നിര്‍ഭയ കേസില്‍ അവസാനം വിധി നടപ്പാക്കുകയും നാലു ചെറുപ്പക്കാര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ കോടതിയുടെ അന്തിമ വിധിയും രാഷ്ട്രതലവന്റെ ദയാഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവും ബഹുമാനിക്കാനും ആദരിക്കാനും ഈ രാജ്യത്തെ ജനങ്ങള്‍ ബാധ്യസ്ഥരാണ്.
പക്ഷേ നിര്‍ഭാഗ്യകരമായ ഈ കൊലപാതകത്തില്‍നിന്ന് അതിലും നിര്‍ഭാഗ്യകരമായ പല സംഭവവികാസങ്ങളും ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്. ഇത് നമ്മുടെ നിയമവ്യവസ്ഥയ്ക്ക് അത്ര ഭൂഷണമല്ല. രാജ്യതലസ്ഥാനത്ത് നടന്ന സംഭവമായതുകൊണ്ട് കൂടുതല്‍ മാധ്യമ ശ്രദ്ധ ലഭിക്കുകയും സംഭവത്തെ സംബന്ധിച്ച് പ്രക്ഷോഭങ്ങള്‍ രാഷ്ട്രപതിഭവന്റെ സമീപ പ്രദേശങ്ങള്‍ വരെ എത്തിക്കുകയും ചെയ്തു. ചുരുക്കത്തില്‍ ആള്‍ക്കൂട്ട നീതി നടപ്പാക്കാനുള്ള ശ്രമം ആദ്യം മുതലേ പ്രകടമായിരുന്നു. ഒരു ചെറിയ തോതിലെങ്കിലും കോടതികളേയും ഇത് സ്വാധീനിച്ചിട്ടുണ്ടായിരിക്കാം.
അത്യന്തം ക്രൂരമായ ഒരു കൊലപാതകമാണ് നടന്നത് എന്നത് അവിതര്‍ക്കിതമാണ്. പക്ഷേ നമ്മുടെ സുപ്രീംകോടതി ദീര്‍ഘകാലമായി ആവിഷ്കരിച്ച അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന തത്ത്വം ഈ കേസില്‍ പ്രാബല്യത്തില്‍ വരുത്താമോയെന്നത് നിയമവൃത്തങ്ങളില്‍ ഇന്നും ചര്‍ച്ചാ വിഷയമാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയോട് പ്രതികള്‍ക്ക് മുന്‍ വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല. ആകസ്മികമായി പ്രതികളുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന വാഹനത്തില്‍ സുഹൃത്തിനൊപ്പം കയറി അവിടെ വാക്ക് തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ക്ഷുഭിതരായ പ്രതികള്‍ പെണ്‍കുട്ടിയോട് അതിക്രൂരമായി പെരുമാറുകയും കൂട്ട ബലാത്സംഗമടക്കം ചെയ്യുകയുമായിരുന്നു. ഇതൊന്നും മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നില്ല. പെട്ടെന്ന് ഉണ്ടായ ക്രോധത്തില്‍ നടത്തിയ നിഷ്ഠൂരം എന്നു തന്നെ വിളിക്കാവുന്ന കൊലപാതകം.
നിയമവശം എന്തുതന്നെ ആയാലും പ്രതികള്‍ക്ക് നിരപരാധിത്വം തെളിയിക്കാനുള്ള എല്ലാ അവസരങ്ങളും നല്കി. പലതവണ ദയാഹര്‍ജികൊടുക്കാനുള്ള അവസരവും അവര്‍ തന്നെ സൃഷ്ടിച്ചെടുത്തു. എന്നിട്ടും നിയമത്തിന്റെ നീണ്ടകരങ്ങള്‍ കുറ്റക്കാരിലേക്ക് എത്തുകയും അവര്‍ക്ക് നിയമം നല്കുന്ന ഏറ്റവും വലിയശിക്ഷ നടപ്പാക്കുകയും ചെയ്തു. കാലതാമസം ഉണ്ടായാലും ഹീനമായ ഒരു കൊലപാതകത്തിന് തക്കതായ ശിക്ഷനല്കി പരിസമാപ്തി ഉണ്ടായെന്നുള്ളത് ആശ്വാസകരമാണ്.
പക്ഷെ പതിവില്ലാത്ത വിധം വധശിക്ഷ നടപ്പാക്കുന്നത് ആഘോഷിക്കുന്ന ആക്ഷേപകരവും അപലപനീയവുമായ കാഴ്ചയാണ് രാജ്യം കണ്ടത്ത്. കാണ്‍പൂരിലും ദല്‍ഹിയിലും മധുരപലഹാര വിതരണം ഉണ്ടായി. പരസ്പരം ആശ്ലേഷിച്ചും ആര്‍പ്പുവിളിച്ചും വധശിക്ഷ ആഘോഷമാക്കിമാറ്റി. ഇത് രാജ്യം ഇന്നുവരെ കാണാത്ത കാഴ്ചയാണ്. നമ്മുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും നിരക്കാത്തതുമാണ്. പ്രാകൃതമായ പ്രതികാര മനോഭാവമാണ് ഈ ആഘോഷങ്ങളിലൂടെ പെണ്‍കുട്ടിയുടെ ബന്ധുക്കളടക്കം പ്രകടിപ്പിച്ചത്. തികച്ചും ആനൗചിത്യമായ ഇത്തരം പ്രകടനങ്ങള്‍ ഇതിനുമുമ്പ് ഈ രാജ്യത്ത് ഉണ്ടായിട്ടില്ല. ബില്ലാരംഗമാര്‍ കൊലപ്പെടുത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളോ ധനജ്ഞയ ചാറ്റര്‍ജി ദാരുണമായി കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കളോ ഈ രീതിയില്‍ പ്രതികരിച്ചിട്ടില്ല. അവരുടെ ദുഃഖവും താങ്ങാന്‍ കഴിയാത്തത് തന്നെയാണ.് ഇത്തരം രീതിയില്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.
നിയമം നടപ്പായതില്‍ നമ്മുക്ക് സന്തോഷിക്കാം. പക്ഷെ നടപ്പാക്കുന്നത് നീതിക്ക് അനുയുക്തമായ രീതിയിലാണെന്ന് കൂടി ഉറപ്പ് വരുത്തേണ്ട ബാധ്യത ഒരു സംസ്കാര സമ്പന്നമായ രാജ്യത്തിന് ഉണ്ട്. അതിലെ ജനങ്ങള്‍ക്കുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: