‍ 1.30 വരെ നടന്ന പരീക്ഷയില്‍ കേവലം 32 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഈ ചോദ്യപേപ്പര്‍ തയ്യാറാക്കിയത് പി.ടി. കുഞ്ഞുമുഹമ്മദിന്റെ തിരക്കഥയെ ആസ്പദമാക്കിയാണ്. തെറ്റു തിരുത്തുക എന്ന തലക്കെട്ടില്‍ പാഠഭാഗത്തിന് അനുസൃതമായി ചിഹ്നങ്ങള്‍ നല്‍കലാണ് ഇതിലുള്ളത്. പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഗര്‍ഷോം എന്ന സിനിമയിലും ഈ സംസാര ശകലമുണ്ട്. ഭ്രാന്തനും ദൈവവും തമ്മിലുള്ള സംഭാഷണം പി.ടി. കുഞ്ഞുമുഹമ്മദിനെ അനുസ്മരിപ്പിക്കുമാറ് മുഹമ്മദ് എന്ന പേര് നല്‍കിയതാണ് വിവാദമായത്. ക്ലാസിലെ ഒരു മുസ്ലിം വിദ്യാര്‍ത്ഥിനി ഈ ഭാഗം ചേട്ടന്‍-അനിയന്‍ സംസാരമെന്ന നിലയിലാണ് ഉത്തരം എഴുതിയതെന്നും മാര്‍ക്ക് നല്‍കുമോയെന്നും പ്രൊഫസറോട് ചോദിക്കുന്നുണ്ട്. ചിഹ്നം ശരിയാണെങ്കില്‍ പൂര്‍ണ മാര്‍ക്ക് തന്നെ നല്‍കുമെന്ന് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ പ്രശ്‌നം വിവാദമാകുന്നത് രണ്ട് ദിവസം കഴിഞ്ഞ് മാര്‍ച്ച് 25ന് ഒരു ചാനല്‍ ഈ പ്രശ്‌നം കുത്തിപ്പൊക്കിയതോടെയാണ്. അവര്‍ ഇതിനെ വര്‍ഗ്ഗീയവല്‍ക്കരിക്കുകയും, മറ്റൊരു തലത്തിലാക്കുകയും ചെയ്തു. അങ്ങനെയാണ് ചെറിയ ഒരു ചോദ്യപേപ്പര്‍ വലിയൊരു പ്രശ്‌നത്തിന് ഹേതുവാകുന്നത്.
ആക്രമണം ഇങ്ങനെ
കോളേജ് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം ഒളിവില്‍ പോയെങ്കിലും അവര്‍ പ്രൊഫസറെ തള്ളിപ്പറയുകയായിരുന്നു. പോലീസ് മതനിന്ദാ കുറ്റം ചുമത്തി സ്വമേധയ കേസ് എടുക്കുകയും, പ്രൊഫസറെ കിട്ടാഞ്ഞ് മകന്‍ മിഥുനെ ക്രൂരമായി പീഡിപ്പിച്ച് മൂന്നാം മുറയ്‌ക്ക് വിധേയനാക്കുകയും ചെയ്തു. പോലീസിന് കീഴടങ്ങി ജയിലിലാവുകയും, ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തതോടെയാണ് പ്രൊഫസറെ തീവ്രവാദികള്‍ വേട്ടയാടുന്നത്. 2010 ജൂലൈ നാലിന് രാവിലെ പള്ളിയില്‍ പോയി തിരിച്ചുവരുമ്പോള്‍ മൂവാറ്റുപുഴയിലെ വീടിന് സമീപം ഓമ്‌നി വാനിലെത്തിയ അക്രമി സംഘം കാര്‍ തടഞ്ഞു നിര്‍ത്തി കോടാലി കൊണ്ട് അദ്ദേഹത്തിന്റെ വലതുകൈ വെട്ടി മാറ്റുകയായിരുന്നു. കൂടെയുണ്ടായിരുന്ന കന്യാസ്ത്രീയായ സഹോദരിയെയും അവര്‍ ഉപദ്രവിച്ചു. കുതികാലിനും മറ്റും നിരവധി വെട്ടുകളേറ്റു മരിച്ചുവെന്ന് വിചാരിച്ച് ഉപേക്ഷിച്ച് പോവുകയായിരുന്നു. എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെ നീണ്ടകാലത്തെ ചികിത്സയ്‌ക്കുശേഷം അസാമാന്യ മനസ്സാന്നിദ്ധ്യത്തിലായിരുന്നു തിരിച്ചുവരവ്.
അഴീക്കോടും ഡ്രാഫ്റ്റും
മുംബൈയിലെ സാമൂഹ്യ പ്രവര്‍ത്തകനായ സി. ആന്റണി ലൂയിസ് എന്ന മലയാളി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ വന്ന ഇ.പി. ഉണ്ണിയുടെ ലേഖനം വായിച്ച് പ്രൊഫസറോട് അനുഭാവം തോന്നിയിട്ട് ‘മഹാരാഷ്‌ട്ര ലിറ്റിജന്റ്‌സ് അസോസിയേഷന്‍’ എന്ന അവരുടെ സംഘടന സൗജന്യ നിയമ സഹായം ലഭ്യമാക്കാമെന്ന് അറിയിച്ച് ഒരു കത്തെഴുതി. കത്തിനോടൊപ്പം അയ്യായിരം രൂപയുടെ ഡ്രാഫ്റ്റും ഉണ്ടായിരുന്നു. പ്രൊഫസറുടെ കൃത്യമായ അഡ്രസ്സ് അറിയാത്തതുകൊണ്ട് ആ കത്തും ഡ്രാഫ്റ്റും ഡോ. സുകുമാര്‍ അഴീക്കോടിന് അയച്ചിട്ട് പ്രൊഫ. ജോസഫിന്റെ അഡ്രസ്സില്‍ അയച്ചുകൊടുക്കാനും അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ അഴീക്കോട് തനിക്ക് അതിനൊന്നും തരപ്പെടില്ലെന്നു പറഞ്ഞ് അവര്‍ക്ക് മറുപടി എഴുതി. ലഭിച്ച കത്തും ഡ്രാഫ്റ്റും കീറിക്കളഞ്ഞതായി അറിയിക്കുകയും ചെയ്തു. ചെക്കുപോലെയുള്ളതാണ് ഡ്രാഫ്റ്റ് എന്ന് ആ മഹാപണ്ഡിതന്‍ വിചാരിച്ചുകാണും. ഇക്കഥയെല്ലാം വിവരിച്ച് ആന്റണി ലൂയിസിന്റെ കത്തും, ശരാശരി മനുഷ്യന്റെ മാന്യത പുലര്‍ത്താതിരുന്നതില്‍ പരിഭവം അറിയിച്ച് ആന്റണി ലൂയിസ് സുകുമാര്‍ അഴീക്കോടിന് അയച്ച കത്തിന്റെ കോപ്പിയും പ്രൊഫസര്‍ക്ക് പിന്നീട് അയച്ചുകൊടുത്തു.
കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ ഉഴവൂര്‍ വിജയന്‍ പ്രൊഫസറെ സന്ദര്‍ശിച്ചതിനുശേഷം കോതമംഗലം ബിഷപ്പ് ഹൗസില്‍ പോയി മാനേജര്‍ മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടിയെ കണ്ട് ഇപ്രകാരം ചോദിച്ചുവത്രേ, വികലാംഗരായവര്‍ക്ക് ഉപജീവനത്തിനായി തൊഴിലവസരങ്ങളില്‍ ”വികലാംഗ സംവരണം നല്‍കി അവരുടെ പുനരധിവാസം ഉറപ്പുവരുത്താന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്നിരിക്കേ, തിന്മയുടെ ശക്തികള്‍ വികലാംഗനാക്കിയ ഒരാളെ നിലവിലുണ്ടായിരുന്ന തൊഴിലില്‍നിന്ന് നീക്കം ചെയ്തത് ധാര്‍മികമാണോ?” പക്ഷേ മറുപടി ഉണ്ടായില്ല.
എന്‍ഐഎ അട്ടിമറി
പ്രൊഫ. ജോസഫിന് നേരേ നടന്നത് തീവ്രവാദ ആക്രമണമായതിനാല്‍ കേസ് അന്വേഷണം എന്‍ഐഎക്ക് വിട്ടിരുന്നു. ഹൈദരാബാദുകാരനായ ഒരു മുസ്ലിം ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതല. വിവാദ ചോദ്യ പേപ്പര്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇദ്ദേഹത്തോട് പ്രൊഫസര്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ സ്‌കൂള്‍ മാനേജരെയും മറ്റും കണ്ടശേഷം വളരെ രൂക്ഷമായിട്ടാണ് പ്രൊഫസറോട് ഈ എന്‍ഐഎ ഉദ്യോഗസ്ഥന്‍ പെറുമാറിയത്. ” പ്രവാചകനെ നിന്ദിച്ച താങ്കളുടെ പ്രവൃത്തി ഒരു മുസ്ലിം എന്ന നിലയില്‍ എനിക്ക് സഹിക്കാനാവില്ല. എന്നിരുന്നാലും അത് എന്റെ ഡ്യൂട്ടിയെ ബാധിക്കില്ല.” മുസ്ലിം വികാരം ഡ്യൂട്ടിയെ ബാധിക്കില്ലെന്ന് പറഞ്ഞെങ്കിലും അത് പാലിക്കപ്പെട്ടില്ല. മൊഴി രേഖപ്പെടുത്തിയപ്പോള്‍ സീക്വന്‍സുകളില്‍ (സംഭവഗതി) മനഃപൂര്‍വ്വം വ്യത്യാസം വരുത്തി രക്ഷപ്പെടുവാനുള്ള പഴുതുണ്ടാക്കുകയും ചെയ്തു. പിന്നീട് ഇയാളെ മാറ്റി മറ്റൊരു മുസ്ലിം ഉദ്യോഗസ്ഥനെ ചുമതല ഏല്‍പ്പിച്ചെങ്കിലും അന്വേഷണം ഊര്‍ജ്ജസ്വലമായിരുന്നില്ല. ഒഴിവ് ജീവിതം മടുത്ത് കീഴടങ്ങാന്‍ വന്നവരെ മാത്രമേ അവര്‍ സ്വീകരിച്ചിരുന്നുള്ളൂ.
ആക്രമണ വിവരം പോലീസ് ലോഗ്ബുക്കില്‍ തെറ്റായി രേഖപ്പെടുത്തിയതിലും ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. ഇതുയര്‍ത്തിപ്പിടിച്ചാണ് പ്രതിഭാഗം വക്കീല്‍ കേസ് വാദിച്ചത്. സാക്ഷിമൊഴികളില്‍ വൈരുദ്ധ്യം ഉണ്ടാക്കുവാന്‍ ആദ്യം കേസന്വേഷിച്ച എന്‍ഐഎ ഉദ്യോഗസ്ഥന്‍ ശ്രമിച്ചതും പ്രതിഭാഗത്തിന് ഗുണകരമായി. എന്‍ഐഎയുടെ ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രൊഫസര്‍ നല്‍കിയ മൊഴി അട്ടിമറിച്ച് എഴുതിയത് പ്രതിഭാഗം വക്കീല്‍ വായിച്ചു കേള്‍പ്പിച്ചു. പകുതി തെറ്റും പകുതി ശരിയുമായ മൊഴിയായിരുന്നു അത്. ഇത്തരത്തില്‍ മൊഴി കൊടുത്തിട്ടുണ്ടോയെന്ന ചോദ്യത്തിനും ആദ്യം കൊടുത്തിട്ടില്ലെന്നും, പിന്നീട് കൊടുത്തിട്ടുണ്ടെന്നും പറഞ്ഞതോടെ ജഡ്ജി ക്രൂദ്ധനായി. ”ഇയാളെ റിമാന്‍ഡ് ചെയ്ത് സബ്ജയിലിലേക്ക് വിടും. അവിടെ ഒരാഴ്ച റെസ്റ്റെടുത്തിട്ടു മതിയാകും അടുത്ത വിസ്താരം.” ജഡ്ജിയുടെ പ്രതികരണം പ്രൊഫസറെ ഏറെ വേദനിപ്പിച്ചതായിരുന്നു. ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കാമെന്ന് ഐബി ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും പ്രൊഫസര്‍ തയ്യാറായില്ല.
സലോമിയുടെ മരണം
വിവാദ ചോദ്യപേപ്പറിന്റെ പേരില്‍ പോലീസ് സ്വമേധയാ മതനിന്ദ കുറ്റം ചുമത്തി പ്രൊഫ. ജോസഫിനെതിരെ കേസെടുത്തിരുന്നു. 2013 നവംബര്‍ 13ന് ഈ കേസ് കോടതി തള്ളി. വിവേക പൂര്‍ണമായ ഒരു വായനാശീലം ഉണ്ടാകേണ്ടതിന്റെ ആവശ്യം സുപ്രീംകോടതി വിധി ഉദ്ധരിച്ചുകൊണ്ട് കോടതി ഉദ്‌ബോധിപ്പിച്ചു. കേസ് കോടതി തള്ളിയെങ്കിലും ജോലിയില്‍ തിരിച്ചെടുക്കാന്‍ അപ്പോഴും സഭാ നേതൃത്വം തയ്യാറായില്ല. കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ പ്രൊഫ. ജോസഫിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നിവേദനം സമര്‍പ്പിക്കാന്‍ എത്തിയ നിര്‍മല കോളജിലെയും ന്യൂമാന്‍ കോളജിലെയും പ്രൊഫസര്‍മാരെയും അധ്യാപകരെയും കോളജ് രക്ഷാധികാരിയായ ബിഷപ്പ് ശകാരിക്കുകയായിരുന്നു.
ജോലിയില്‍ തിരിച്ചെടുക്കില്ലെന്ന് മനസ്സിലായതോടെ പ്രൊഫസറും ഭാര്യ സലോമിയും മാനസികമായി ഏറെ തകര്‍ന്നിരുന്നു. നാലുവര്‍ഷം വാടിനിന്നിട്ട് വീണ്ടും തളിരണിഞ്ഞ ആശാ സങ്കല്‍പങ്ങളെ ഇടിത്തീ എന്നവണ്ണമാണ് കോളേജ് മാനേജ്‌മെന്റിന്റെ വഞ്ചന കരിച്ചുകളഞ്ഞത്. അത്രയും കാലം അചഞ്ചലയായി നിന്ന സലോമിക്ക് അതുകൂടി താങ്ങാന്‍ കെല്‍പ്പുണ്ടായിരുന്നില്ല.
2014 മാര്‍ച്ച് 19ന് രാവിലെ ആശുപത്രിയില്‍ പോയി ഉച്ചയ്‌ക്ക് തിരിച്ചുവന്നു. ഭക്ഷണത്തിന് ശേഷം വിശ്രമിക്കാനായി പോയ സലോമി ബാത്ത് റൂമിന്റെ ടവല്‍ റാഡില്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന തോര്‍ത്ത് കഴുത്തില്‍ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ സഭ കാണിച്ച ക്രൂരതയുടെ രക്തസാക്ഷിയാണ് സലോമി.
സലോമി മരിച്ചതോടെ പ്രൊഫ. ജോസഫിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാത്തതിനെതിരെ സഭയ്‌ക്കെതിരെ ജനരോഷം ഉയര്‍ന്നു. ഇതോടെ പ്രതിരോധത്തിലായ സഭ മാര്‍ച്ച് 24ന് ബിഷപ്പ് ഹൗസില്‍ എത്താന്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 31നാണ് ജോസഫ് സര്‍വ്വീസില്‍ നിന്നു വിരമിക്കേണ്ട ദിവസം. 28ന് ജോലിയില്‍ പ്രവേശിക്കാമെന്നും 27ന് ഉത്തരവ് വീട്ടിലെത്തിക്കാമെന്നും രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ. കുര്യാക്കോസ് കൊടകല്ലില്‍ പറഞ്ഞു. 29, 30 ശനി, ഞായര്‍ അവധി ദിവസങ്ങളാണ്. 31ന് വിരമിക്കുകയും ചെയ്യാം. മാനേജ്‌മെന്റിനെതിരെ കേസൊന്നും കൊടുക്കരുതെന്നും കോളേജ് മാനേജര്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സീസ് ആലപ്പാട്ട് ആവശ്യപ്പെട്ടു. മാനേജ്‌മെന്റിനെ മോശമാക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കരുതെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചു. 27ന് സന്ധ്യയായിട്ടും നിയമന ഉത്തരവ് ലഭിച്ചില്ല. രാത്രി 8 മണിക്കാണ് അറ്റന്‍ഡര്‍ നിയമന ഉത്തരവുമായി എത്തുന്നത്. അപ്പോള്‍ കൊടുത്താല്‍ മതിയെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നതായി അറ്റന്‍ഡര്‍ പറഞ്ഞു. കോളജില്‍ തിരിച്ചെത്തിയ ദിവസം കോളേജിന് അവധി നല്‍കി വിദ്യാര്‍ത്ഥികളെ കാണാനുള്ള അവസരവും ഇല്ലാതാക്കി.
മതേതരത്വം എവിടെ?
പ്രൊഫ. ജോസഫിന് നേരേ നടന്ന ആക്രമണത്തിന് പത്ത് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കേരളം കൂടുതല്‍ കലുഷിതമായെന്നാണ് അദ്ദേഹം പറയുന്നത്. ഇവിടെ മതേതരത്വം ഉണ്ടോയെന്നാണ് പ്രൊഫസര്‍ ചോദിക്കുന്നത്. ഡോ. സക്കീര്‍ ഹുസൈന്‍ ഇന്ത്യയുടെ രാഷ്‌ട്രപതിയായതിന് ശേഷം പത്രപ്രവര്‍ത്തകര്‍ക്ക് ഒരു വിരുന്ന് നല്‍കുകയുണ്ടായി. അന്ന് മലയാളിയായ ഒരു യുവ പത്രപ്രവര്‍ത്തകന്‍ ഒരു പ്രസ്താവന നടത്തി. ഇപ്പോഴാണ് നമ്മുടെ മതേതരത്വം സഫലമായത്. ഹിന്ദു ഭൂരിപക്ഷ രാജ്യത്ത് മുസ്ലിം സമുദായാംഗം രാഷ്‌ട്രപതിയായിരിക്കുന്നു. മതേതരത്വത്തിന് ഉത്തമ ഉദാഹരണമാണിത്. അപ്പോള്‍ ഒന്ന് ചിരിച്ചുകൊണ്ട് ഡോ. സക്കീര്‍ ഹുസൈന്‍ പറഞ്ഞു, എന്റെ മതമേതാണെന്ന് താങ്കളറിയാതിരിക്കുമ്പോഴാണ് മതേതരത്വം സഫലമാകുന്നത്. മതേതര സമൂഹത്തില്‍ ഒരു പ്രൊഫസറുടെ അനുഭവം ഇതാണെങ്കില്‍ സാധാരണക്കാരുടെ അനുഭവം എന്തായിരിക്കുമെന്നും ജോസഫ് ചോദിക്കുന്നു.
ഇടതുപക്ഷക്കാരനായി സഭ പ്രൊഫസറെ ആക്ഷേപിച്ചുകൊണ്ട് ലേഖനം എഴുതി. എന്നാല്‍ സഭയുടെ ആവശ്യപ്രകാരമായിരുന്നു ഇടത് അധ്യാപക സംഘടനയായ എകെപിസിടിഎയില്‍ ചേര്‍ന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 1992ല്‍ മുരിക്കാശ്ശേരി പാവനാത്മ കോളജില്‍ പരീക്ഷാ വാല്യുവേഷനില്‍ നടന്ന ക്രമക്കേടുമൂലം കോളജിനെ പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് ഒഴിവാക്കി. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധംമൂലം സഭാ നേതൃത്വം മന്ത്രിയുടെയും ഇടതു നേതൃത്വത്തിന്റെയും കാലുപിടിച്ചു. പരീക്ഷാ സെന്റര്‍ പുനഃസ്ഥാപിച്ചുകിട്ടാന്‍ അവിടെ ഇടത് അധ്യാപകസംഘടന രൂപീകരിക്കണമെന്നായിരുന്നു സര്‍വകലാശാലയിലെ ഇടത് സിന്‍ഡിക്കേറ്റംഗങ്ങള്‍ ആവശ്യപ്പെട്ടത്. അങ്ങനെയാണ് എകെപിസിടിഎ എന്ന പ്രൈവറ്റ് കോളേജ് അധ്യാപകരുടെ സംഘടനയില്‍ അംഗമാവുന്നത്. പരീക്ഷാകേന്ദ്രം പുനഃസ്ഥാപിച്ച് കിട്ടിയിട്ടും സംഘടനയില്‍ തുടര്‍ന്നുവെന്ന് മാത്രം. കൈവെട്ട് കേസുണ്ടായപ്പോള്‍ ഈ അധ്യാപക സംഘടന ശക്തമായ നിലപാട് സ്വീകരിച്ചില്ല. അവര്‍ക്ക് അധികാരത്തില്‍ കയറാന്‍ തന്റെ ഒരു വോട്ട് പോരല്ലോ, ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തേണ്ടി വരും. അതില്‍ ദുഃഖമില്ല. ആക്രമണം ഉണ്ടായ ശേഷം നിയമസഭയില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി വിശേഷിപ്പിച്ചത് ‘മണ്ടന്‍’ എന്നായിരുന്നുവെന്നും പ്രൊഫസര്‍ ഓര്‍ക്കുന്നു.
തന്റെ പേര് ബഷീറെന്നോ മറ്റോ ആയിരുന്നെങ്കില്‍ ഒരിക്കലും തനിക്ക് നേരേ ആക്രമണമുണ്ടാവുമായിരുന്നില്ലെന്നും മതനിന്ദ കുറ്റം ചുമത്തി ജയിലിലടയ്‌ക്കുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. തന്റെ മതം സാഹിത്യമാണ്. എല്ലാ മതഗ്രന്ഥങ്ങളും സാഹിത്യകൃതികളാണ്. തെരുവില്‍ യാചകന്‍ പറയുന്ന ഒരുവാക്ക് മനുഷ്യ നന്മയ്‌ക്ക് ഉതകുന്നതാണെങ്കില്‍ അതിനെയും ദൈവവചനമായി കണക്കാക്കും. യേശുവും ശ്രീകൃഷ്ണനും മുഹമ്മദ് നബിയുമെല്ലാം തനിക്ക് ഗുരുക്കന്മാരാണെന്നും അദ്ദേഹം പറയുന്നു. പീഡാനുഭവങ്ങളുടെ പത്ത് വര്‍ഷങ്ങള്‍ പിന്നിട്ടുള്ള ഉയിര്‍പ്പിലാണ് പ്രൊഫ. ജോസഫ്. അപ്പോഴും കേരളത്തിന്റെ മതേതര സമൂഹം അദ്ദേഹത്തിന് നീതി നല്‍കിയോ എന്ന ചോദ്യം അവശേഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: